സച്ചു സോം

തമിഴ് സിനിമ വ്യവസായ സാമ്രാജ്യത്തിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ളതും ആരാധകവൃന്ദമുള്ളതുമായ ഏക നടൻ ഒരുപക്ഷെ വിജയ് ആയിരിക്കും .പുറത്തിറങ്ങുന്ന വിജയുടെ ഒട്ടുമിക്ക സിനിമകളും എന്തെങ്കിലും ഒക്കെ വിവാദങ്ങളിൽപെടുന്നതും പതിവ് കാഴ്ചയാണ്. മാസ് മസാല എന്റർടൈൻമെന്റ് എന്ന ലേബലിൽ ഇറങ്ങുന്ന, പൊതുവെ രക്ഷകൻ ചിത്രങ്ങൾ എന്ന് കളിയാക്കപ്പെടുന്ന വിജയ് സിനിമകളിൽ എല്ലാം തന്നെ കൃത്യമായ രാഷ്ട്രീയവും പറഞ്ഞുപോകാറുണ്ട് .

അവസാനമായി പുറത്തിറങ്ങിയ കത്തി ,ഭൈരവ , മെർസൽ ,സർക്കാർ എന്നീ സിനിമകളിൽ ഏറ്റവും ശക്തമായ രീതിയിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് ഇതിൽ 2017 ൽ പുറത്തിറങ്ങിയ മെർസൽ ആയിരുന്നു ഏറ്റവും വിവാദങ്ങൾക്ക് വഴി തെളിച്ചത് ..ബിജെപി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തെയും GST യെയും വിമര്ശനാത്മകമാക്കിയതാണ് വിവാദമായത് .ബിജെപി യുടെ തമിഴ്നാട് അധ്യക്ഷ തമിളിസൈ സൗന്ദർരാജനും ബിജെപി യുടെ ദേശീയസെക്രെട്ടറിമാരിൽ ഒരാളായ എച് .രാജയും സിനിമയെയും വിജയിയെയും വിമർശിച്ച രംഗത്തെത്തിയിരുന്നു.

ചന്ദ്രശേഖർ ജോസഫ് വിജയ് എന്നാണ് വിജയുടെ പേരെന്നും, വിജയ് ക്രിസ്ത്യാനി ആയതുകൊണ്ടാണ് മോദിസർക്കാരിനെതിരെ സംസാരിക്കുന്നതും എന്ന രീതിയിലുള്ള വിഷം തുപ്പുന്ന വർഗീയ പരാമർശങ്ങൾ വിജയിക്കെതിരെ നടത്താനും എച് .രാജ മടിച്ചില്ല. ഇതിനെതിരായി സി.ജോസഫ് വിജയ് എന്ന പേരില് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിലൂടെയാണ് വിജയ് തന്റെ പ്രതികരണം അറിയിച്ചിത്. ജോസഫ് വിജയ് എന്ന പൂര്ണ്ണരൂപം എഴുതിയതിലൂടെ വിമര്ശിച്ചവർക്കെതിരെയുള്ള കൃത്യമായ നിലപാട് വിജയ് അറിയിക്കുകയും ചെയ്തിരുന്നു .

സിനിമയിൽ മാത്രമല്ല ജീവിതത്തിലും കൃത്യമായ രാഷ്ട്രീയം ഉള്ള വ്യക്തി ആണ് വിജയ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരങ്ങളിൽ ഒന്നാണ് തൂത്തുക്കുടിയിൽ ഭരണകൂടം നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശക്തമായി രംഗത്തെത്തിയത് . മാത്രവുമല്ല കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു അന്ന് വിജയ്. അതുപോലെ തന്നെ മെഡിക്കല് പ്രവേശനം നിഷേധിച്ചതിനെത്തുടര്ന്ന് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്ഥിനി അനിതയുടെ വീട് സന്ദർശനം നടത്തുകയും ചെയ്തിരുന്നു വിജയ് .

ബിജെപി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തോട് ഒരു തരത്തിലും സമരസപ്പെടാത്ത നിലപാടുകൾ കൈക്കൊണ്ടിട്ടുള്ള വിജയിയെ രാഷ്ട്രീയമായി ലക്ഷ്യം വെക്കുന്നതാണ് ഇപ്പോഴത്തെ കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ . ഇതേ ആദായനികുതി വകുപ്പ് കഴിഞ്ഞ മാസം രജനികാന്തിനെതിരെയുള്ള നികുതിവെട്ടിപ്പ് കേസുകൾ എല്ലാം തന്നെ അവസാനിപ്പിച്ചിരുന്നു .അതെ രജനികാന്ത് ഇക്കഴിഞ്ഞ ദിവസം അതിനു പ്രത്യുപകാരമെന്നോണം CAA അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു .എതിര്ശബ്ദങ്ങളെ ഭയക്കുന്ന ബിജെപി സർക്കാർ വിജയിയെ കരുതിക്കൂട്ടി അക്രമിക്കുന്നതാവാം ഈ നികുതിവെട്ടിപ്പ് കേസ് എന്ന സംശയത്തെ ബലപ്പെടുത്തുന്നത് രജനികാന്തിനെതിരെ ഉള്ള കേസ് ഒഴിവാക്കിയ സാഹചര്യത്തിൽ ആണ് ..

