Sunday, January 16

എസ് ഡി പി ഐ പ്രതിഷേധം: 150 പേര്‍ അറസ്റ്റില്‍

അഭിലാഷ് പടച്ചേരി

മഹാരാജാസിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യൂവിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ച് ആലുവയില്‍ നടന്ന പ്രകടനം അക്രമാസക്തമായി. സംഭവത്തില്‍ 120 എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.  എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംസ്ഥാനമൊട്ടാകെ പൊലീസ് എസ്ഡിപിഐ പ്രവർത്തകർക്ക് നേരെ നടത്തുന്ന വീടുകയറിയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ റൂറൽ എസ്പി രാഹുൽ എസ് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിഷേധ പ്രകടനം നടത്തിയവരെ ആലുവ ബാങ്ക് ജംഗ്‌ഷനിൽ വെച്ച് തടഞ്ഞത്. തുടർന്ന് 120ൽ അധികം വരുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കളമശേരി സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.

“കൊലകൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ല. അത് അപലപനീയമാണ്. വിദ്യാർത്ഥി രാഷ്ട്രീയ പ്രിസ്ഥാനങ്ങൾക്ക് കൊലപാതകം ഒരിക്കലും പരിഹാരമല്ല. പ്രതികളെ പിടിക്കണം എന്ന് തന്നെയാണ് ഞങ്ങൾക്ക് പറയാനുള്ളത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ പൊലീസ് പുറത്ത് വിടട്ടെ. കൃത്യമായി എന്താണ് നടന്നത് എന്ന് പൊലീസ് കണ്ടു പിടിക്കട്ടെ. പ്രതികളെ അറസ്റ്റ് ചെയ്യട്ടെ. പക്ഷെ അതിന്റെ പേരിൽ സംസ്ഥാനത്ത് ഒട്ടാകെയുള്ള എസ്ഡിപിഐ പ്രവർത്തകരെ ആക്രമിക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ലെന്നും  കാമ്പസ് ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എടവനക്കാട് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പൊലീസിന്റെ പരിശോധന മൂലം വയസ്സായ സ്ത്രീ നെഞ്ച് വേദന വന്ന് ആശുപത്രിയിൽ ആയ സ്ഥിതി ഉണ്ടായിട്ടുണ്ട്. പിണറായി ഇപ്പോൾ അമേരിക്കയിൽ പോയത് കാരണം മാധ്യമങ്ങളോട് മറുപടി പറയേണ്ട എന്നുള്ളത് കൊണ്ടായിരിക്കാം പൊലീസ് ഇത്തരം അക്രമങ്ങൾ കാണിക്കുന്നത്. പൊലീസ് ഇങ്ങനെ ഭയപ്പെടുത്തേണ്ട ആവശ്യം ഇല്ല. ഒരു പാട് കൊലകൾ ഇവിടെ നടക്കുന്നുണ്ട്. ഇത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടേയോ കുറവുകളോ പോരായ്മയോ ആയിരിക്കാം. പക്ഷെ അതിന്റെ പേരിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്നത് തെറ്റായ നടപടികളാണ്. ഇത് പ്രതിഷേധകരമായ കാര്യമാണ്. ജനാധിപത്യത്തിൽ ഇതൊരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.” ഷമീർ പറഞ്ഞു.

അതേസമയം സംസ്ഥാന വ്യാപകമായി എസ്ഡിപിഐ, കാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുടെ ഓഫീസുകളിലും വീടുകളിലും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

Spread the love
Read Also  മഹാരാജാസില്‍ എസ്എഫ്‌ഐ നേതാവ് കുത്തേറ്റ് മരിച്ചു; ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്