ഇറ്റാലോ കാൽവിനോയുടെ ഒരു കഥയുണ്ട്. ഒരു ഗ്രാമത്തിൽ എല്ലാവരും മോഷണത്തിൽ ഏർപ്പെടുകയാണ്. എല്ലാവരും പരസ്പരം  മോഷ്ടിക്കുന്നു. മറ്റൊരു വീട്ടിലെ ഫ്രിഡ്ജും ടീവിയുമൊക്കെ എടുത്തുകൊണ്ടുവന്നു സ്വന്തം വീട്ടിൽ  വെയ്ക്കുന്നു. ഈ കഥ ഇപ്പോൾ ഓർത്തുപോവുകയാണ്. സാഹിത്യ മോഷണം വാർത്തയാവുകയാണല്ലോ. അതൊക്കെ ഒറ്റപ്പെട്ട  സംഭവങ്ങളാണ്.  കവിതയിലെ
യഥാർത്ഥ പ്രശ്നം സ്വാധീനമാണ്. കവിതകളോടുളള വൈകാരികബന്ധമാണ് അത്തരം
രചനാരീതികളുടെ പിന്നിൽ. ഞാൻ തന്നെ ഒരു കാലത്ത് പലരേയും അനുകരിച്ച് എഴുതിയിരുന്നു. അത് ആശയമോഷണമെന്നൊന്നും പറയാൻ കഴിയില്ല. അറിയാതെ
സംഭവിച്ചതാണ്. എഴുതുന്നതെല്ലാം അനുകരണങ്ങളാവുകയാണ്.

ഇറ്റാലൊ കാൽ വിനോ

അതുപോലെ ഒരു അനുകരണദശയിലാണ് ഇന്നത്തെ കവികളിൽ പലരും നിൽക്കുന്നത്. ചെറുപ്പക്കാരാണല്ലോ ഇന്ന് കവിതയിലേക്ക് വരുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിനു  ശേഷമാണ് ഈ രീതി തുടങ്ങിയത്. അദ്ദേഹത്തിന്റെ പ്രശസ്തി കണ്ടിട്ടാവാം. ആദ്യകാലത്തൊക്കെ കുറച്ചു പ്രായമായ ശേഷമാണ് മിക്കവരും  കവിതകളിലേക്കു കടന്നുവന്നിട്ടുള്ളത്. കുമാരനാശാൻ 33  വയസ്സിലാണ് ഗൗരവമായി
കവിതയെഴുതിത്തുടങ്ങിയത്. ഇന്നത്തെ കവി കവിതയെ ശരിക്കും  മനസിലാക്കാതെ എഴുത്തിലേക്ക് വരുന്നു. അവര്‍ ആദ്യമെഴുതുന്ന കവിത അവര്‍ക്ക് മഹത്തായ
കവിതയാണ്. എന്തുചെയ്യാം?

അനുകരണത്തെപ്പറ്റിത്തന്നെ ചിന്തിക്കാം.

                    പി രാമൻ

കലയുടെ അടിസ്ഥാനതത്വം തന്നെ അനുകരണമാണല്ലോ. അനുകരണമാണ് കല എന്നാണല്ലോ പ്ലേറ്റോ പറഞ്ഞിട്ടുള്ളത്. അത് ഇന്നുമെന്നും പ്രസക്തമാണ്. സിനിമയിലെ നടന്മാർതന്നെ അനുകരിക്കുന്നവരാണ്. അവർ ഓരോരോ മനുഷ്യരെയും  അനുകരിച്ചുകാണിക്കുകയാണ്. അത് തെറ്റാണെന്നു പറയാനാവില്ലല്ലോ. ഇന്നത്തെ കവികൾക്ക് പി. രാമനെയോ മറ്റു പ്രശസ്തരായ    കവികളെയൊക്കെയോ അനുകരിക്കാൻ  താല്പര്യമുണ്ടാകും.  ചങ്ങമ്പുഴയെ
ധാരാളംപേർ അനുകരിച്ചിട്ടുണ്ട്. പക്ഷെ കുമാരനാശാനെ അനുകരിക്കാൻ
വളരെ പ്രയാസമാണ്. ഇന്നും ചങ്ങമ്പുഴയെ അനുകരിക്കുന്നവരുണ്ട്.

