Wednesday, June 23

നിഘണ്ടു ; ഡോ. സുരേഷ് നൂറനാടിന്റെ കവിത

 

വാക്ക്
വീട്ടിൽ നിന്നിറങ്ങിനടന്നു.
ഇടവഴിയുടെ
ഇരുചുമരുകളിൽ നിന്നവർ
അറിയാവുന്ന ഭാഷയിൽ
പേര് വിളിച്ചു.
വാക്ക് മിണ്ടിയില്ല.

നദിക്കരയിലെ അലക്കുകാർ
മിണ്ടാതുള്ള ആ വരവ് കണ്ട്
കൂട്ടമായി ചിരിച്ചു.
വാക്കിന് ചിരി വന്നില്ല.

നഗരത്തിലേക്കുള്ള വണ്ടിയിലിരുന്ന്
വാക്ക്
ത്രാണി നഷ്ടപ്പെട്ടവനേപ്പോലെ തേങ്ങി.
ജീവിതത്തെക്കുറിച്ച് എത്ര ആലോചിച്ചിട്ടും ഒന്നും പിടികിട്ടുന്നില്ല.

ജന്മം തന്നവനുതന്നെ
ഭാഷ കൈവിട്ടു പോകുന്നു.
നാടിന്റെ ചരിത്രം
ഭാഷ കൊണ്ട് അട്ടിമറിക്കപ്പെടുന്നു.

തൊഴിൽ മേഖലകളിൽ
ഫാക്ടറികളിൽ
ദ്വീപസമൂഹങ്ങളിൽ
എവിടെയും ഭാഷ
സ്വത്വം തകർന്ന നിലയിൽ.
ദർശനങ്ങൾക്ക് ഭാഷയില്ല
വിപ്ലവങ്ങൾക്ക് ഭാഷയില്ല
സാഹിത്യത്തിന് ഭാഷയില്ല.
ആകെയുള്ളത്
താനുപേക്ഷിച്ചുപോന്ന
ആ നിഘണ്ടു മാത്രം.
ആ തടവറ മാത്രം.

വാക്ക്
നഗരത്തിൽ വണ്ടിയിറങ്ങി.
ഇരച്ചു പൊങ്ങുന്ന ജനാവലിയിലേക്ക്
ഒരു ശബ്ദവുമുണ്ടാക്കാതെ
ഒരു അർത്ഥവും സൃഷ്ടിക്കാതെ
നടന്നുമറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  എന്റെ കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചതാര് ; സുഗന്ധി സുബ്രഹ്മണ്യൻ, പരിഭാഷ: പി.രാമൻ

Leave a Reply