കേരളത്തിൽ NRC CAA വിഷയത്തിൽ വ്യക്തമായ നിലപാട് കൈക്കൊണ്ടതിനും അതിനെതിരെ പ്രതികരിച്ചതിനും ബിജെപി യുടെ സന്ദീപ് ജി വാര്യർ മലയാള സിനിമാപ്രവർത്തകരെ ഭീഷണിപ്പെടുത്തിയതും ഇതിനോട് കൂട്ടിച്ചേർത്തു വായിക്കേണ്ടത് തന്നെയാണ്. രാഷ്ട്രീയ പ്രസ്താവനകള് നടത്തുന്ന സിനിമാക്കാര്, പ്രത്യേകിച്ച് നടിമാര് വരുമാന നികുതി കൃത്യമായി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും നാളെ നികുതി വെട്ടിപ്പ് പിടിച്ചാല് കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് പറഞ്ഞത് .

Read Also  ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്നത് ധോണി

ബിജെപി സംഘപരിവാർ മുൻപോട്ട് വയ്ക്കുന്ന ഹിന്ദുത്വ ആശയങ്ങളെ ശക്തമായി തടയിടുവാൻ എല്ലാക്കാലത്തും ദ്രാവിഡ മണ്ണിനും ദ്രാവിഡ രാഷ്ട്രീയത്തിനും സാധിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവും , പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ ഹിന്ദി ഭാഷ നിര്ബന്ധിതമാക്കാനുള്ള നീക്കത്തിനെതിരെയുള്ള ഹിന്ദി വിരുദ്ധ പ്രക്ഷോഭവും ദ്രാവിഡ മണ്ണിൽ വിജയത്തിൽ എത്തിയത് നാം കണ്ടതാണ് .

വിജയിയുടെ പക്കൽ നിന്നും ഒന്നും തന്നെ ആദായവകുപ്പിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതിലൂടെ ഒന്നുറപ്പാണ്. ഇത് വളരെ വ്യക്തമായി വിജയിയെ ലക്ഷ്യം വച്ചുകൊണ്ട് മാത്രം നടത്തിയ രാഷ്ട്രീയ പകപോക്കൽ മാത്രമാണ്. ഈ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. കാരണം സൗത്ത് ഇന്ത്യയിൽ ഇത്രയുമധികം ആരാധകരുള്ള ഒരു നടനെയാണ് നിലപാടിന്റെ പേരിൽ അധികാര വർഗം വേട്ടയാടിയിരിക്കുന്നത് . ബിജെപി യുടെ ഇത്തരത്തിൽ ഉള്ള ബ്ലാക്മെയ്ലിംഗ് രാഷ്ട്രീയം പ്രിത്യേകിച് നിലപാടൊന്നുമില്ലാത്ത രജനികാന്തിനെ പോലെയുള്ളവരെ അവരുടെ വരുതിയിൽ എത്തിക്കുമായിരിക്കും . എന്നാൽ സിനിമയിലും ജീവിതത്തിലും വ്യക്തമായ രാഷ്ട്രീയവും നിലപാടും ഉള്ള വിജയിയെ പോലെ ഒരാളെ ഭീഷണിപ്പെടുത്തലിലൂടെ തങ്ങളുടെ പാളയത്തിൽ എത്തിക്കുക ബിജെപി യെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാവുകയില്ല .

തമിഴ്നാട്ടിൽ ഏറ്റവുമധികം ആരാധക വൃന്ദമുള്ള വിജയ് പിൽക്കാലത്തു രാഷ്ട്രീയത്തിൽ സജീവമാകാൻ വളരെയധികം സാധ്യത ഉള്ള ഒരു നടൻ ആണ് .തമിഴ്സിനിമയിൽ നിന്ന് വരുംകാല മുഖ്യമന്ത്രി ആകാൻ ഏറ്റവും അധികം സാധ്യത കല്പിക്കുന്നതും വിജയി എന്ന നടനാണ് . ചരിത്രപരമായി പരിശോധിക്കുകയാണ് എങ്കിൽ 2010 ൽ ഇതുപോലെ തന്നെ YS രാജശേഖരറെഡ്ഡിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജഗൻമോഹനെ രാഷ്ട്രീയമായി ഇല്ലാതെയാക്കാൻ നികുതിവെട്ടിപ്പിന് അറസ്റ്റ് ചെയ്ത് ഒന്നര വര്ഷം ജയിൽ അടച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്ആന്ധ്രായിൽ നാമാവശേഷമായതും ഇന്ന് ജഗൻമോഹൻ ആന്ധ്രാമുഖ്യമന്ത്രി ആയി ഇരിയ്ക്കുന്നതും ചരിത്രമായി മുൻപിൽ ഉണ്ടെന്നു ബിജെപി ഓർത്താൽ നന്ന്.

*മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയാണ് ലേഖകൻ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here