എന്നാൽ കുമാരനാശാന്റെ കവിതകളെ അനുകരിച്ചു ബാലചന്ദ്രൻ ചുള്ളിക്കാടും എഴുതിയിട്ടുണ്ട്. താതവാക്യവും മാനസാന്തരവുമൊക്കെ കുമാരനാശാന്റെ കവിതയിലെ വൃത്തത്തെ, ശൈലിയെ അനുകരിച്ചു എഴുതിയതാണ്. പക്ഷെ ഉള്ളടക്കം വേറെയാണ്. അതുകൊണ്ടു അതൊരു അനുകരണമാണെന്നു
പറയാനാവില്ല. അതൊരു പോസ്റ്റ് മോഡേൺ യുക്തികൂടിയാണ്. ടി. പദ്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന കഥ അതേ പേരിൽ സക്കറിയ
എഴുതിയിട്ടുണ്ട്. അത് അനുകരണമെന്നു പറയാൻ കഴിയില്ല. അത് പാരഡി
യാണ്. അത് ഉത്തരാധുനികരീതിയാണ്. മൊണാലിസയുടെ ചിത്രത്തിന് മീശ
വരച്ചുവെച്ചിട്ടുണ്ട് ഒരു ചിത്രകാരന്‍. ചിത്രകല പഠിച്ചാല്‍ വ്യക്തമാകും. ഇതിനെ
ലളിതമായി അനുകരണമെന്നു പറയാൻ കഴിയില്ല. കലയിൽ ഇത്തരം പ്രവണതകൾഅംഗീകരിക്കപ്പെട്ടവയാണ്. ഒരാളുടെ കവിതകള്‍ ആരെങ്കിലും അനുകരിക്കുന്നുണ്ടെങ്കിൽ അത് ആ കവിതയുടെ മികവാണ്. അനുകരണം എന്നത് ഒരു കലാതത്വമാണ് എന്നും പറയാവുന്നതാണ്. ആന എന്ന എന്റെ കവിതയിൽ സഹ്യന്റെ മകൻ എന്ന വൈലോപ്പിള്ളി കവിതയുടെ മറ്റൊരു രീതിയാണ് അവലംബിച്ചിട്ടുള്ളത്.

വൈലോപ്പിള്ളി

മാമ്പഴം എന്ന കവിത മറ്റൊരു രീതിയിലാണ്  ഞാൻ എഴുതിയിട്ടുള്ളത്. മാവിന്
അനവധി കുഞ്ഞുങ്ങളുണ്ട് എന്ന് പറയുന്നു. മാങ്ങ തന്നെ അമ്മയും കുഞ്ഞുമാണ്.
മാങ്ങയുടെ മാംസളത  അതിന്റെ മാതൃത്വവും  അകത്തിരിക്കുന്ന
പരിപ്പ് കുഞ്ഞുമാണ്. ഇത് ചില രീതികളെ പുനരാവിഷ്ക്കരിക്കുകയാണ്. ഇത്
ബോധപൂർവമായ ഒരു ഉത്തരാധുനികരീതിയാണ്. ഉദാഹരണത്തിന് ബി. മുരളിയുടെ ഒരു  കഥ ആന്റൺ ചെക്കോവിന്റെ കഥകയോട് ചേർന്നാണ് . സന്തോഷ്
ഏച്ചിക്കാനത്തിന്റെ കൊമാല എന്ന കഥ ഹുവാൻ റൂൾഫോയുടെ പെഡ്രോ പരാമയെ ഉൾപ്പാഠമായി സ്വീകരിക്കുന്നു. അതിനെ മലയാളത്തിലെ മികച്ച കഥകളിലൊന്നായി പരിഗണിക്കുന്നുണ്ട്. വാന്ഗോഗിന്റെ ചിത്രത്തെ എൻലാർജ് ചെയ്ത രീതികൾ
കണ്ടിട്ടുണ്ട് . വാന്‍ ഗോഗ് മില്ലെയുടെ ചിത്രത്തെ അനുകരിച്ചിട്ടുണ്ട്.

