ബിജെപി സംസ്ഥാന അധ്യക്ഷൻ പി. എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മാധ്യമ പ്രവർത്തകൻ ഷൈബിൻ നൻമണ്ട നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. യുവമോർച്ച യോഗത്തിലെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കലാപത്തിന് ആഹ്വാനം നൽകി, തന്ത്രിയുമായി ചേർന്ന് ഗൂഢാലോചന നടത്തി, സുപ്രീംകോടതി വിധിക്കെതിരെ സംസാരിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ തന്നോട് ഉപദേശം ചോദിച്ചാണ് യുവതി പ്രവേശനമുണ്ടായാൽ ശബരിമല നടയടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പ്രസ്താവന.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി ബി.ജെ.പിയ്ക്ക് കിട്ടിയ അവസരമാണെന്നും നിലവിൽ ബി.ജെ.പിയുടെ അജണ്ടയനുസരിച്ചാണ് ശബരിമലയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.