Tuesday, August 4

‘മോദിയുടെ ഇന്ത്യയിൽ മക്കാഡത്തെപ്പോലുള്ള ബാലികമാർക്ക് വിലയില്ല’ ; സാമ്പത്തികശാസ്ത്രജ്ഞ ജയതി ഘോഷ്

നരേന്ദ്ര മോദിയുടെ  ഇന്ത്യയിൽ പാവപ്പെട്ടവർക്ക് ഒരു വിലയുമില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞയും  സർവ്വകലാശാലയിൽ സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ജയതി ഘോഷ്. കോവിഡ് ഭീകര വ്യാധി  കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ വരുത്തിയ വീഴ്ചകൾക്കെതിരെ ജയതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.ദ ഗാർഡിയൻ ദിനപത്രത്തിൽ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലാണ് ജയതി  നിശിത വിമർശമുയർത്തിയത്.

തെലങ്കാനയിലെ മുളക് പാടങ്ങളിൽ പണിയെടുക്കാനെത്തിയ ജംലൊ മക്കാഡം എന്ന 12 കാരി പെൺകുട്ടിയുടെ ദുരന്ത ജീവിതം തുറന്നുകാട്ടിയാണ് ജയതി മോദി സർക്കാരിനെ ആക്രമിച്ചത്. കേവലം  നാല് മണിക്കൂർ മാത്രം മുമ്പ് അറിയിച്ചുകൊണ്ട് മോദി സർക്കാർ നടപ്പാക്കിയ ലോക്ക്ഡൗണിന്റെ ഏറ്റവും വലിയ രക്തസാക്ഷിയാണ് മക്കാഡം എന്ന് ജയതി പറയുന്നു. ഛത്തീസ്ഗഡിൽനിന്നും ജോലിക്കെത്തിയ ബാലികയാണ് മക്കാഡം

കോവിഡ് വ്യാപിച്ചതോടെ മാർച്ച് 24ന് രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ജോലിയും കൂലിയും ഭക്ഷണവുമില്ലാതെ അവരുടെ തൊഴിലിടങ്ങളിൽ കുടുങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും മറ്റു വഴിയൊന്നുമില്ലാതെ മക്കാഡവും കൂടെയുള്ളവരും ജന്മനാട്ടിലേക്ക് കാൽനടയായി തിരിച്ചുപോകാൻ ശ്രമിച്ചു. എന്നാൽ ഏപ്രിൽ 18ന് തന്റെ നാട്ടിലെത്താൻ മണിക്കൂറുകളുടെ യാത്ര മാത്രം അവശേഷിക്കെ ആ പന്ത്രണ്ടുകാരി ഭക്ഷണമില്ലാതെ റോഡരികിൽ കുഴഞ്ഞുവീണു മരിച്ചു.

മക്കാഡം സർക്കാരിന്റെ കാഴ്ചയിൽ വെറുമൊരു സ്ഥിതിവിവര കണക്ക് മാത്രമാണെന്നും ലോക്ക്ഡൗണിനെത്തുടർന്ന് മരിച്ചുവീണ സാധാരണ മനുഷ്യരോട് ഒരു തരത്തിലുള്ള ദയാവായ്പു. ഭരണകൂടത്തിനുണ്ടായില്ലെന്നും ജയതി വിമർശിക്കുന്നു.  അസമത്വങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് തന്നെ മുൻനിരയിലാണെന്നും ഈ യാഥാർത്ഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കോവിഡ് 19 ചെയ്തിരിക്കുന്നതെന്നും ജയതി പറയുന്നു.

വിദേശരാജ്യങ്ങളിൽ യാത്ര ചെയ്ത ഇന്ത്യൻ ജനതയുടെ മേൽതട്ടിലുള്ള രണ്ട് ശതമാനത്തിൽ പെട്ടവരിൽ നിന്നാണ് കോവിഡ് പടർന്നത്. ഇന്ത്യയിലെ സാധാരണക്കാരെയാണ് കോവിഡ് തകർത്തുകളഞ്ഞത്.

