Monday, January 25

രഹസ്യകരാറുമായി സുക്കര്ബെർഗ്ഗും സംഘപരിവാറും

 

മുസ്ലീങ്ങള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിങ്ക്യാ മുസ്ലീങ്ങളെ വെടിവെച്ചു കൊല്ലണമെന്നുമൊക്കെയുള്ള നിരന്തരമായ പോസ്റ്റുകളാണ് തെലങ്കാനയില്‍നിന്നുള്ള ബിജെപി നേതാവായ ടി രാജസിംങിന്റെ വകയായി ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഫേസ്ബുക്ക് നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ മാനദണ്ഡങ്ങള്‍ രാജ സിംങ് ലംഘിച്ചതായി കണ്ടെത്തിയിരുന്നു. അതിൻ്റെ ഭാഗമായി അപകടകരം എന്ന വിഭാഗത്തില്‍ അദ്ദേഹത്തെ കമ്പനി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും രാജസിംങിനെ നിരോധിക്കാനായി തീരുമാനമുണ്ടാകുകയും ചെയ്തതായി അറിഞ്ഞു.. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോമുകളില്‍ ശക്തമായ തുടരുകയാണ്.

ഫേസ്ബുക്കിന്റെ ഇന്ത്യന്‍ നേതൃത്വം സംഘപരിവാറിന്റെ വിദ്വെഷപോസ്റ്റുകൾക്കെതിരെ നടപടിയെടുക്കാത്തതിന് കാരണം ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നത് കച്ചവടതാല്പര്യങ്ങൾക്കു ദോഷം ചെയ്യുമെന്ന ന്യായമാണ് അവർ ഉന്നയിക്കുന്നത്. ഇയാൾക്ക് പുറമേ മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരായും ഉള്ള നടപടിയും ഫേസ്ബുക്ക് രാഷ്ട്രീയ താല്‍പര്യം കൊണ്ട് മാറ്റിവെച്ചുവെന്നുമാണ് വോള്‍സ്ട്രീറ്റ് ജേണല്‍ ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ചില സമീപകാല ചരിത്രങ്ങൾ കൂട്ടി പരിശോധിക്കാം.

2017 സെപ്റ്റംബറിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്കെതിരെ ഫേസ്ബുക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചിരുന്നു. യു. എസ് പ്രസിഡൻ്റിൻ്റെ സംശയത്തിന് മറുപടിയുമായി ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് സുക്കർബർഗ് അന്ന് നേരിട്ട് രംഗത്ത് വരികയും മറുപടി നൽകുകയുമുണ്ടായി.

പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഫേസ്ബുക്ക് എല്ലായ്പ്പോഴും തനിക്കെതിരാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുവെന്നും എന്നാൽ ആളുകൾക്ക് ഒത്തുചേരാനും ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാനും താൻ എല്ലാ ദിവസവും പ്രവർത്തിക്കുക മാത്രമാണെന്നും. എല്ലാ ആളുകൾക്കും ശബ്‌ദം നൽകാനും അത് പങ്കു വയ്ക്കാൻ ഒരു വേദി സൃഷ്ടിക്കാനും മാത്രമാണ് ശ്രമിക്കുന്നതെന്നുമായിരുന്നു സുക്കർബർഗിൻ്റെ മറുപടി.

കാര്യം ശരിയാണ്. ഓരോ സ്ഥാനാർത്ഥിക്കും പ്രതിദിനം ദശലക്ഷക്കണക്കിന് അനുയായികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഒരോ ഫേസ്ബുക്ക് പേജ് ഉണ്ട്. കാമ്പെയ്‌നുകൾ അവരുടെ സന്ദേശങ്ങൾ എല്ലാം ജനങ്ങളിലെത്തിക്കാൻ FB കാരണമായി.

സുക്കർബർഗ് എത്ര ആത്മാർത്ഥമായാണോ കാര്യങ്ങൾ വിവരിക്കുന്നത് അത്ര തന്നെ കച്ചവടവും അതിൽ ഉണ്ട്. 2017 ഡിസംബറിൽ ബ്ലൂംബെർഗ്, ലോറൻസ് ഈറ്റർ, വെർനോൺ സിൽവർ, സാറാ ഫ്രയർ എന്നിവർ ചേർന്ന് “ഫേസ്ബുക്കിന്റെ രാഷ്ട്രീയ യൂണിറ്റ് എങ്ങനെയാണ് ഡിജിറ്റൽ പ്രചാരണത്തിന്റെ ഇരുണ്ട കലയെ പ്രാപ്തമാക്കുന്നത്” എന്ന പേരിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഇപ്രകാരം പറയുന്നു. കമ്പനിയും അതിന്റെ ജീവനക്കാരും “… രാഷ്ട്രീയ പാർട്ടികളുമായും പ്രതിപക്ഷത്തെ തടയാൻ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന ഭരണകക്ഷി നേതാക്കളുമായും സജീവമായി ചേർന്നു പ്രവർത്തിക്കുന്നു – ഇത് ചിലപ്പോൾ തെറ്റായ വിവരങ്ങളും തീവ്രവാദ പ്രത്യയശാസ്ത്രങ്ങളും പ്രചരിപ്പിക്കുന്ന‘ ട്രോൾ സൈന്യങ്ങളുടെ ’സഹായത്തോടെയും ആണെന്നാണ് ലേഖനം പങ്കുവയ്ക്കുന്ന വിവരം.

