Sunday, January 16

‘മനുഷ്യാകാരം പൂണ്ട നിലാവായി’ നില്‍ക്കുന്ന കളത്തറ ഗോപന്റെ കവിതകള്‍: ശ്രീകുമാര്‍ കരിയാട്‌

കളത്തറ ഗോപന്റെ’ പറന്നുനിന്ന് മീന്‍ പിടിക്കുന്നവ’ എന്ന കവിതാസമാഹാരത്തെക്കുറിച്ച് ഒരനുഭവക്കുറിപ്പ്:

ശ്രീകുമാര്‍ കരിയാട്

 

നഗരാധുനികതയുടെ സാങ്കേതികമേദസ്സും സമ്പദ് വ്യവസ്ഥയും കൊണ്ട് ഞെങ്ങിപ്പോയ, മനുഷ്യപരമായ ഒരാവിഷ്കാരരൂപമാണ് കവിത. ഓഷ്വിറ്റ്സിനുശേഷം കവിത സാദ്ധ്യമോ എന്നതടക്കമുളള സംശയങ്ങളുടെ ഇരുട്ടില്‍ മലയാളകവിതയും ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെന്നുതോന്നുന്നു.

കാല്‍പ്പനികത പോലുളള   വാക്കുകളും മറ്റ്  സാങ്കേതികവിശേഷണങ്ങളും ഉപയോഗിച്ച്  പരിഷ്കാരികള്‍ അടിച്ചുടച്ച കവിതയുടെ തലച്ചോറ് കണ്ടെത്തുന്ന രചനകളായി കളത്തറഗോപന്റെ കവിതകള്‍ മാറുന്നത്,‘പറന്നുനിന്ന് മീന്‍ പിടിക്കുന്നവ’ എന്ന സമാഹാരത്തിലെ ഓരോ രചനയും നമ്മെ ഓര്‍മ്മിപ്പിക്കും. സ്വാഭാവികമായ മാനവികാവിഷ്കാരങ്ങള്‍ക്കെതിരെയുളള   സിദ്ധാന്ത ഫാസിസത്തെ തനതായ നര്‍മ്മം കൊണ്ടും  ഭ്രാന്തുകൊണ്ടും  വിരുദ്ധോക്തികള്‍ കൊണ്ടും ഇയാള്‍ ഓരോ കവിതയിലൂടെയും നേരിടാന്‍ ശ്രമിക്കുന്നതായി അനുഭവപ്പെടുന്നു. പ്രസ്ഥാനപരമായി താന്‍ കവിമാത്രവും, തന്റെ മാദ്ധ്യമം  ബ്രാന്‍ഡ് ചെയ്യപ്പെടാത്ത കവിതമാത്രവും എന്ന് ഗോപന്‍ വ്യക്തമായി പറയുന്നുണ്ട്. അതോടൊപ്പം ശുദ്ധകവിതയെപ്പറ്റിയുളള വ്യാമോഹങ്ങളെ കീഴ്മേല്‍ മറിക്കാനും ഇയാള്‍ മുതിരുന്നു.

‘കാല്‍പ്പനികത എന്ന് ഒരു കവിതയെ അടച്ചാക്ഷേപിക്കുന്നത് എന്തിന്?” എന്ന ചോദ്യം തന്നെയാണ് ഗോപന്റെ ഓരോ കവിതകളും ഉന്നയിക്കുന്നത്. അതുകൊണ്ടാണ്, നഗരം കെട്ടിപ്പൊക്കിയ സൌധങ്ങള്‍ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങി തലനീട്ടുന്ന ചെടികളായും പൂക്കളായും ഈ കവിതകള്‍ അനുഭവപ്പെടുന്നത്.ചെറുത്തുനില്‍പ്പിന്റെ ഈ പ്രകൃതിപരതയാകട്ടെ,  വനങ്ങളുടേയും പര്‍വ്വതങ്ങളുടേയും  കൊടുങ്കാറ്റുകളുടെയും സമാഹരണത്തിലൂടെയുളള ഒരൊറ്റഭൂതകാലയാത്രയാകാന്‍ തുനിയുന്നതുമല്ല.   കെട്ടിപ്പൊക്കിയ ഭൌതികലോകത്തിന്റെ പുറന്തൊലിമാന്തിയാല്‍ കിട്ടുന്ന പച്ചമണ്ണിലൂടെ കവി നടക്കാന്‍ ശ്രമിക്കുന്നു.