സമ്പന്ന ജനവിഭാഗങ്ങളിൽ പെട്ടവർ പ്ലേറ്റുകൾ കൊട്ടി ആരോഗ്യപ്രവർത്തകരെ ആദരിക്കുകയും എന്നാൽ ആരോഗ്യ പരിപാലന മേഖലയുടെ മുൻനിരയിൽ നിൽക്കുന്ന സാധാരണ തൊഴിലാളികൾക്ക് തുച്ഛമായ വേതനം മാത്രം നൽകുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇന്ത്യയിലുള്ളതെന്ന് ജയതി പരിഹസിക്കുന്നു.

കോവിഡ് വ്യാധിക്കെതിരെ ചൈനയും യൂറോപ്പും കൈക്കൊണ്ട നടപടികൾ അന്ധമായി അനുകരിക്കുകയാണ് മോദി ഭരണകൂടം ചെയ്തത്. ഒരു കുടം വെള്ളത്തിനായി മൈലുകൾ താണ്ടേണ്ടിവരുന്ന, ചെറിയ ഇടങ്ങളിൽ തിങ്ങിപ്പാർക്കുന്ന സാധാരണ മനുഷ്യരെ ഈ ലോക്ക്ഡൗണുകൾ എങ്ങിനെ ബാധിക്കുമെന്ന് സർക്കാർ ചിന്തിച്ചതേയില്ല.

അതേ സമയം  കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ മാത്രമാണ് ഇതിനപവാദമെന്നും ജയതി ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യത്തോടുള്ള മോദി സർക്കാരിന്റെ സമീപനം തീർത്തും നിരുത്തരവാദപരമായിരുന്നു.

രാജ്യമൊട്ടാകെയുള്ള  കുടിയേറ്റ തൊഴിലാളികളോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് അങ്ങേയറ്റം മനുഷ്യത്വരഹിതവും ക്രൂരവുമായിരുന്നെന്ന് ജയതി ചൂണ്ടിക്കാട്ടുന്നു. പത്ത് കോടി ടൺ ഭക്ഷ്യ ധാന്യങ്ങൾ കളപ്പുരകളിൽ കെട്ടിക്കിടന്നിട്ടും വളരെക്കുറച്ച് ഭക്ഷ്യധാന്യം മാത്രമാണ് സൗജന്യമായി സർക്കാർ വിതരണം ചെയ്തത്. അന്യ ദേശങ്ങളിൽ റേഷൻകാർഡില്ലാതെ ജിവിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഈ സൗജന്യം പോലും കിട്ടിയില്ല.

Read Also  'തിരികെപ്പോയി ചായക്കട തുടങ്ങൂ,' നോൺസെൻസ് മോദി കാമ്പെയിൻ അരങ്ങു തകർക്കുന്നു

കോവിഡ് 19 ഇത്രയും മോശമായി സർക്കാർ കൈകാര്യം ചെയ്തിട്ടും മോദിയുടെ ജനപിന്തുണയിൽ കാര്യമായി ഇടിവൊന്നുമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷത്തിന് വലിയ മുന്നേറ്റം നടത്താനായിട്ടില്ലെന്നും ജയതി ചൂണ്ടിക്കാട്ടുന്നു.

ജയതി ഘോഷ് ഇങ്ങനെകൂടി ചോദിക്കുന്നു: അടിച്ചമർത്തപ്പെടുന്ന കോടിക്കണക്കിന് ജനങ്ങൾ ഇതു തങ്ങളുടെ വിധിയാണെന്ന് സ്വയം സാമശ്വസിക്കുന്നതിനാണോ അതോ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയ്ക്കാണോ ഇന്ത്യയിൽ ഇപ്പോൾ പ്രത്യക്ഷമാകുന്നത്

Spread the love