Wednesday, January 19

കേരളത്തിന്റെ മതേതര ഐക്യം തകർക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

ശബരിമലയിൽ കാലങ്ങളായി നിലനിന്നിരുന്ന സ്ത്രീവിവേചനം നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഹിന്ദുത്വ തീവ്രവാദികൾ രംഗത്ത് വന്നതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സമാധാന ജീവിതം തകർക്കാൻ ആണ് ഇത്തരക്കാർ ലക്‌ഷ്യം വെയ്ക്കുന്നതെന്നും കോൺഗ്രസ് ആ പാർട്ടിയുടെ ചരിത്രം മറക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് പിണറായി വിജയൻ നടത്തിയ പത്ര സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ.

സാമൂഹിക നീതി ഉറപ്പുവരുത്തുകയെന്നതാണ് നിലവിലുള്ള സര്‍ക്കാര്‍ നയമെന്നും അതുകൊണ്ടുതന്നെ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച സർക്കാർ സത്യവാങ് മൂലത്തിൽ അവ്യക്തത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളിലും സ്ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവെന്നതുമായി ബന്ധപ്പെട്ട് ചരിത്രപരമായ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ മഹാറാണിയും സന്ദര്‍ശിച്ചു എന്നുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുമതാചാരത്തിലും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പ്രായവ്യത്യാസമില്ലാതെ അനുവദിക്കണം എന്ന നിലപാടാണ് സർക്കാരിനുള്ളത്.

ശബരിമലയിലെ ആചാരങ്ങൾ കാലങ്ങളായി മാറി വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തുലാഭാരം എന്നൊരു ആചാരം ഇല്ലായിരുന്നുവെന്നും ഇപ്പോൾ അതുണ്ടെന്നും ഒന്നാം തീയതികളിൽ നേരത്തെ പ്രവേശനം ഇല്ലാതിരുന്നതും ഇപ്പോൾ ഉള്ളതും പിണറായി ചൂണ്ടിക്കാണിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലന്നും സർക്കാർ ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി നൽകില്ലെന്നും എന്നാൽ ആരെങ്കിലും റിവ്യൂ ഹർജിയുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് സർക്കാർ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയകാലത്തു കണ്ട മതേതര ഐക്യമാണ് ചില സംഘടിത ശക്തികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടൽ ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങൾക്ക് എതിരെയും മന്നത്ത് പത്മനാഭൻ പോരാടി. സാമൂഹിക പരിഷ്കരണങ്ങളിലൂടെയാണു കേരളം മുന്നേറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആചാരങ്ങളിൽ ഇടപെടേണ്ടെന്ന ധാരണ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. അതുമാറി ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങളെടുത്തു. അതിന്റെ ഫലമാണു വൈക്കം സത്യാഗ്രഹം ഉൾപ്പെടെയുള്ളവ. നവോത്ഥാന പ്രസ്ഥാനങ്ങൾ സ്ത്രീ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. കോടതിവിധിയെയും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തേയും കൂട്ടിവായിക്കരുതെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Spread the love
Read Also  യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല; മനിതി സംഘം തിരിച്ചിറങ്ങി; പൊലീസ് സുരക്ഷ നൽകുന്നില്ല

Leave a Reply