എത്ര വിദ്ധ്വംസകമായാലും,  നിലവിടാതുളള ഒരു ക്രമം കവിതയ്ക്ക് അനിവാര്യമാണെന്ന ഉറച്ചവിശ്വാസം പുലര്‍ത്തുന്ന കവിയാണ് കളത്തറ ഗോപന്‍. ഒരിക്കലും ഇതൊരു ക്ലാസിക്ക് അച്ചടക്കവുമല്ല. ഒരു കൊത്ത് കൊത്തുന്നതിനുമുന്‍പ് ശില്‍പ്പി, ഒരു പടം വരയ്ക്കുന്നതിനുമുന്‍പ്  ചിത്രകാരന്‍, ശ്രുതി ശ്രദ്ധിച്ചുമാത്രം  പാട്ട് തുടങ്ങുന്ന ഗായകന്‍ എന്നൊക്കെപ്പറയാവുന്ന  രീതിയിലുളള ഒരു ആവിഷ്കാരക്രമം കവി പിന്തുടരുന്നു.

ഒരു മൂന്നാം ലോകരാജ്യത്തിലേറ്റവുമറ്റത്തായും, അലറുന്ന കടലാല്‍ച്ചുറ്റി അസ്വസ്ഥമായും നില്‍ക്കുന്ന ഒരിടത്തില്‍ നിന്നാണ്  ഗോപന്‍ കവിതയെഴുതുന്നത്.  ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന  ബ്രാന്‍ഡിംഗ് ഒരു റിയല്‍ എസ്റ്റേറ്റ് സൂത്രവാക്യമായി മാത്രം അനുഭവിക്കുകയും, പൊട്ടാത്ത അഗ്നിപര്‍വതങ്ങള്‍ പോലെ പുലരുകയും ചെയ്യുന്ന നൂറുകണക്കിനുകവികളില്‍ ഒരാളായി  ദരിദ്രജീവിതം നയിക്കുന്ന  ഈ  മനുഷ്യന്‍, കമ്മ്യൂണിസത്തിനും ഉന്മാദത്തിനുമിടയില്‍ പണിതുകൂട്ടുന്ന പാലങ്ങളാണ് ഈ കവിതകളെന്ന് പറയാം. നഗരപ്രഭുകവിതകളില്‍  നിന്ന് മാറിയൊഴുകാന്‍ പ്രാപ്തമായ   ജലസമാനമായ ഈ  അടിത്തറയെ ഇയാളുടെ കാവ്യജീവിതത്തിന്റെ പൊരുളായി കണ്ടുകൊണ്ട്  ഓരോ കവിതയേയും വായിക്കുമ്പോള്‍ ഇവയുടെ കാവ്യരാശി തെളിയുന്നു.

 

ആത്മഹത്യയെക്കുറിച്ചെഴുതിയ ഒരു കവിതകൊണ്ടാണ്(   48 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനൊക്കൂ)  ഈ സമാഹാരം തുടങ്ങുന്നത്.

“ ഓട്ടയില്‍ക്കൂടി വെളിച്ചം നേര്‍ രേഖയില്‍ സഞ്ചരിക്കും. അതിലൂടെ മരിച്ചുമാഞ്ഞുപോകണം”. എന്നൊക്കെപ്പറയുന്നതിലെ  ക്രമബദ്ധത തന്നെയാണ്  48 മണിക്കൂര്‍ എന്ന സമയക്കണക്കിലും സ്ഫുരിക്കുന്നത്. ആയുസ്സ് ഒരു  ദിവസം കൂടി നീട്ടിവെയ്ക്കുന്ന പ്രത്യാശകൊണ്ടും ,ഗണിതസൂക്ഷ്മതകൊണ്ടും മരണത്തെ കവി  ബന്ധിക്കുന്നു.

ജലഘടികാരം പോലെ ശില്‍പ്പഭദ്രമായ കാളിദാസകവിതയോട് ഗോപന്‍ ‘ വ്യവഹരിക്കുന്നതില്‍’ ( ഒരു തുളളിയുടെ ചില സാദ്ധ്യതകള്‍) തെല്ലും വിസ്മയിക്കേണ്ടതില്ല. സ്വതേ അനിശ്ചിതമായ ജലതത്വത്തിലൂടെ രതി അനുഭവിക്കുമ്പോഴും, ചിതറിപ്പോകാത്ത ഒരു  ‘ബിന്ദു’വെ   കൊണ്ടുവന്ന്  കവി  വീണ്ടും മാത്തമാറ്റിക്കലാകുന്നു. മേഘത്തെ ഒരു പാറക്കല്ലുപോലെ  ആകാശമാര്‍ഗത്തിലൂടെ   ദൂരങ്ങളോളമുന്തിയ കവിതയുടെ പരമ്പരയില്‍  ജലം പോലെ കവിത ലയിച്ചുചേരുകയാണിവിടെ .സ്ത്രീയുടെ  ബോഡി സ്ട്രക്ചര്‍, ‘മൃദുരോമ’സഹിതം ആസ്വദിക്കുന്നുണ്ട് കവി.  മൃദുരോമം കണ്ട് കരുണം എന്ന ഭാവമുണര്‍ന്ന മറ്റൊരു കവിയെ   ഇവിടെ നമുക്ക് ഓര്‍ക്കാമെന്നും തോന്നുന്നു.

