Saturday, January 29

ശതാഭിഷേകത്തിൽ കിങ്ങിണിക്കുട്ടന്മാർ ജീവചരിത്രം എഴുതുമ്പോൾ

ഇന്ന് സാക്ഷാൽ മോദി പോലും തിരിച്ചറിയേണ്ട ഒരു സാംസ്കാരിക രാഷ്ട്രീയം അത് അടിയന്തിരാവസ്ഥയെ ചടുലമായി ചിത്രീകരിച്ച ബക്കർ ചിത്രമായ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിന് തിരഞ്ഞുപിടിച്ച് അവാർഡ് നൽകിയ കൗശല ബുദ്ധിയായിരുന്നു.

കൊലക്കയർ കാത്ത് കഴിയുന്ന മകന് പൊതിച്ചോറു കെട്ടി അവസാന ഉരുള നൽകാൻ പോയ വെള്ളായിയപ്പനെ നമ്മൾ വായിച്ചത് ഒരു കാലഘട്ടത്തിന്റെ പിന്നാമ്പുറത്തു നിന്നായിരുന്നു. “മരിച്ചിട്ടും എന്തിനാണ് നിങ്ങളെന്റെ മകനെ മഴയത്ത് നിർത്തിയത്” എന്ന് ചോദിച്ചതിൽ ഫിക്ഷനില്ല യാഥാർത്ഥ്യം മാത്രമേയുള്ളു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ ചോദ്യം ഇന്നും പ്രസക്തമാണ്. ‘നാവടക്കു പണിയെടുക്കു’ എന്ന മുദ്രാവാക്യമുയർത്തി സാധാരണ പൗരന്റ മൗലികാവകാശങ്ങളെപ്പോലുമില്ലാതാക്കിയ അടിയന്തിരാവസ്ഥയുടെ നാൽപ്പത്തിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തെ ക്ഷുഭിത യൗവനങ്ങൾ വർദ്ധക്യത്തെ പ്രാപിക്കുമ്പോഴും ഈച്ചരവാരിയർ എന്ന അച്ഛന്റെ ചോദ്യം നിഴലിക്കുന്ന പരിസരത്ത് നിന്നു വേണം അടിയന്തിരാവസ്ഥയുടെ സോണൽ ഏജന്റായിരുന്ന കരുണാകരൻ എന്ന മുൻ മുഖ്യമന്ത്രിക്ക് സ്മരണക്കുറിപ്പെഴുതാൻ. നിർഭാഗ്യവശാൽ ആശ്രിതവത്സലൻമാർ മാത്രമാണ് ഇന്നത്തെ പത്രത്താളുകളിൽ നിറഞ്ഞത്.

ഒരു ഭരണാധികാരിയുടെ കാലഘട്ടത്തെ അടയാളപ്പെടുത്തുമ്പോൾ കറുപ്പും വെളുപ്പും കാണണം എന്നാലെ അത് ചരിത്രത്തിന്റെ ഭാഗമായി മാറുകയുള്ളൂ. മറിച്ചായാൽ അത് വ്യാജ നിർമ്മിതികളായി മാത്രമേ സമാന കാലത്ത് ജീവിച്ചവർക്ക് മനസിലാക്കാൻ സാധിക്കൂ. കരുണാകരന്റെ കാര്യത്തിൽ ഇത്തരം നിർമ്മിതികൾ വളരെ വാശിയോടെ ചമച്ചു വയ്ക്കുന്നതാണ് കാണുന്നത്. ക്ലീഷേയായ ഒരു പദമുപയോഗിക്കമ്പോൾ ഭരണത്തിന്റെ പിന്നാമ്പുറങ്ങളിലും ഇടനാഴികളിലും ഒളിഞ്ഞും തെളിഞ്ഞും നിന്ന് കൈനീട്ടി വാത്സല്യം ഏറ്റുവാങ്ങിയവർ ചരിത്രം ഓർമ്മക്കുറിപ്പായി എഴുതുമ്പോൾ മഷിക്കൂട്ട് ഒന്നു തന്നെയായിരിക്കും. ഡോ ബാബു പോൾ എഴുതിയ അനുസ്മരണക്കുറിപ്പിലും രമേശ് ചെന്നിത്തല എഴുതിയ കുറിപ്പിലും രാഷ്ട്രീയമില്ല, ഭജന മാത്രമേയുള്ളൂ. ഒരാൾ മരിച്ചു പോയാൽ നല്ലത് മാത്രമേ പറയാവൂ എന്ന വാദഗതിയാണെങ്കിൽ ഹിറ്റ്ലറും മുസോളനിയും ഇനി തിരുത്തിയെഴുതപ്പെടും. ഗോഡ്സേയെ നമ്മൾ ആദരിക്കേണ്ടി വരും.

