ഈയിടെയായി മലയാളകവിതയിൽ മോഷണാരോപണവും ആശയമോഷണാരോപണവും പെരുകുകയാണു. കോളേജ് മാഗസിനുകളിൽ വ്യാപകമായി ചില വാക്കുകൾ മാറ്റിയും അതേ രീതിയിലും  കവിതകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അധികമാരും തിരിച്ചറിയാത്ത ഇടപാടാണത്, അതുകൊണ്ടാണു ദീപാ നിശാന്ത് ഈ മാതൃക പിന്തുടർന്നത്.  പക്ഷെ ഇന്ന് വ്യാപകമായി കാണുന്ന പ്രവണതകൾ ആ രീതിയിലല്ല. സമീപകാലത്തായി ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന കവിതകളിൽ ആശയങ്ങളിലും സന്ദർഭങ്ങളിലും വളരെയേറെ സാമ്യത കാണുന്ന പ്രവണത ശക്തമാകുന്നുണ്ട്. ഇത് മലയാളകവിതയുടെ പിന്നോട്ടുള്ള യാത്രയാണെന്നാണെന്നാണു ഒരു വിഭാഗം കവികൾ അവകാശപ്പെടുന്നത്. ആശയസ്വീകാര്യമോ അവലംബമോ ഏതൊരു സാഹിത്യരൂപത്തിലായാലും തെറ്റാണെന്നു പറയാനാവില്ല. പക്ഷെ അത് ആരോഗ്യകരമായ രീതിയിൽ കുമാരനാശാൻ, പി കെ ബാലകൃഷ്ണൻ, എം. ടി വാസുദേവൻ നായർ ഇങ്ങനെ തുടങ്ങി ഒട്ടനവധി മഹാരഥന്മാർ വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ളത് നമുക്കറിയാവുന്ന വസ്തുതയാണു. പക്ഷെ അതെല്ലാം കഥാസന്ദർഭവും മൂലഗ്രന്ഥങ്ങളും വെളിപ്പെടുത്തിക്കൊണ്ടുചെയ്യുന്ന സൃഷ്ടികളായിരുന്നു. `ആശയമോഷണവും പുതുകവിതയിലെ ഭാഷയും` കവി രാമനിലൂടെ ഈ ചർച്ച ആരംഭിക്കുന്നു. പിന്നാലെ മറുപടിയും പുതിയ വാദങ്ങളുമായി നിരവധി കവികളുടെ പ്രതികരണങ്ങൾ  ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. 

പ്രതിപക്ഷം.ഇൻ

പി രാമൻഎഴുതുന്നു … 

 കവിതാ മോഷണവിവാദങ്ങൾ ഈയിടെയായി പെരുകിയിട്ടുണ്ട്. ഇവയിൽ ഒരു സംശയവുമില്ലാതെ മോഷണം എന്നോ അടിച്ചു മാറ്റൽ എന്നോ പറയാവുന്ന കേസാണ് എസ്.കലേഷിന്റെ കവിത ദീപാ നിശാന്ത് ചൂണ്ടിയ സംഭവം. ഒരേ പോലത്തെ ആശയങ്ങളും ഇമേജുകളുമാണ് മറ്റു പല വിവാദങ്ങളുടേയും അടിസ്ഥാനം. ആ കവിത പോലെയുണ്ട് ഈ കവിത എന്ന മട്ടിലുള്ള സ്വകാര്യം പറച്ചിലുകൾ കൂടിയിട്ടുണ്ട്‌.