 

ആഴമറിഞ്ഞുളള എല്ലാത്തരം ആസ്വാദനങ്ങളോടും താദാത്മ്യം പ്രാപിക്കുന്ന കവിതയാണ്’ കിളിയും പൂവും’. മനുഷ്യനായതുകൊണ്ടാകാം ഇത്തരം പ്രകൃതിചിത്രങ്ങളെ വിട്ടുപോകാന്‍ കവി കൂട്ടാക്കുന്നില്ല. ‘ പൂവിനകത്ത് നീളന്‍ കൊക്കാഴ്ത്തി’ എന്നൊക്കെയുളള പ്രയോഗങ്ങളിലൂടെ  ഉദിക്കുന്നത്  ഒരുതരം ‘ മുഴുകല്‍’ ആണ്. മുഴുകലാണ് ഈ കവിക്ക്  ജീവിതമെന്നൊറ്റവാക്കില്‍ പറയുകയും ചെയ്യാം. നഗരപ്രഭുകവിതകളോട്  വിയോജിക്കുന്ന ഇടങ്ങളില്‍ ഒന്നാണിത്.

കാല്‍പ്പനികകവിതകളുടെ മുഖമുദ്രകളായി അടയാളപ്പെടുത്തപ്പെട്ട സൂചകങ്ങളാണ് കിളി, മിഴി, പൂവ്, പുഴ, ചന്ദ്രന്‍, കാറ്റ്  തുടങ്ങിയവ. എന്നാല്‍ റെനെ മഗ്രിറ്റിനെപ്പോലുളള സര്‍റിയലിസ്റ്റുകള്‍ ഇവയെ കൈകാര്യം ചെയ്യുന്നതാകട്ടെ  ‘അതിതീവ്രമായ  കാഴ്ച്ച’ കൊണ്ടാണ്. മഗ്രിറ്റിന്റെ പക്ഷിയില്‍ ആകാശം തെളിയുന്നതും, മനുഷ്യനുമുകളില്‍ ചന്ദ്രക്കല തെളിയുന്നതുമെല്ലാം ഒരു പുതിയ  ദൃശ്യഭാഷാക്രമം തന്നെയാകുന്നു.  കുന്നിന്റെ അങ്ങേച്ചെരുവിലേക്ക് (ചന്ദ്രനില്‍ നിന്നും പാലെടുക്കാന്‍ പോകുന്ന പെണ്‍കുട്ടി) ഈ കവി പോകുന്നത്, അത്രയും ‘ പൂതാവിഷ്ട’മാകുന്നത്,  ക്രമബദ്ധമായ മറ്റൊരു കാവ്യഭാഷയിലൂടുളള ഒരു  സൈക്ലിംഗായാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ  സൈക്ലിംഗ് ഉപേക്ഷിക്കുകയും, മത്സ്യനേത്രത്തില്‍ തെളിയുന്ന ചന്ദ്രനെയും സൂര്യനെയും വേനലിനേയും കണ്ട്( എന്തോ ഒന്ന്) എന്താണ് കവിതയെന്ന് ആലോചിക്കുകയും ചെയ്യുന്നു. ആശയങ്ങള്‍ ഇതേ കവിതയിലെ വരാലിനെപ്പോലെ സഞ്ചിയില്‍ നിന്ന് വെളളത്തിലേക്ക് വഴുതുന്നു.

കടുത്ത ജീവിതത്തെ പ്രകൃതിയിലൂടെ നോക്കിക്കാണുന്ന ഒരു സങ്കേതം ഗോപന്റെ പല കവിതകളിലുമുണ്ട്.

