Sunday, January 16

ശബരിമലയിൽ തട്ടി സിപിഐഎമ്മിൽ പോര്; പിണറായിയും കോടിയേരിയും അകലുന്നു?

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ ചേരിതിരിവ്.  പാർട്ടിയിൽ കൂടിയാലോചിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഏകപക്ഷീയമായ നിലപാടുകൾ ആണ് ശബരിമല വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്. മുൻപും മറ്റ് പല വിഷയങ്ങളിലും ഏകപക്ഷീയ തീരുമാനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളതെങ്കിലും ശബരിമല വിഷയം പാർട്ടി അണികളായ, പാർട്ടിയോട് അനുഭാവം പുലർത്തുന്ന ഒരുപാട് വിശ്വാസികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്നും വിശ്വാസികളായ ഹിന്ദുക്കൾക്ക് പുറമെ മറ്റ് മത വിഭാഗങ്ങളിലുള്ളവർ വരെ സർക്കാരിന്റെ ഏകാധിപത്യ നിലപാടുകൾ കാരണമാണ് ശബരിമലയിൽ സ്ഥിതികൾ ഇത്രയും വഷളായതെന്ന വിലയിരുത്തലുകൾ ആണ് പാർട്ടിയ്ക്ക് ഉള്ളത്.

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് പാർട്ടിയ്ക്ക് മുകളിൽ വളരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആക്ഷേപവും ഒരുവിഭാഗം പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. താനാണ് പാർട്ടി എന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നത്. അതിനാലാണ് പാർട്ടിയോട് ശബരിമല വിഷയത്തിലെ അഭിപ്രായങ്ങൾ കൂടിയാലോചിക്കാത്തത് എന്നും ഒരു വിഭാഗം വിമർശിക്കുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചില ലോക്കൽ കമ്മറ്റികൾ പാർട്ടിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. കൂടൂതൽ ലോക്കൽ കമ്മറ്റികൾ തങ്ങളുടെ വിയോജിപ്പുകൾ പാർട്ടി സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. ഇതോടെ പിണറായി വിജയന് നാളിതുവരെ നിരുപാധിക പിന്തുണ നൽകിവന്ന പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിയ്‌ക്കെതിരെ രംഗത്ത് വരികയായിരുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് പാർട്ടിയ്ക്ക് അതീതനായി വളരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആക്ഷേപവും ഒരുവിഭാഗം പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടാണ് ശബരിമലയിലെ പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാകുന്നതിന് കാരണമായതെന്നാണ് കോടിയേരി വിഭാഗം ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്ന നിലയിലായിരുന്നു കോടിയേരി നാളിതു വരെ അറിയപ്പെട്ടിരുന്നതെങ്കിൽ കോടിയേരിയുടെ സമീപനം പാർട്ടി സെക്രട്ടറിയ്ക്ക് യോജിച്ചതല്ലെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി എടുത്തിരുന്ന സമീപനമല്ല ഇപ്പോൾ പാർട്ടിക്കുള്ളതെന്നും സർക്കാരും പിണറായി വിജയനും ചെയ്യുന്നതിനെല്ലാം കണ്ണടച്ച് പിന്തുണയ്ക്കുന്ന നിലപാടുകളാണ് ഇപ്പോൾ പാർട്ടി സ്വീകരിക്കുന്നതെന്നുമാണ് ഉയരുന്ന വിമർശനം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാർട്ടി തീവ്ര നിലപാടുകൾ ആണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇത് സാധാരണ പാർട്ടി പ്രവർത്തകരായ വിശ്വാസികളുടെ വികാരങ്ങളെപോലും വ്രണപ്പെടുത്തിയെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

പിണറായി വിജയന്റെ വിശ്വസ്തനായ കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം ശബരിമല സമവായത്തിനായി സർക്കാർ സർവകക്ഷി യോഗം വിളിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് മണിക്കൂറുകൾക്കകം പ്രസ്താവന തിരുത്തേണ്ടി വന്നതും സർക്കാരും പാർട്ടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായതിന്റെ സൂചനയാണ്. സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചുവെന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ കോടിയേരി ബാലകൃഷണൻ തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് തന്റെ നിലപാടിൽ കടകംപള്ളി സുരേന്ദ്രൻ മലക്കം മറിയുകയായിരുന്നു. എന്നാൽ കോടിയേരിയുടെ പരാമർശങ്ങളെ തള്ളി മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കുകയായിരുന്നു. ഇതോടെയാണ് പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകൾ പുറത്ത് വന്ന് തുടങ്ങിയത്.

അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി എടുത്തിരുന്ന സമീപനമല്ല ഇപ്പോൾ പാർട്ടിക്കുള്ളതെന്നും സർക്കാരും പിണറായി വിജയനും ചെയ്യുന്നതിനെല്ലാം കണ്ണടച്ച് പിന്തുണയ്ക്കുന്ന നിലപാടുകളാണ് കോടിയേരി സ്വീകരിക്കുന്നതെന്നും വിമർശനം.

രഹ്ന ഫാത്തിമയുടെ മലകയറ്റം സംബന്ധിച്ച പ്രശ്നങ്ങളിലും കോടിയേരി ബാലകൃഷ്‍ണന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് കടുത്ത വിമർശനമാണ് ഉള്ളത്. പിണറായി വിജയന്റെ അറിവോടെയാണ് രഹ്ന മലകയറാൻ തയ്യാറായതെന്നാണ് കോടിയേരി വിഭാഗം പറയുന്നത്. പാർട്ടി നടത്തുന്ന നവോത്ഥാന സമ്മേളനങ്ങളിൽ പിണറായി വിജയനെ കേൾക്കാൻ ആളുണ്ടെങ്കിലും പിണറായി ഇല്ലാത്ത സമ്മേളനങ്ങളിൽ ആളുകൾ വളരെ കുറവാണെന്നതും പാർട്ടി ഗൗരവമായാണ് പരിശോധിക്കുന്നത്. അച്യുതാനന്ദൻ ഉൾപ്പടെ പാർട്ടിയുടെ നിലവിലെ നിലപാടുകൾ ദോഷം ചെയ്യുമെന്ന വിലയിരുത്തലുകൾ നടത്തിയതായാണ് വിവരം. കോൺഗ്രസ് ശബരിമല വിഷയത്തിൽ നേട്ടം കൊയ്യുമെന്നും ഇത് പാർട്ടിയ്ക്ക് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്നും വിലയിരുത്തലുണ്ട്.

Spread the love
Read Also  പരാജയപ്പെട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പി. വി. അൻവർ

Leave a Reply