Read Also  എരിവേനലിൻ കവിതകൾ

          വിൻസെൻ്റ് വാൻ ഗോഗ്

ഞാന്‍ പ്രശസ്ത ചിത്രങ്ങളെ അനുകരിച്ച് വരയ്ക്കാന്‍ പഠിച്ചിട്ടുണ്ട്. ഉത്തരാധുനികമായ പുതിയ ഒരു ആഖ്യാനരീതിയാണ് അത്.  പുതിയ കവികളിൽ ഭാഷാപരമായ  മികവില്ലാത്തതിന്റെ  ഒരു കാരണം കവിത കുറവായതുകൊണ്ടാണ്. മറ്റൊന്ന് അവര്‍ ഭാഷയിലല്ല പ്രമേയത്തിലാണ് ഊന്നുന്നത് എന്നതാണ്. ദളിത് കവിതയാണെങ്കിലും പരിസ്ഥിതി കവിതയാണെങ്കിലും സ്ത്രീ കവിതയാണെങ്കിലും ഒരേ രീതിയിലാണ് ഇപ്പോൾ. കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിത നോക്കാം. ഒരു കാവ്യം എന്ന രീതിയിൽ അത് അത്ര പോരാ.നളിനിയും ലീലയുമാണ് മികച്ച കൃതികൾ.സാമൂഹ്യപ്രശ്നങ്ങൾ  ഈ രീതി അവലംബിക്കുമ്പോൾ അവ അത്രയും പ്രകടമാകാത്ത, കലയ്ക്കു മുൻ‌തൂക്കം നൽകുന്ന രീതിയിൽ വേണം.

പി. രാമന്റെ മുല്ലത്തറ എന്ന കവിത നോക്കാം. അതിൽ പരിസ്ഥിതി പ്രശ്നം പറയാതെ പറയുന്നുണ്ട്, ജീവിതം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. പക്ഷെ അതെല്ലാം കവിതയില്‍ ഒളിഞ്ഞിരിക്കുന്നു. കവിതയ്ക്കാണ് പ്രാധാന്യം. ഇന്ന് അങ്ങനെയല്ല.  ഇന്ന് വിഷയത്തിന് പ്രാധാന്യം കൊടുത്തിട്ടു കവിത നഷ്ടമാകുന്ന പ്രവണത കാണുന്നുണ്ട്. അതാണ് രാമൻ ഉന്നയിക്കുന്ന പ്രശ്നം. ചിന്താവിഷ്ടയായ സീത, അതൊരു ഫെമിനിസ്റ്റ് വർക്കാണ്. ഇന്ന് എഴുതുന്നതുപോലെ തുറന്നു എഴുതുന്ന രീതിയല്ല. എത്ര സുന്ദരമായാണ്    അതിൽ കവിതയെ ഉള്ളടക്കം ചെയ്തിരിക്കുന്നത്. ഇന്ന് എഴുതുന്നതുപോലെ തുറന്നു എഴുതുന്ന രീതിയല്ല. തുറന്നെഴുതുമ്പോൾ വിഷയം മുൻപിൽ നിൽക്കുന്നു, കവിത പുറകേ പോകുന്നു.അവിടെ കവിത നഷ്ടപ്പെട്ടുപോകുന്നു. രാഷ്ട്രീയമായി ചർച്ച ചെയ്യാൻ വേണ്ടി ഇന്ന് കവിതയെ അത്തരത്തിൽ  ബലികഴിക്കുന്നുണ്ട്. ട്രെന്റ്റി ആയ എഴുത്താണത്. താല്ക്കാലികമാണത്.

