Monday, January 24

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊല അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണി

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് അന്വേഷിച്ച ഉദോഗസ്ഥന് ജീവന് ഭീഷണി. കൊലയുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാന്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന ആരോപണവുമായാണ് കേസന്വേഷിച്ച ഗുജറാത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ വസന്ത് ലാല്‍ജിഭായ് സോളങ്കി രംഗത്ത് വന്നിരിക്കുന്നത്. ‘ദി വയർ’ന് നൽകിയ അഭിമുഖത്തിലാണ് ലാൽജിഭായിടെ വെളിപ്പെടുത്തൽ. 2009 മുതല്‍ ലാൽജിക്ക്‌ നല്‍കിയിരുന്ന പൊലീസ് സുരക്ഷ ഈ വർഷം ജൂലൈ 18ഓടെ പിൻവലിച്ചിരുന്നു. സുരക്ഷയില്ലാതെ അലഹബാദിന് പുറത്ത് പോകാൻ കഴിയാത്തത് കാരണം ഇന്നലെ സിബിഐകോടതിയിൽ ലാൽജി ഹാജരായിരുന്നില്ല. സെപ്റ്റംബര്‍ ആറിന് മുംബൈയിലെ സി.ബി.ഐ കോടതിയില്‍ നിന്നും ലാൽജിക്ക്‌ കേസിൽ ഹാജരാവുന്നത് സംബന്ധിച്ച് സമന്‍സ് ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 21ന് കോടതിക്കു മുമ്പാകെ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. അങ്ങനെയുള്ള തന്റെ സുരക്ഷാ പിൻവലിച്ചതിന്റെ കാരണം വ്യക്തമാണ് എന്നും അദ്ദേഹം പറയുന്നു.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസന്വേഷിച്ച ലാൽജിഭായി സംഭവം വ്യാജ ഏറ്റുമുട്ടൽ ആണെന്നും ഏറ്റുമുട്ടലിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ പേരും വെളിപ്പെടുത്തിയിരുന്നു. ‘ഞാൻ കോടതിയില്‍ ഹാജരാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന ഭരണകൂടം എല്ലാശ്രമങ്ങളും നടത്തുന്നുണ്ട്. ഒരു സിറ്റിങ് ജഡ്ജി മരണപ്പെടാമെങ്കില്‍ ഒരു റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്‌പെക്ടറായ എന്റെ സ്ഥിതി എന്തായിരിക്കും. ഈ കേസില്‍ ആരോപണവിധേയരായ എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് ലഭിക്കാന്‍ സര്‍ക്കാറും പൊലീസും ഏതറ്റം വരെയും പോകും. അവര്‍ക്ക് കൊല്ലാനും കഴിയും’ ലാൽജി ഭായി പറഞ്ഞു.

സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വധഭീഷണിയെന്ന് മുഖ്യസാക്ഷി

സുരക്ഷ പിൻവലിക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് സർക്കാർ യാതൊരു കാരണവും ബോധിപ്പിച്ചിട്ടില്ല. ഇതിനെതിരെ ഗുജറാത്ത് പൊലീസ്, സുപ്രീം കോടതി, ഗുജറാത്ത് ഹൈക്കോടതി, വിചാരണ നടക്കുന്ന മുംബൈ സി.ബി.ഐ കോടതി എന്നിങ്ങനെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം താൻ സമീപിച്ചുവെന്നും സുരക്ഷാ പുനഃസ്ഥാപിക്കുന്നതിനായി എട്ടോളം കത്തുകൾ അയച്ചുവെന്നും എന്നാൽ ഒന്നിനുപോലും തനിക് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെയാണ് കേസ് കൈകാര്യം ചെയ്തിരുന്ന ജസ്റ്റീസ് ലോയ നാഗ്പൂരില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപെട്ടത്‌. ലോയയുടെ മരണശേഷം ഒരു മാസം പൂര്‍ത്തിയായപ്പോള്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവ് പുറത്തുവന്നിരുന്നു. അമിത് ഷായ്ക്കെതിരെ വ്യക്തവും മതിയായതുമായ തെളിവ് ഇല്ലെന്നും കേസ് അന്വേഷിച്ച സിബിഐ അനുമാനങ്ങളെ പൂര്‍ണമായും ഉള്‍ക്കൊളളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക സിബിഐ കോടതി ജഡ്ജി എംബി ഗോസാവിയുടെ ഉത്തരവ്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കൊലയിലെ ആറ് പേരെ കോടതി വെറുതെ വിട്ടു

2005 നവംബര്‍ 26നാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ബിയെയും ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണെന്ന് ആരോപിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തട്ടിക്കൊണ്ടുപോകുകയും വെടിവെച്ച് കൊല്ലുകയും ചെയ്തത്. കേസിലെ ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയെയും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുജറാത്ത് പോലീസ് പിന്നീട് വധിച്ചിരുന്നു.

Spread the love
Read Also  അഹമ്മദാബാദ് ജില്ല സഹകരണബാങ്കിലെ അതിഭീമ നിക്ഷേപങ്ങള്‍: വിശദീകരിക്കാനാവാതെ ബിജെപി നേതൃത്വം

Leave a Reply