ഈച്ചരവാര്യർ

കരുണാകരൻ എന്ന മുഖ്യമന്ത്രി കേരളത്തിന്റെ രാഷ്ട്രിയ ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത വിധം മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് തർക്കമില്ലാതെ പറയാം. എന്നാൽ അത് മാത്രമല്ല ചരിത്രം. വല്ലാർപാടവും നെടുമ്പാശേരിയും എല്ലാം വികസനങ്ങളായി എണ്ണുമ്പോൾ നമ്മൾ അല്പം അരിക് മാറി നിൽക്കുന്നതാവും നല്ലത്. കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ കറുത്ത പാടുകൾ നിരവധിയുണ്ടെന്ന് അന്നത്തെ ഇരകളിലൊരാളായ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും പറയില്ല. അതാണ് പ്രായോഗിക രാഷ്ട്രീയം. ജാതിയും വർഗ്ഗവും എല്ലാം ചേർന്ന് സ്വയം നിർണ്ണയാവകാശം നേടിയെടുത്ത രാഷ്ട്രിയമെന്നും പറയാം.

രാജൻ

പലപ്പോഴും കാര്യങ്ങളെ വെട്ടിത്തുറന്നു പറയാനുള്ള ആർജ്ജവം ഇ.എം.എസിനു ശേഷം ഉണ്ടെന്നുകരുതിയ ഒരാൾ എന്ന തലത്തിൽ നിന്നു പോലും പിണറായി സംസാരിക്കുന്നില്ല. ജയിലിൽ നിന്നും അമ്മയെ കാണാൻ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഖാവ് ആഭ്യന്തര മന്ത്രിക്കെഴുതിയ കത്ത് ഈയിടെ വൈറൽ ആയിരുന്നല്ലോ? ഇ.എം.എസിലേക്ക് തന്നെ വരാം. സിപിഐഎമ്മിന്റെ സ്റ്റേറ്റ് സെക്രട്ടറിയറ്റ് അംഗമായിരുന്ന അഴിക്കോടൻ രാഘവന്റെ കൊലപാതകത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന് നേരിട്ട് പങ്കുണ്ടായിരുന്നുവെന്ന് പറഞ്ഞത് ഇ.എം.എസാണ്. പിന്നീട് നവാബ് രാജേന്ദ്രൻ മാത്രം ഏറ്റെടുത്ത കേസായി മാറിയ തട്ടിൽ ജോൺ കൊലപാതക കേസ് കരുണാകരനെ ഒട്ടൊന്നുമല്ല മാനസികമായി ശല്യപ്പെടുത്തിയത്.

Read Also  കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കടവൂർ ശിവദാസൻ അന്തരിച്ചു

1964ൽ വെള്ളനിക്കര എസ്‌റ്റേറ്റിൽ കൊല ചെയ്യപ്പെട്ട ജോണിന്റെ മരണത്തിൽ കെ. കരുണാകരന്റെ നേതൃത്ത്വത്തിലുള്ള യൂണിയന്റെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥൻമാർ സംശയ ലേശമെന്യേ തെളിയിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് രാജൻ കേസുമായി ഈച്ചരവാരിയർ രംഗത്ത് വന്നത്. ഇവിടെ മറ്റൊരു വിരോധാഭാസമുണ്ട്. കെ.കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിന്റെ തട്ടകമായിരുന്നു തൃശൂർ. അവിടെ നിന്നാണ് ഈ രണ്ട് എതിരാളികളും ഉണ്ടായത്. തൃശൂർ രാമനിലയത്തിൽ നിന്നും എല്ലാമാസവും ഒന്നാം തിയതി ഗുരുവായൂരിൽ പോകുന്ന നിഷ്ടയുണ്ടായിരുന്ന അദ്ദേഹത്തിന് ഒടുവിൽ രാഷ്ട്രീയമായ അടിതെറ്റൽ ഉണ്ടായതും തൃശൂരിൽ വച്ച് തന്നെയായിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ രൂപപ്പെടുത്തിയതിൽ കെ കരുണാകരന്റെ പങ്ക് ആദ്യം വിസ്മരിച്ചത് അദ്ദേഹം തന്നെ പറയുന്നതുപോലെ പാലു കൊടുത്ത കൈകളായിരുന്നു. പിന്നിൽ നിന്നും കുത്തി അവർ മുന്നേറിയപ്പോൾ വാർദ്ധക്യം കരുണാകരനെ ചിന്താഹീനനാക്കിയെന്നു പറയുന്നതാവും ശരി. ഇന്ദിരാ കോൺഗ്രസ് എന്ന പാർട്ടി രൂപീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അതിനാലാവാം.

