Sunday, January 16

ഇടവേളകളിൽ രാഷ്ട്രീയം കളിച്ചു തുടങ്ങിയ നേതാക്കന്മാർ

 

 

ഒരു നാട് ഒന്നടങ്കം ഒരുമിച്ചു നിൽക്കുകയാണ്, കരയുകയാണ്, സഹജീവികളുടെ വേദനയിൽ പങ്കു ചേരുകയാണ്.ഒരു സർക്കാരും അതിൻ്റെ എല്ലാ സംവിധാനങ്ങളും രാപകലില്ലാതെ പ്രവർത്തിക്കുകയാണ് മധുവിൻ്റെ പേരിലും പിന്നെ ഹനൻ്റെ പേരിലും നവമാധ്യമങ്ങളിൽ പോരടിച്ചവർ ഒരുമിച്ചു നിൽക്കുന്നു. ചളു ട്രോളുകളിലൂടെ കേരളത്തെ ചിരിപ്പിച്ചുകൊണ്ടിരുന്നവർ പോലും അവസരത്തിനൊത്തുണർന്നു

മൊബൈൽ മാനിയാക്കുകളെന്ന് നമ്മൾ പഴിക്കുന്ന യുവാക്കാളും വിദ്യാർത്ഥികളും ഒന്നടങ്കം ദുരന്തമുഖത്തുനിന്നുകൊണ്ട് അവരാൽ കഴിയാവുന്നതെന്തും ചെയ്യുന്നു.

നോക്കൂ, മൂന്ന് നാലു ദിവസങ്ങളായി നമ്മുടെ ചെറുപ്പക്കാർവഹിക്കുന്ന  കാവിയുടെയും ചുമപ്പിൻ്റെയും നിറമുള്ള വ്യത്യസ്തങ്ങളായ കൊടികൾക്ക് ഒറ്റ രാഷ്ട്രീയമേയുള്ളൂ.അതു അലമുറയിടുന്ന ഒരു ജനതയുടെ എല്ലാം നഷ്ടമായി മറ്റാരൊക്കെയോ ഒരുക്കിയ മേൽക്കൂരയ്ക്ക് കീഴെ ലഭിച്ച അല്പജീവനും കൊണ്ട് അഭയംതേടിയവരെയും ഒലിച്ചിറങ്ങുന്ന കലിവെള്ളത്തിൽ പെട്ടുഴലുന്നവരെ സഹായിക്കുകയെന്നതുമാത്രം.നമ്മുടെ കടലോരങ്ങളിൽ നിന്നും ജീവനോപാധിയായ ബോട്ടുകളും കൊണ്ട് വന്ന നമ്മുടെ സഹോദരന്മാർ, അവരും തുഴയുകയാണ് ജീവിത്തത്തിൻ്റെ തുരുത്തുകളിലേക്ക് എത്താൻ ഇനി ആരെങ്കിലുമുണ്ടോ എന്നന്വേഷിച്ചുകൊണ്ട്

പിന്നെയും അവസാനിക്കുന്നു ആ ചോദ്യം `എന്താടോ മുണ്ടയ്കൽ ശേഖരാ ..താനിനിയും നന്നായില്ലേ?`

എന്തിലും രാഷ്ട്രീയവും ജാതിയും മതവും കാണാൻ ശ്രമിക്കേണ്ട സമയമല്ല ഇത്, കേരളത്തിലെ എല്ലാവർക്കും അവരുടേതായ രാഷ്ട്രീയമുണ്ട് അതവർ പലപ്പോഴും ഉചിതമായ അവസരങ്ങളിൽ  സങ്കോചമില്ലാതെ വിളിച്ചു പറയുകയും ചെയ്യാറുണ്ട്.

 

ആഗസ്റ്റ് 15നു ആരംഭിച്ച മഴക്കെടുതികൾ കേരളമ്പോലൊരു പ്രദേശത്തിൻ്റെ എല്ലാ വികസനനേട്ടങ്ങളെയും ഒരു പാടു പിന്നിലേക്കടിക്കും എന്നകാര്യത്തിലും സംശയമില്ല.പാർപ്പിടം പൊതുവിതരണം ആരോഗ്യം തുടങ്ങിയ എല്ലാ രംഗത്തും ഇത് നിസംശയം ബാധിക്കും.