ആശയങ്ങളും കാവ്യബിംബങ്ങളും ഒരു പോലിരുന്നാൽ കവിത ഒരേപോലെയാകുമോ? ആകണമെന്നില്ല. ഇവയൊരു പോലിരുന്നാലും കവിത വ്യത്യസ്തമാണ് എന്നു തോന്നുന്നത് കാവ്യഭാഷയിലെ വൈവിദ്ധ്യം കൊണ്ടാണ്. കവിതയിൽ ഭാഷാനുഭവം പ്രധാനമാണ് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നല്ലൊരു കവിത ഭാഷാനുഭവം എന്ന നിലയ്ക്കാണ് മൗലികവും വ്യത്യസ്തവുമാകേണ്ടത്. മുൻ കാലത്ത് പ്രമേയത്തിലും ബിംബാവലിയിലുമുള്ള സമാനതകളെ നല്ല കവികൾ മറികടന്നത് ഭാഷ കൊണ്ടാണ്. ഇടശ്ശേരിയുടെ അന്തിത്തിരിയും ആർ.രാമചന്ദ്രന്റെ വഞ്ചിതനും താരതമ്യം ചെയ്തു നോക്കൂ. ഇരിക്കാൻ ഇത്തിരി സ്ഥലം തരുമോ എന്നു കെഞ്ചുന്ന വെളിച്ചമാണ് രണ്ടിലും. പക്ഷേ, രണ്ടു കവിതയും രണ്ടു ഭാഷാനുഭവമായിരിക്കുന്നു. ഇടശ്ശേരിയുടെ തന്നെ വിവാഹ സമ്മാനവും ഒ എൻ വി യുടെ കുഞ്ഞേടത്തിയും തമ്മിൽ പല സമാനതകളുമുണ്ട്. പക്ഷേ, രണ്ടും രണ്ടു ഭാഷാനുഭവമാണ്. ഉദാഹരണങ്ങൾ ഇനിയും നിരത്താൻ കഴിയും.

 എന്നാൽ പുതുകാല കവിതയിൽ ഭാഷാനുഭവം എന്നത് ഒരു പ്രധാന പരിഗണനയല്ലാതായിരിക്കുന്നു. സാമാന്യ വ്യവഹാര ഭാഷയിൽ നിന്ന് കാവ്യഭാഷ വ്യത്യസ്തമാകേണ്ടതില്ല എന്ന് അഭിപ്രായമുള്ള കവികൾ ഇന്ന് ധാരാളമുണ്ട്. ഈ കാഴ്ച്ചപ്പാട് ധാരാളം പുതിയ എഴുത്തുകാരെ കാവ്യകലയിലേക്ക് ആകർഷിച്ചിട്ടുമുണ്ട്. അത് നല്ലതു തന്നെ. എന്നാൽ ഇതിന്റെ ഒരു കുഴപ്പം, പല പുതുകാല കവിതകളിൽ നിന്നും ആശയവും ബിംബാവലികളും മൈനസ് ചെയ്താൽ പിന്നെ ബാക്കി ഒന്നുമുണ്ടാവില്ല എന്നതാണ്.

Read Also  കലയിൽ അനുകരണം സ്വാഭാവികപ്രക്രിയയാണു ; കവിതാചർച്ചയിൽ എസ് ജോസഫ്

പല പുതു കവികളും ഭാഷാനുഭവമുണ്ടാക്കാൻ ഇപ്പോൾ ശ്രമിക്കുന്നത് പ്രാദേശിക ഭാഷാപ്രയോഗത്തിലൂടെയാണ്. എന്നാൽ അതു മാത്രം മതിയാകയില്ല, തനതായൊരു കാവ്യ ഭാഷയുണ്ടാകാൻ എന്നാണ് എനിക്കു തോന്നുന്നത്. കവിത ഒരു ഭാഷാനുഭവമായി മാറിയാൽ പ്രമേയത്തിലും ബിംബാവലിയിലുമൊക്കെയുള്ള സമാനതകൾ എടുത്തു പറയത്തക്ക ഒരു വിഷയമേ അല്ലാതാകും. അല്ലാത്തിടത്തോളം ഇത്തരം നിസ്സാര കാര്യങ്ങളെ മുൻനിർത്തിയുള്ള തർക്കങ്ങൾ മൂക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here