ഈച്ചരവാരിയരിലേക്ക് തന്നെ പോകാം അച്ഛൻമാരുടെ മക്കളെയോർത്തുള്ള വിലാപത്തിന് ചരിത്രത്തിനപ്പുറം പ്രായമുണ്ട്. കെട്ടിപ്പിടിച്ച് കൊല്ലാൻ വരെ ശ്രമിച്ച അച്ഛൻമാരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്.

ഈച്ചരവാര്യർ എഴുതി…

‘ഞങ്ങൾ ജയറാം പടിക്കൽ ഉപയോഗിച്ചിരുന്ന മുറിയിൽ എത്തിയപ്പോൾ എനിക്ക് അയാൾ ഒരു കൂർത്ത മുനയുള്ള പെൻസിലുമായി അവിടെയിരിക്കുന്നതായി കാണാൻ സാധിച്ചു. ഈ മുറിയിൽ വച്ചാണ് എന്റെ കുട്ടി ഈ ലോകത്തോട് യാത്ര ചോദിച്ചത്. ഇവിടെ വച്ചാണ് അവൻ കഠിനമായ പീഡനങ്ങൾക്കിരയായത്. എന്തായിരുന്നുവോ ആ നിമിഷങ്ങളിൽ അവന്റെ മനസിൽ..?’

വേദനയോടല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല ഈ അച്ഛന്റെ ഓർമ്മക്കുറിപ്പ്.

ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിന്റെ, അതിനുപരി ആശ്രിതവത്സലന്റെ ചരിത്രം, അതിനുമുപരി സ്നേഹനിധിയായ ആദ്യ രാഷ്ട്രീയ അച്ഛന്റെ ചരിത്രം.

രണ്ട് കാര്യങ്ങൾ കൂടി സൂചിപ്പിക്കേണ്ടതായുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇന്ത്യയിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്ന ഒരേ ഒരു സംസ്ഥാനം കേരളമായിരുന്നു. കാരണം കരുണാകരന്റെ രാഷ്ട്രീയ ബുദ്ധി തന്നെയായിരുന്നു. മറ്റൊന്നു കൂടി അറിയേണ്ടതായിട്ടുണ്ട് ഇന്ന് സാക്ഷാൽ മോദി പോലും തിരിച്ചറിയേണ്ട ഒരു സാംസ്കാരിക രാഷ്ട്രീയം അത് അടിയന്തിരാവസ്ഥയെ ചടുലമായി ചിത്രീകരിച്ച ബക്കർ ചിത്രമായ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിന് തിരഞ്ഞുപിടിച്ച് അവാർഡ് നൽകിയ കൗശല ബുദ്ധിയായിരുന്നു.

ഇത്തരം കാര്യങ്ങളെല്ലാം മറന്ന് ആ ‘യഥാർത്ഥ ചിത്രം’ വളരെ വ്യക്തമായി നിരസിക്കപ്പെടുന്ന ഒരു ചരിത്ര രചനയാകാം ഈ ‘ശതാഭിഷേകത്തിൽ’ അഭിനവ കിങ്ങിണികുട്ടൻമാർ നിരത്താൻ പോകുന്നത്. നടക്കട്ടെ രാജാവിന്റെ പ്രജകൾ രാജാവിനെപ്പോലെ തന്നെ.

Spread the love