Monday, January 24

`സുന്ദരികളും സുന്ദരന്മാരും` – പ്രിയപ്പെട്ട എഴുത്തും എഴുത്തുകാരും ; പി ജെ ജെ ആന്റണി

 

പി ജെ ജെ ആന്റണി

ഏറ്റവും കൂടുതൽ ആകർഷിച്ച നോവലായ ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരുടെയും വായനാനുഭവത്തെക്കുറിച്ചു  പ്രിയകഥാകൃത്ത് പി ജെ ജെ ആന്റണി എഴുതുന്നു

ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച പുസ്‌തകത്തെക്കുറിച്ചു എഴുതാനാണ് എന്നോടാവശ്യപ്പെട്ടിരിക്കുന്നത്. ആലോചിച്ചുനോക്കുമ്പോൾ അങ്ങനെയൊരു എഴുത്തുകാരനെയോ പുസ്‌തകത്തേയോ തെരഞ്ഞെടുക്കുക ക്ലേശകരമാണ്. എഴുത്തുകാരും പുസ്തകങ്ങളും ഒഴിഞ്ഞ ഒരു ജീവിതകാലം ഒരിക്കലും എനിക്കുണ്ടായിട്ടില്ലെങ്കിലും ഏതെങ്കിലുമൊന്നിലേക്ക് അതിനെയാകെ ചുരുക്കുകയെന്നത് ഏറെക്കുറെ അസാധ്യം തന്നെയാണ്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് ആ സ്‌കൂളിലെ ലൈബ്രറിയാണ് എന്റെയുള്ളിലെ വായനക്കാരനെ ഉണർത്തിയത്. ലോക സാഹിത്യത്തിലെ ക്ളാസിക്കുകളുമായുള്ള എന്റെ ചങ്ങാത്തം അവിടെ നിന്നാണ് തുടങ്ങുന്നത്. ദസ്തയോവ്സ്കി, ടോൾസ്റ്റോയ്, സെർവാന്റീസ്, എമിലി സോള, അലക്‌സാണ്ടർ ഡ്യൂമാസ്, വിക്ടർ യൂഗോ, തോമസ് ഹാര്ഡി, മുൽക് രാജ് ആനന്ദ്, തുടങ്ങിയ വമ്പന്മാരെ പരിചയപ്പെടുന്നത് അവിടെനിന്നുമാണ്. വിവർത്തനങ്ങളുടെ വലിയൊരു ശേഖരം ആ ലൈബ്രറിയിൽ ഉണ്ടായിരുന്നു. കോളേജ് കാലയളവിലും ഈ ചങ്ങാത്തം തുടർന്നുപോന്നു.

മലയാള നോവലുകളും വായിക്കുമായിരുന്നെങ്കിലും വിവർത്തങ്ങളിലൂടെ എനിക്ക് വഴങ്ങിയ ക്ളാസിക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ നോവലുകൾ തീരെ ചെറുതായി തോന്നി. ജീവിത കാൻവാസിന്റെ വലുപ്പം അന്ന് നിർണായകമായിരുന്നു. അങ്ങനെയിരിക്കെയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും മുന്നിലെത്തുന്നത്. ആദ്യമായി എന്റെ ഭാഷയിലെ ഒരു നോവൽ എന്നെ പിടിച്ചുകുലുക്കി. അത്ഭുതാദരങ്ങളോടെയാണ് ഞാനത് വായിച്ചുതീർത്തത്. തിരുവിതാംകൂർ കാരനായ എനിക്ക് അന്നത്തെ മലബാർ ദേശവും ജീവിതവും ഒരു ഗംഭീരമായ വായനാനുഭവം നൽകി. എന്റെ ഭാഷയിലും ഒരു ക്ലാസിക് നോവൽ ഉണ്ടെന്നു ഒരഹങ്കാരം സാധിക്കുമെങ്കിൽ കോഴിക്കോട് പോയി ഉറൂബിന്റെ കാൽ തൊട്ട് നമസ്കരിക്കണമെന്നു തീരുമാനിക്കുകപോലും ചെയ്തു, അത്രക്കായിരുന്നു ആ നോവൽ എന്നിലുളവാക്കിയ അഭിമാനവും ആനന്ദവും.