അനുകരണത്തിന്റെ അനന്തസാധ്യതകളെ സിനിമയിലും ചിത്രകലയിലും സാഹിത്യത്തിലുമൊക്കെ വളരെ പോസിറ്റിവായി  ഉപയോഗിക്കുന്നുണ്ട്. പിക്കാസ്സോ
ആഫ്രിക്കന്‍ ആര്‍ട്ടിനെ അനുകരിച്ചാണ് ക്യൂബിസം രൂപപ്പെടുത്തിയത്. വാന്‍ ഗോഗും മറ്റും ജാപ്പാനീസ് ആര്‍ട്ടിനെ അനുകരിക്കുന്നുണ്ട്. കാളീനാടകം എന്ന ആർ
ഉണ്ണിയുടെ കഥ, എസ്.ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം എന്ന കഥ
നോക്കാം. രണ്ടിനും അയ്മനം ജോണിന്റെ   ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കടബാധ്യതകള്‍
എന്ന ഒരു കഥയുമായി സാമ്യങ്ങള്‍ കാണുന്നുണ്ട്. (അയ്മനം ജോണ്‍ പക്ഷേ
ആഘോഷിക്കപ്പെട്ടില്ല) അത് വെറും അനുകരണമല്ല താനും, സാധ്യതയാണ്.
അപഹരണം പോലും വലിയ കുറ്റമായി കാണാത്ത കാലങ്ങളുണ്ട്.

മുഹമ്മദ് ഗോറി ഇന്ത്യയിലെ ക്ഷേത്രത്തിന്റെ സ്വർണവാതിൽ പൊളിച്ചുകൊണ്ടു പോയി.നമ്മുടെ പ്രശസ്തരായ ആധുനിക കവികളിൽ പലരും ലോർക്കയുടെയും നെരൂദയുടെയും  കവിതകളെ അനുകരിച്ചിട്ടുണ്ട്. അവരൊക്കെത്തന്നെ ലാറ്റിൻ അമേരിക്കൻ കവികളെ ആഫ്രിക്കന്‍ കവികളെ അന്ധമായി അനുകരിച്ചിട്ടുണ്ട്. കുരുക്ഷേത്രം എന്ന കവിത വേസ്റ്റ് ലാൻഡിനെ അനുകരിച്ചെഴുതിയതെന്നു പറയുന്നുണ്ട്. അതിന്റെ ആഖ്യാനരീതിയൊക്കെ അയ്യപ്പപ്പണിക്കർ ഉപയോഗിച്ചിട്ടുണ്ട്. അതൊന്നും അനുകരണം എന്നാരും പറഞ്ഞില്ലല്ലോ.അതൊക്കെ സാധ്യതകള്‍ ആയിരുന്നു. ലോകത്ത് എല്ലാ സാഹിത്യവും അജ്ഞാതനായ ഒരാളാണ് എഴുതുന്നതെന്ന്   ബോര്‍ഹസ് പറഞ്ഞിട്ടുണ്ട്.

കാഫ്കയുടെ രചനാരീതി  വ്യാപകമായി പലരും ഉപയോഗിക്കുന്നുണ്ടല്ലോ. ആർ. ഉണ്ണിയുടെ കഥകൾക്ക് കാഫ്കയുടെ ശൈലിയുണ്ടല്ലോ. ആയിരത്തൊന്ന്
രാവുകളുടെ ആഖ്യാനരീതി ബോർഹസ് ഉപയോഗിച്ചിട്ടുണ്ട്. അതിനെയൊന്നും അനുകരണമെന്നു പറയാനാവില്ല. ലോകത്തിലെ നഗരങ്ങളെല്ലാം അനുകരണങ്ങളാണ്.  എല്ലാ നഗരങ്ങളുടെയും നിർമ്മാണരീതി ഒരേപോലെയാണെന്നാണ് വാസ്തുശില്പ വിദ്യ പറയുന്നു. നഗരങ്ങൾക്കെല്ലാം തന്നെ
ഒരേ ഘടനയാണ്. നാമെന്തിനാണ് ബിരിയാണി കഴിക്കുന്നത്? അപ്പോൾ
ഭക്ഷണത്തിൽ, വസ്ത്രത്തിൽ, ജീവിതരീതികളിൽ എല്ലാംതന്നെ  അനുകരണങ്ങളാണ്.