“സൂര്യന്‍ ഭൂമിയിലെ

ഒരു വീടിനെ ചൂണ്ടി

നക്ഷത്രങ്ങളോട് പറഞ്ഞു :

നോക്ക്,

എല്ലാവഴികളും അടഞ്ഞ്

ആത്മഹത്യ മുന്നില്‍ക്കണ്ട്  നടന്നിരുന്ന ഒരുവന്‍

ചേതമില്ലാത്ത ഒരു കളളം പറഞ്ഞ്

ജീവിതത്തിലേക്ക് തിരിച്ചുചെന്ന്

ഭാര്യയും കുഞ്ഞുങ്ങളുമായ്

സുഖമായി കഴിയുന്നത്.”( കളളന്‍).

ഇതേ കവിതന്നെ മനുഷ്യനിലെ മറ്റുജീവജാലങ്ങളെയും തിരയുന്നു.

“  അമര്‍ത്തിച്ചുംബിച്ചപ്പോള്‍

അറിഞ്ഞു അവള്‍

വളരെക്കാലമായി

പൂവ് ഒളിപ്പിച്ചുവെച്ച

ചെടിയാണെന്ന്” ( അടയാളം)

സ്വമേധയാ, വിസ്ഫോടകങ്ങളായ  ദുരന്തങ്ങളായി മാറുമ്പോഴും, ഇത് തന്നെ സംഭവിക്കുന്നുണ്ട് ‘ എങ്ങനെ’ പോലുളള കവിതകളില്‍. പുഴയുടെ  മൂല പ്രകൃതിയില്‍ ചെന്ന്, പുല്‍ത്തണ്ടൊടിച്ച് പൈപ്പിന്റെ ടാപ്പ് കാണിച്ചുതരുന്നതില്‍ ( മേല്‍പ്പോട്ടൊഴുകുന്ന പുഴ) മുന്‍പുപറഞ്ഞ മഗ്രിറ്റിയന്‍ വിസ്മയം തെളിയുന്നു( മഗ്രിറ്റിന്റെ ദിസ് ഈസ് നോട്ട് എ പൈപ്പ് എന്ന പെയിന്റിംഗ്  ടൈറ്റില്‍ ഇവിടെ  തീര്‍ച്ചയായും ബാധകമല്ലെന്നും അറിയുക)

 

മരണത്തെ മുഖ്യപ്രമേയമാക്കിയ കവിതകള്‍ ഒട്ടേറെയുണ്ട് ഈ സമാഹാരത്തില്‍.( സംഭവവും കഥാപാത്രങ്ങളും തികച്ചും സ്വാഭാവികം, ഒരു ദിവസം, റെയില്‍പ്പാളത്തില്‍ തലവെച്ച് കിടക്കുന്ന ഒരു നട്ടുച്ച, 48 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനൊക്കൂ   തുടങ്ങിയവ) . പടര്‍ത്തിപ്പറഞ്ഞും നാടകീയതകളും  നര്‍മ്മബോധവും പരമാവധി ഉപയോഗിച്ചും കവി മരണസംഭവങ്ങളില്‍ കവിത കാണുന്നു.  അനിമേഷനുകളാലാണ് കവി മരണത്തെ അതിജീവിക്കുന്നതെന്നും പറയേണ്ടിവരും. “ നട്ടുച്ചയ്ക്ക് ഒരു കുഞ്ഞ് അപ്പൂപ്പന്‍ നിന്ന് കിളയ്ക്കുന്നു”(റെയില്‍പ്പാളത്തില്‍ തലവെച്ച് കിടക്കുന്ന ഒരു നട്ടുച്ച). എന്നാല്‍ അവിടെനിന്നും കുട്ടിക്കരണം മറിഞ്ഞ്, മരണത്തെ ഉപാധിയാക്കി , ഗര്‍ഭപാത്രത്തിലെ ജനനപ്രക്രിയ  എന്ന നാടകത്തെ ‘ ശാസ്ത്രീയമായി ‘ പറഞ്ഞുവെച്ചുകൊണ്ട് മനുഷ്യാസ്തിത്വത്തിന്റെയും , ഭൂതഭാവിവര്‍ത്തമാനങ്ങളുടെയും  പൊരുള്‍ അന്വേഷിക്കുന്നുണ്ട് “ മരിച്ചവര്‍ വര്‍ത്തമാനകാലത്തില്‍ കുറച്ചുമാത്ര ജീവിച്ചിരിക്കുന്നു “ എന്ന കവിത. കാലത്തെ ഒരു മഹാനാഗമായിക്കണ്ട്, ജി ശങ്കരക്കുറുപ്പും   ബാലചന്ദ്രന്‍ ചുളളിക്കാടും നടത്തിയ അഭിമുഖീകരണമല്ല  ഈ കവിതയില്‍ കാണുന്നത്. കാലത്തെ ഒരു മൂര്‍ത്തിയെപ്പോലെ നിര്‍ത്തി സ്തുതിക്കാന്‍ ഇയാള്‍ മുതിരുന്നില്ല. ഒരു വൈദ്യനെപ്പോലെ ഇയാള്‍ ഉടലില്‍  ലീനമായിരിക്കുന്ന കാലതത്വത്തെപ്പറ്റി വിശദീകരിച്ചുതരുന്നു. മരണവും ജീവിതവും മരുന്നുകുറിപ്പുപോലെ നോക്കിക്കാണാനുളള  മനസ്സാണ് ഇയാളെ ഇക്കാലത്തിന്റെ കവിയാക്കി മാറ്റുന്നത്.