നോവലിന്റെ ഭൂമികയാണ് ഉറൂബ് കൊണ്ടുവന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരവും മഹാരഥൻമാരുടെ നിഴൽ വീണ സംഭവഗതികളും മൂന്നു തലമുറകളിലൂടെ മുന്നേറുന്ന ഇതിവൃത്തവും അസാധാരണമായ ഒരു പരിവേഷം ഈ ക്ലാസിക് രചനയ്ക്ക് നൽകി. അര നൂറ്റാണ്ടെന്ന കാലപരിധി, മുപ്പതിലേറെ കഥാപാത്രങ്ങൾ ചെറുതും വലുതുമായ അനേകം കുടുംബങ്ങൾ, നോവൽ മുന്നോട്ടു നീങ്ങുംതോറും പെരുകുന്ന ഭൂമിക

മലയാളത്തിൽ അങ്ങിനെയാണ് ആദ്യമായിരുന്നു. അതുവരെ മലയാളി അനുഭവിച്ച ഫിക്ഷന്റെ ലോകത്തെ ഉറൂബ് കുടഞ്ഞു നിവർത്തിയിട്ടു. വ്യക്തിയും കുടുംബവും പതിവ് ആഖ്യാനവട്ടത്തെ ധീരമായി അതിലംഘിച്ചുകൊണ്ടു മലയാളിയുടെ എഴുത്തുവഴികളെ ഉറൂബ് സമര്ഥമായി പുനർ നിര്ണയിക്കുകയായിരുന്നു. അതോടെ നോവൽ എന്ന അനുഭവം മലയാളിക്ക് ലോകത്തോളം വലുതായി. നമ്മുടെ എഴുത്തിലൊരു പുതുലോകം പിറക്കുകയായിരുന്നു. കൂട്ടുകാരോടൊക്കെ സുന്ദരികളെയും സുന്ദരന്മാരെയുംകുറിച്ച് പറഞ്ഞു; ഉറൂബിനെക്കുറിച്ച് പറഞ്ഞു. ആലപ്പുഴ ആനന്ദപ്രദായിനി ഗ്രന്ഥശാലയിൽനിന്നും ഒരിക്കൽകൂടി ആ നോവലെടുത്ത് പ്രിയത്തോടെ വായിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമരം, കേരളീയ കാർഷിക വ്യവസ്ഥയുടെ ചുവടുമാറ്റം. വ്യക്തിക്ക് പ്രാധാന്യമേറ്റി ആധുനികത സ്വാധീനമുറപ്പിക്കുന്നത്, പാരമ്പര്യശൈലിയെ തിരസ്കരിക്കുന്ന പ്രണയങ്ങൾ, മനുഷ്യരുടെ മോഹങ്ങളും ജീവിതത്തിന്റെ അപ്രതിരോധ്യമായ കുത്തിയൊഴുക്കും അങ്ങിനെ ഈ നോവലിന്റെ ആഖ്യാനഭൂമിയെ ഖനിക്കുന്ന അനേകം ഘടകങ്ങളുണ്ട്. ഗദ്യം അതിന്റെ ക്ലാസിക്കൽ ഉപചാരങ്ങളൊക്കെ ഉപേക്ഷിച്ചു സാധാരണ മനുഷ്യരുടെ കൊടുക്കൽ-വാങ്ങൽ ഭാഷയിലേക്ക് കടന്നുനിൽക്കുന്നതും ഉറൂബിലാണ്. ഒക്കെക്കൂടി അഗാധമായ ജീവിതാവബോധം പകർന്ന നോവൽ. ഇന്നും എനിക്ക് ഈ നോവൽ പ്രീയപ്പെട്ടതായി തുടരുന്നതിനു കാരണം ജീവിതാവബോധത്തിന്റെ ഈ കുതിച്ചുകയറ്റമാകാം. ഒടുവിൽ വിശ്വവും രാധയും കൈകോർത്ത് നീങ്ങുന്നതും അതിന്റെ ബലത്തിലായിരുന്നല്ലോ.

Spread the love
Read Also  പുസ്തകം* ഷിബു ഷൺമുഖം എഴുതിയ കവിത