Read Also  ആശയമോഷണം പുതുകാലകവിതയിൽ ; ചർച്ചയിൽ പി രാമൻ എഴുതുന്നു

അതാണ് ലോകത്തുളളവരെ ബന്ധിപ്പിക്കുന്നത്. ആധുനികരെ അനുകരിച്ച് ഞങ്ങള്‍വന്നു. ഞങ്ങളെ അനുകരിച്ച് ഞങ്ങളെ തുടര്‍ന്നുളള കവികള്‍
വന്നു.അവരാകട്ടെ സ്വന്തം കാലില്‍ നില്‍ക്കാറായിട്ടുമില്ല. കവിത തിരഞ്ഞവര്‍ ലോകം മുഴുവനും നടക്കട്ടെ. ലോകത്തിന്റെ ആഴങ്ങളിലേക്കും പോകട്ടെ.
 എന്റെ ഒരു മേസ്തിരിയോ അല്ലെങ്കിൽ മറ്റേതെങ്കിലും കവിതയോ ആരെങ്കിലും
എടുത്ത് സ്വന്തം പേരിൽ ഉപയോഗിക്കുകയാണെങ്കിൽ ഞാൻ പരാതി പറയാൻ പോകില്ല. കാരണം അത്  ഞാൻ എഴുതിയ കവിതയാണെന്നുകുറേപ്പേര്‍ക്ക് അറിയാം. ഖസാഖിന്റെ ഇതിഹാസത്തിലെ വരിയാണല്ലോ, പണ്ട് പണ്ട് ദിനോസറുകൾക്കുമുമ്പ്  രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി…. എന്ന് തുടങ്ങുന്ന വരികൾ രണ്ടു ജീവബിന്ദുക്കളിൽ ഒന്ന് മനുഷ്യജീവിയായി, മറ്റൊന്ന് ചെടിയായി മാറി എന്നാണു
വിവരിക്കുന്നത്. ഇനി കുമാരനാശാന്റെ വരികൾ നോക്കാം

`ഒന്നല്ലി നാമയി  സഹോദരരല്ലി പൂവേ
ഒന്നല്ലീ കയ്യിഹ  രചിച്ചത് നമ്മെയെല്ലാം`

ഖസാഖിന്റെ ഇതിഹാസത്തിന്റെ രത്നക്കല്ലാണല്ലോ ആ ഭാഗം. പക്ഷെ അത് വിജയൻ അപഹരിച്ചതാണെന്നു ആരെങ്കിലും പറഞ്ഞോ?
അത് അറിഞ്ഞോ  അറിയാതെയോ  സംഭവിക്കാം. വള്ളത്തോൾ വന്നതിനുശേഷം അദ്ദേഹത്തെ അനുകരിച്ചാണ്‌ ഇടശ്ശേരി, വൈലോപ്പിള്ളി, അക്കിത്തം തുടങ്ങിയവരൊക്കെ വന്നത്. ഇതിൽ ഇടശ്ശേരിയും വൈലോപ്പിള്ളിയുമൊക്കെ വള്ളത്തോളിനേക്കാളും വലിയ കവികളായി മാറി. ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേയ്ക്ക് സാധനം മാറ്റുന്നതാണ് മോഷണം. ഒരു കടയിലിരിക്കുന്ന  ഒരു സാധനം പണം കൊടുക്കാതെ എടുത്തുകൊണ്ടുവരുന്നത് മോഷണമാണ്. നിയമമനുസരിച്ചു അത് കുറ്റമായി കാണുന്നു. ശിക്ഷിക്കപ്പെടുന്നു. കലയുടെ കാര്യത്തിലാവുമ്പോൾ അത് അങ്ങനെ കാണേണ്ടതില്ല.

