കേരളത്തിൽ അങ്ങോളമിങ്ങോളം മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ട് എന്നാണു ഇപ്പോൾ സംസ്ഥാനസർക്കാരിൻ്റെ പുതിയ ഗവേഷണപ്രബന്ധങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരം. മാവോയിസ്റ്റുകൾ അപകടകാരികളാണെന്നും അവരെ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ സി പി എമ്മിൻ്റെ അടിത്തറ തകരുമെന്നുമൊക്കെയാണു ഈയിടെയായി സംസ്ഥാന കമ്മിറ്റിയിലെ ചില പ്രമുഖരുടെ കണ്ടെത്തലുകൾ. സി പി എമ്മിൻ്റെ നയവൈകല്യം കൊണ്ടുതന്നെ അത് സംഭവിക്കുമെന്നതിൻ്റെ തെളിവുകളാണു അവരുടെ ദൈനം ദിനപ്രവർത്തനങ്ങളിലൂടെ തിരിച്ചറിയാൻ കഴിയുന്നത്

മാവോയിസ്റ്റുകളെന്ന് തെളിഞ്ഞു കഴിഞ്ഞെങ്കിൽ പ്രതികളെന്ന് തെളിഞ്ഞുകഴിഞ്ഞ രണ്ട് പേരെ എൻ ഐ എക്ക് കൈമാറുന്ന സ്വാഭാവികപ്രക്രിയയാണു ഇപ്പോൾ നടന്നതെന്നാണു പോലീസിൻ്റെ ഭാഗത്തുനിന്നുള്ള സമീപനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. മാധ്യമപ്രവർത്തകരുടെ ഏതെങ്കിലും ഒരു യു എ പി എ കേസിൻ്റെ ചരിത്രത്തിൽ ഇതേവരെ പ്രത്യേക താല്പര്യത്തിൽ ഒരു കേസ് എടുത്തിട്ടുണ്ടെങ്കിൽ അത് അലൻ്റെയും താഹയുടെയും കേസാണു.

തീവ്രവാദസംഘടനാപ്രവർത്തകർ രാജ്യദ്രോഹികളാണു എന്നാണല്ലോ സംഘപരിവാർ ഉൾപ്പെടെയുള്ള രാഷ്ട്രീയസംഘടനകളുടെ നിലപാട്. സമാനമായ നിലപാട് തന്നെയാണു ഇവിടെ മാവോയിസ്റ്റുകൾക്കെതിരെ ആയാലും ചില മുസ്ലിം സംഘടനകൾക്കെതിരെയായാലും സി പി എമ്മിൻ്റെ നിലപാട്. അതായത് സംഘപരിവാരങ്ങളും കേരളത്തിലെ സി പി എമ്മും അങ്ങേയറ്റം ദേശീയത നിറഞ്ഞു തുളുമ്പുന്ന രണ്ട് പ്രസ്ഥാനങ്ങളാണെന്ന് ചില സമീപനങ്ങളിൽ നിന്നും മനസ്സിലാക്കാനാകും. എന്തേ വളരെ പെട്ടെന്ന് സംഘപരിവാറിനേക്കാൾ വലിയ ദേശസ്നേഹം സി പി എമ്മിനാണെന്ന് തോന്നുംവിധമുള്ള പ്രവർത്തനങ്ങളാണു ഇപ്പോൾ കേരളത്തിൽ നിന്നുള്ള സി പി എമ്മിൽ നിന്നും ഉണ്ടാകുന്നത്.

കേരളത്തിൽ ഇന്ന് സി പി എം സ്വീകരിച്ചിരിക്കുന്ന നിലപാട് ദേശീയതലത്തിലുള്ള നയങ്ങളിൽ നിന്നും വ്യത്യസ്തമാണു. മാവോയിസ്റ്റ് പ്രസ്ഥാനത്തോട് സീതാറാം യെച്ചൂരിയുടെ നിലപാട് മറ്റൊന്നാണു. ദേശീയതലത്തിൽ തന്നെ മാവോയിസ്റ്റുകളോട് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഇടതുപാർട്ടികൾ സ്വീകരിച്ചിരിക്കുന്ന നയവും യെച്ചൂരിയുടെ നിലപാടിനു സമാനമാണു. അപ്പോൾ ദേശീയപാർട്ടിയായ സി പി എമ്മിനു ഒരേ രാജ്യത്തുതന്നെ രണ്ട് നിലപാട് സ്വീകരിക്കാൻ കഴിയുമോ? ഇതാണു ഉയരുന്ന ചോദ്യം. ഇപ്പോൾ ഇക്കാര്യത്തിൽ പിണറായി സർക്കാർ എടുത്തിരിക്കുന്ന തീരുമാനം ഒരു കമ്യൂണിസ്റ്റ് സർക്കാരിനു ഒരിക്കലും ഇണങ്ങാൻ കഴിയുന്ന പ്രവൃത്തിയല്ല.

മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ് എഴുതുന്നു: ”എന്താണ് അലന്റെയും താഹയുടെയിൻ പേരിലുള്ള ‘ശക്തമായ തെളിവുകൾ’? ആ കുട്ടികളുടെ അടുത്തുനിന്നു പിടിച്ച ലഘുലേഖകളും ഇനിയും തുറക്കാത്ത പെൻ ഡ്രൈവും ഓടിപ്പോയ, ഇനിയും പിടികിട്ടാത്ത മാവോയിസ്റ്റ് മൂന്നാമൻ. (അയാൾ ആരാണെന്നു മാവോയിസ്റ്റുകളും തിരക്കുന്നുണ്ട് എന്നാണ് അറിയുന്നത്. പ്ഫ്യൂ). ആ ലഘുലേഖകളുടെ വ്യാഖ്യാനമല്ലാതെ ശ്രീമാൻ കോടിയേരി പറയുന്നപോലെ ഏതെങ്കിലും ‘ഭീകരപ്രവർത്തന’ത്തിൽ അവർ ഏർപെട്ടുവെന്നോ, അതിനു പ്ലാനിട്ടുവെന്നോ, അങ്ങിനെ പ്ലാനിട്ടവരുമായി ചേർന്ന് പ്രവർത്തിച്ചെന്നോ, അവരെ സഹായിച്ചെന്നോ, അങ്ങനെയെന്തെങ്കിലും പ്ലാൻ ആർക്കെങ്കിലും ഉണ്ടോയെന്നോ ഒന്നും കോടതിവിധിയിൽ കാണാനില്ല. പൊലീസിന് അങ്ങിനെയൊരു കേസുള്ളതായി ഇതുവരെ അറിയില്ല…..

Read Also  പൗരത്വവിരുദ്ധ സമരത്തെ നേരിടാനായി കരിനിയമം ; കുറ്റം ചുമത്താതെ ഒരു വർഷംവരെ തടവിൽ വെയ്ക്കാം

ഒരു നിയമത്തിന്റെ ദുരുപയോഗത്തെപ്പറ്റി നാടുനീളെ വിളിച്ചുപറഞ്ഞുനടന്നിട്ടു, അതിൽ കുരുങ്ങിയൊടുങ്ങുന്ന മനുഷ്യജീവിതങ്ങളുടെ കണക്കു നാട്ടുകാരെ മുഴുവൻ തെര്യപ്പെടുത്തിയിട്ടു, സ്വന്തം നയം നടപ്പാക്കാൻ കഴിവില്ലാതെ കേന്ദ്രത്തിന്റെ മെക്കട്ടു കയറുന്ന കാഴ്ച അശ്ലീലമാണ് സഖാക്കളെ”.

ഇതാണു വസ്തുതകളെന്നിരിക്കെ എന്ത് നയവ്യതിയാനമാണു യു എ പി എ നടപ്പാക്കുന്ന കാര്യത്തിൽ  സംഘപരിവാറിൽ നിന്നും സി പി എം വ്യത്യസ്തമായി എടുത്തിട്ടുള്ളത്.  ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വം വെളിപ്പെടുത്തുന്നതുവരെ സി എ എ നിയമത്തിൽ പാർട്ടി എടുത്തിട്ടുള്ള സമീപനവും ആത്മാർഥമായുള്ളതാണോയെന്ന് മതേതരസമൂഹത്തിൽ നിന്നും സംശയങ്ങൾ ഉയരുന്നുണ്ട്.

കേരളത്തിൽ ഇതുവരെ തെളിവുകളുടെ പിൻ ബലത്തോടെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മാവോയിസ്റ്റുകളെ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തിയ സംഭവങ്ങളിൽ മനുഷ്യാവകാശപ്രവർത്തകർ പ്രതിഷേധിക്കുന്ന കാലത്താണു രണ്ട് ചെറുപ്പക്കാരുടെ ഭാവിയെ അപകടത്തിലാക്കിയ തീരുമാനം പിണറായി നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പ് എടുത്തിരിക്കുന്നത്. ഒരു കാര്യം ഇവർ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത് ചരിത്രം നിർമ്മിക്കുന്നവരുടെ നോട്ടുപുസ്തകങ്ങളിൽ എപ്പോഴേ രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here