ഇതെല്ലാം പിന്നീടുവരുന്നകാര്യങ്ങളാണ്. ഇപ്പോൾ എങ്ങനെ അവശേഷിക്കുന്ന ജീവിതങ്ങളെ രക്ഷപെടുത്താമെന്നുള്ള ആലോചനയിൽ നിൽക്കുമ്പോഴും ചില മുതിർന്ന രാഷ്ട്രീയ ഭിക്ഷാംദേഹികൾ ഇതിനിടെ മുതലെടുപ്പിനിറങ്ങുന്നത്,നവകേരളത്തിൻ്റെ ചരിത്രത്തിലാദ്യമായാണ്. ഇത്തരത്തിൽ നാടെമ്പാടും ഒരേപോലെ കടന്നാക്രമിച്ച ഒരു ദുരന്തമുണ്ടാകുന്നത്. സുനാമിയും ഓഖിയുമെല്ലാം നമ്മൾ കണ്ടതാണ്.എന്നാൽ അതിൽനിന്നെല്ലാം ഇത് വ്യത്യസ്താമാകുന്നത്. കേരളത്തിൻ്റെ നഗരജീവിതത്തെയും ഗ്രാമജീവിതത്തെയും വനപ്രദേശത്തെയും തെക്കുവടക്ക് വ്യതാസമില്ലാതെ ഒരേപോലെ ബാധിച്ചതാണ് ഈ ദുരന്തമെന്നതാണ്.

സർക്കാർ ഇടപെടൽ

നമുക്കഭിമാനിക്കവുന്ന തരത്തിലുള്ള ഇടപെടൽതന്നെയാണ് ഇതുവരേ സംസ്ഥാന ഭരണനേതൃത്ത്വത്തിൽനിന്നുണ്ടാകുന്നത് ഓരോ നിമിഷവും ദുരന്തനിവാരണ സംവിധാനങ്ങളെപ്പറ്റി വളരെ മെച്ചപ്പെട്ടരീതിയിൽ മുഖ്യമന്ത്രിയുപ്പടെയുള്ളവർ  ഇടപെട്ടുകൊണ്ടിരിക്കുന്നത് കേരളത്തിലെ ഓരൊ വ്യക്തിയ്കും മനസിലാക്കാവുന്നതാണ്.ഈ അവസരത്തിലാണ് എന്തുകൊണ്ട് കേന്ദ്രസേനയെ വിളിക്കുന്നില്ല എന്നയാരോപണവുമായി ബഹുമാനിതനായ പ്രതിപക്ഷ നേതാവു രംഗത്ത് വരുന്നത്. അദ്ദേഹത്തിനറിഞ്ഞുകൂടഞ്ഞല്ല കേന്ദ്രസേനയുടെ ഇടപെടൽ എങ്ങനെയെന്നും അതെപ്പോഴെന്നുമൊക്കെയുള്ള കാര്യങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി ഈയവസരത്തിലും ഒരു ഭരണവിരുദ്ധവികാരമെങ്ങനെയുണ്ടാക്കിയെടുക്കാമെന്ന രാഷ്ട്രീയമുതലെടുപ്പാണ് അദ്ദേഹനടത്തുന്നതെന്നകാര്യത്തിൽ യാതൊരു തർക്കവുമില്ല.

ദുരന്തനിവാരണം എങ്ങനെയെന്നു ചില മാർഗ്ഗരേഖകൾ തന്നെ നിലവിലൂണ്ട്.

സെക്ഷൻ 14 അനുസരിച്ചു ഓരൊ സംസ്ഥാനവും ദുരന്തനിവാരണ അഥോറിറ്റിക്ക് രൂപം നൽകണമെന്നും അത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളതുമാണ്.ഈ നിയമവും അഥോറിറ്റുയുമൊക്കെ രൂപീകരിച്ചത് രമേശ് ചെന്നിത്തലയുടെ പാർട്ടി കേന്ദ്രഭരണം നടത്തുമ്പോൾ തന്നെയാണ്.