സംസ്കൃതത്തില്‍നിന്നും വിദേശത്തുനിന്നും മറ്റും മോഷ്ടിച്ചുണ്ടാക്കിയതാണ് നമ്മുടെ സാഹിത്യം. ഒന്നിനുമില്ല മൌലികത. ഒറിജിനല്‍ ഇല്ല.   പകര്‍പ്പുകളേയുളളു.  സി വി രാമൻ  പിള്ളയുടെ നോവലിൽ  എത്രയോ എഴുത്തുകാരുടെ  കൃതികളുടെ ഭാഗമാണ് ആമുഖമായി കൊടുത്തിരിക്കുന്നത്. അവരെയൊന്നും നാം അറിയുകപോലുമില്ല.  തന്റെ കൃതി അവതരിപ്പിക്കാൻ വേണ്ടി പണ്ടത്തെ  കൃതികളുടെ  ചില ഭാഗങ്ങളും നാടൻ പാട്ടുകളും ആമുഖമായി കൊടുത്തിരിക്കുകയാണ്.  ബോർഹസ് ഖുറാന്റെ
വചനങ്ങളും എടുത്ത് ഉപയോഗിക്കുന്നുണ്ട്. അത് തെറ്റാണെന്നു പറയാൻ കഴിയില്ല. എന്റെ കവിതയുടെ വരികളും പ്രമേയവും മറ്റും പലരുടേയും കവിതകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഞാനത് ഒരു പുഞ്ചിരിയോടെ കാണുന്നു.

മുതലയുടേയും കുരങ്ങന്റെയും കഥ നോക്കാം. ഒരു  കുരങ്ങൻ ഒരു പാറയിൽ നിന്നും മറ്റു പാറകളുടെ  മുകളിലേയ്ക്ക് ചാടിക്കളിക്കുകയാണ്‌. ഇടയ്ക്കൊരു നദിയുണ്ട്. ഇത് കണ്ട ഒരു മുതലയ്ക്ക് അതിന്റെ ശരീരം വേണമെന്ന ആഗ്രഹം തോന്നിയിട്ട് ഭർത്താവിനോട് പറയുന്നു. അങ്ങനെ ഭർത്താവ് മുതല ഒരു പാറയായി പാറകള്‍ക്കിടയില്‍ കിടന്നു. ഇതുമനസിലാക്കിയ കുരങ്ങ്

`അല്ലയോ പാറ സഹോദരാ നിനക്ക് സുഖം തന്നെയല്ലേ`

എന്ന് ചോദിക്കുന്നു. മുതല കുരങ്ങന്‍ പാറയുമായി എന്നും സംസാരിക്കാറുണ്ട് എന്നു കരുതി സുഖം തന്നെയാണ് എന്ന് പറയുന്നു. അതോടെ പദ്ധതി പൊളിയുന്നു. ഇത്
പരിചിതമായ ആ കഥയുടെ വേറൊരു രൂപമാണ്. ഇത് ഒരു സദാചാരപ്രശ്നമായി കാണേണ്ടകാര്യമില്ല എന്നാണു എനിക്ക് തോന്നുന്നത്. ചങ്ങമ്പുഴയെപ്പോലെ   300 പേര് എഴുതിയിട്ടുണ്ട്. അതുകൊണ്ടു ചങ്ങമ്പുഴയെ വളർന്നുള്ളൂ. അത് വലിയ പ്രശ്‌നമേയല്ല. അങ്ങനെയാണ് ഈ പ്രശ്നത്തെ സമീപിക്കേണ്ടത്.   നാം എഴുതുക എന്നത് മാത്രമേ നമ്മുടെ ഉത്തരവാദിത്തമായി കാണുന്നുള്ളൂ. എഴുതുന്നത് നമുക്ക് അജ്ഞാതരായ
വായനക്കാര്‍ക്കുവേണ്ടിയാണ്. എഴുതിക്കഴിഞ്ഞാല്‍ അതിനെ വിടുക.
ഇനി ഇറ്റാലോ കാല്‍വിനോയിലേക്ക് വരാമെന്നുതോന്നുന്നു.  എല്ലാവരും മോഷ്ടിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കില്‍ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് അത് അവസാനിപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here