കവിതയില്‍ വാക്കും അര്‍ത്ഥവും തമ്മിലുളള പൊരുതലും പൊരുത്തവും എന്തെന്ന ചോദ്യം എന്നെന്നും കവികള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണല്ലോ.   അര്‍ത്ഥത്തെയും ചിത്രത്തെയും മുന്നില്‍ നിര്‍ത്തി വാക്കിനെ പിന്തളളുന്നതിന്റെ  ചരിത്രം പിന്നോട്ടുമറിച്ചുനോക്കിയാല്‍  എല്ലാവിധ സാംസ്കാരിക അധിനിവേശത്തിന്റെയും   ഭൂമികകളിലെത്തിച്ചേരാം. ആമയും മുയലും എന്ന രൂപകത്തെയെടുത്ത് ഈ പ്രശ്നത്തെ ഗോപന്‍ നിര്‍ദ്ധാരണം ചെയ്യുന്നുണ്ട്  അതേ പേരിലുളള കവിതയില്‍. വാക്കിന്റെ പക്ഷത്തോടുളള ഗോപന്റെ ചായ്‌വ് മണ്‍മറഞ്ഞ എല്ലാ  ഫോക്ക് കവികളോടുമുളള ശ്രദ്ധാഞ്ജലിയായി വായനക്കാരനനുഭവപ്പെടും.

ക്രൂരകാലത്തിന്റെ മുനയില്‍ നില്‍ക്കുമ്പോഴും മനുഷ്യര്‍ ഇതുവരെയനുഭവിച്ച ജീവിതാനുഭൂതികളെ നെഞ്ചോടടുക്കിപ്പിടിച്ച് എഴുതുന്ന കവിയാണ് കളത്തറ ഗോപന്‍. കവിത ഇയാളുടെ മുന്നില്‍ “മനുഷ്യാകാരം പൂണ്ട നിലാവാ”യി  നില്‍ക്കുന്നു. “രാത്രിയെ സ്വന്തമാക്കി പൂക്കള്‍ വിരിയിക്കുന്നതാണ്”(നിശാഗന്ധി) കവിതയെന്ന് ഇയാള്‍ വിശ്വസിക്കുന്നു.

ഇത്രയധികം കല്‍പ്പനകള്‍ കൊണ്ടുമൂടിയിട്ടും കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്ന ഒരു സാധാരണക്കാരന്‍ ഈ കവിതകളില്‍ ഉയര്‍ന്നുയര്‍ന്നുവരുന്നതായി നമുക്ക് തോന്നുന്നു.   നിലാവുകൊണ്ടോ   പൂക്കള്‍ കൊണ്ടോ മരണം കൊണ്ടോ കീഴടക്കാന്‍ പറ്റാത്ത മനുഷ്യദു:ഖത്തില്‍ അയാള്‍ താണുകൊണ്ടുമിരിക്കുന്നു.  പ്രകൃതിയുടെ അഴകുമുഴുവന്‍ ഉപയോഗിച്ച് കളത്തറഗോപന്‍  എഴുതുന്ന കവിതകളോരോന്നിലും ട്രാജഡികളുടെ യവനികകള്‍ കറുപ്പ് നിറയ്ക്കുന്നു. തനതായ എഴുത്തുകേന്ദ്രത്തിന്റെ അപൂര്‍വതകൊണ്ടും, ദണ്ഡകങ്ങള്‍ മുതലുളള വിവിധങ്ങളായ കാവ്യരൂപങ്ങളുടെ ഉപയോഗം കൊണ്ടും,  വൈചിത്ര്യവും  അപ്രതീക്ഷിതത്വവും  നിറഞ്ഞ ഒരു  ഭാഷാഭൂപടം ഈ കവി നിവര്‍ത്തിവിരിക്കുന്നു.

 

Spread the love