അദ്ദേഹവും ബി ജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയും ഒരു പോലെ മനസിരുത്തി ആലോചിച്ചു നോക്കുക ഇവിടെ മുഖ്യമന്ത്രിയുൾപ്പടെ ഒരു മന്ത്രിയും കേന്ദ്ര സഹായത്തെ ഇതേവരേ തള്ളിപ്പറഞ്ഞിട്ടില്ല.ഇവിടെയാരും പട്ടാളമെന്നത് ബിജെപിയുടേതെന്നും പോലിസും സംസ്ഥാന വകുപ്പുകളൂം കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതെന്നും കണ്ടിട്ടില്ല ഇവിടേ ഓരോ ജീ വനും വിലപ്പെട്ടെതാണെന്നു മാത്രമേ കാണുന്നുള്ളൂ.അതിൻ്റെ ക്രഡിറ്റിനേപ്പറ്റി ചിന്തിക്കാനുള്ള സമയമായി കാണുന്നില്ല.മിലിട്ടറിസംവിധാനത്തിൻ്റെ കീഴിൽ തന്നെ പരിശീലനം നേടിയവരാണ് സംസ്ഥാന ദുരന്ത നിവാരണ സേനാ അംഗങ്ങളും.അവരാണിവിടെ എയർലിഫ്റ്റിംഗും മറ്റ് സാങ്കേതിക സംവിധനാനങ്ങളും ഉപയോഗിച്ചു കൊണ്ട് മനസാന്നിദ്ധ്യം വിടാതെ ഓരോ മനുഷ്യജീവനുവേണ്ടിയും മുന്നിട്ടിറങ്ങുന്നത്. കരയ്കു നിന്നുകൊണ്ട് ആർക്കും അഭിപ്രായങ്ങൾ പറയാം മുങ്ങിതാഴുന്നവനുനേരേ ഒരു കൈയെങ്കിലും നീട്ടിയിട്ടാണെങ്കിൽ അതു കേൾക്കാൻ സുഖമുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയുടെ സ്തുത്യർഹമായ സേവനങ്ങളുടെ ചരിത്രം വിസ്മരിക്കുന്നില്ല. ഉത്തരാഞ്ചലിലും ഹിമാചലിലുമ്മെല്ലാം അവർ നടത്തുന്ന പ്രവർത്തനം വളരെ മഹനീയവുമാണ്. അവരിൽ നിന്നും കൃത്യമായ പരിശീലനം നേടിയവരാണ് നമ്മുടെ ദുരന്ത നിവാരണ സേനാവിഭാഗവും.അവരുടെ സേവനമാണ് നമ്മുടെ നേതാക്കന്മാർ വിലകുറച്ചു കാണുന്നത്.

 

Read Also  പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് കെജ്‌രിവാള്‍

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ അപര്യാപ്തത മനസിലാക്കാണം.

പാർളമെൻ്റിൽ വാർത്താപ്രക്ഷേപണ വകുപ്പു മന്ത്രി അറിയിച്ചത് പ്രകാരം 4.880 കോടി രൂപ മോദി  സർക്കാർ പരസ്യത്തിനായി ചെലവാക്കിയിട്ടുണ്ട്.ഇത് കൂടാതെ സർദാർ പട്ടെലിൻ്റെ പ്രതിമ സ്ഥാപിക്കാൻ കാണിക്കുന്ന ഉത്തരവാദിത്വം പോലും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കാണിക്കുന്നില്ല എന്ന വിമർശനവും ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ പലതും റിപ്പോർട്ട് ചെയ്യുന്നു,ഏകതയുടെ പ്രതീകമെന്ന് മോദിതന്നെ പലതവണ പറഞ്ഞിട്ടുള്ള പ്രതിമയ്ക്കായി 2000കോടിയാണ് ചെലവാക്കുന്നത്,

ഇതു കൂടാതെ 1200 കോടി ഉത്തർ പ്രദേശിനു കൊടുത്തു മറ്റൊന്നിനുമല്ല കുംഭമേള ആഘോഷിക്കാൻ.കേരളത്തിൽ നിന്നുള്ള ബി ജെ പി നേതൃത്വത്തിനീ അവഗണനയെപ്പറ്റി അവബോധമുണ്ടാകണം. മത്രമല്ല എത്രയും വേഗം നമ്മുടെ സംസ്ഥാനത്തിനു വേണ്ട അർഹമായ ധനസഹായം നേടിയെടുക്കാനാണ് മുന്നിട്ടിറങ്ങേണ്ടത്.

നമുക്ക് രാഷ്ട്രീയമാഘോഷിക്കാൻ ഇനി തെരെഞ്ഞെടുപ്പുകളും കേരളയാത്രകളുമൊക്കെയുണ്ടാകും അപ്പോൾ പോരെ  ഈ മുതലെടുപ്പും ചെളിവാരിയെറിയലും.ഇപ്പോൾ നമുക്കൊന്നായി നിൽക്കാം നമുക്കാവും വിധം ദുരന്തബാധിതരെ സഹായിക്കാം

Spread the love