Read Also  ഇത് അയ്യനും കാളിയുമാണ് വിനായകൻ കളിക്കുന്നത് മതഭ്രാന്തിനോടുതന്നെ ... പ്ലീസ്... രക്തം കുടിക്കാൻ വരരുത്

ഇന്ത്യ, ബ്രസീൽ, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, അർജന്റീന, പോളണ്ട്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ രാഷ്ട്രീയക്കാരുടെ മാനേജർമാരായി ഫെയ്സ് ബുക്ക് പണിയെടുക്കയാണെന്ന് ആരെങ്കിലും പറഞ്ഞാൽ തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് സൈബർ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ മീഡിയ, കൾച്ചറൽ സ്റ്റഡീസ് പ്രൊഫസർ മാർക്ക് ക്രിസ്പിൻ മില്ലറെ ഉദ്ധരിച്ച് ഒരു ബ്ലൂംബെർഗ് ലേഖനം പറയുന്നത് : “അവർക്ക് (ഫേസ്ബുക്കിന്റെ ജീവനക്കാർക്ക് ) ഭരണകൂടത്തോട് വളരെ താത്പര്യമാണ്. അതുകൊണ്ട് എപ്പോഴും ഭരണകക്ഷികൾക്ക് പിന്തുണ നൽകാനാണ് അവർക്കിഷ്ടം.

ഇന്ത്യയും ഫേസ് ബുക്കും

ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും നരേന്ദ്ര മോദിയെ ഫേസ്ബുക്ക് സഹായിച്ചുവെന്നും പല സൈബർ പഠനങ്ങളും തെളിവ് നിരത്തി രംഗത്ത് വന്നിട്ടുണ്ട്. ബർസൻ കോണും വോൾഫും നടത്തിയ “വേൾഡ് ലീഡേഴ്‌സ് ഓൺ ഫേസ്ബുക്ക്” എന്ന പഠനമനുസരിച്ച്, 2018 മെയ് മാസത്തിൽ മോദിക്ക് 43.2 ദശലക്ഷം “ഫോളോവേഴ്‌സ്” ഉണ്ടായിരുന്നു. ട്രംപ് 23.1 ദശലക്ഷം ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്തെത്തി.
ഈ കാലം മുതൽ ഈ പ്രപഞ്ചത്തിലെ തന്നെ Fake factory ആയി ഇന്ത്യ മാറിയെന്നാണ് തുടർ വിലയിരുത്തലുകൾ കാണിക്കുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടാണ് ഫേയ്സ്ബുക്ക് ഇതിനാവശ്യമായ സഹായ പദ്ധതി ബിജെപിക്ക് നൽകിയത്. .

2013 ഏപ്രിലിൽ ഐറിസ് നോളജ് ഫൗണ്ടേഷനും ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും നടത്തിയ പഠനത്തിൽ രാജ്യത്തെ 543 എണ്ണത്തിൽ 160 “ഉയർന്ന സ്വാധീനം” ഉള്ള ലോക്സഭാ മണ്ഡലങ്ങളുടെ ഫലത്തെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയയ്ക്ക്, പ്രത്യേകിച്ച് ഫേസ്ബുക്കിന് കഴിയുമെന്ന് അവകാശപ്പെട്ടു. അക്കാലത്ത് പലരും ഈ അവകാശവാദത്തെ പരിഹസിച്ചു. എന്നിരുന്നാലും, കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ, സോഷ്യൽ മീഡിയയുടെ ഉപയോഗം, പ്രത്യേകിച്ച് വാട്ട്സ്ആപ്പ്, പലമടങ്ങ് വികസിച്ചുവെന്നും നഗരപ്രദേശങ്ങളിൽ മാത്രമല്ല, ചെറിയ പട്ടണങ്ങളിലും വിദൂര ഗ്രാമങ്ങളിലുംപോലും ഇന്ത്യയിലുടനീളം വോട്ടിംഗ് മുൻഗണനകൾ രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് കാര്യമായ സ്വാധീനമുണ്ടെന്നുമാണ് ഇപ്പോൾ വിലയിരുത്തുന്നത്.

സോഷ്യൽ മീഡിയയുടെ ഫലപ്രാപ്തിയെക്കുറിച്ചും സൈക്കോഗ്രാഫിക് ടാർഗെറ്റിംഗിനെക്കുറിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും, തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ, തിരഞ്ഞെടുപ്പ് ഫലങ്ങൾ നിർണ്ണയിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് ഒരു പങ്കു വഹിക്കാനാകുമെന്ന് വ്യക്തമായിട്ടുണ്ട്. അതു കൊണ്ട് തന്നെ സോഷ്യൽ മീഡിയയെ “ആയുധവത്കരിക്കേണ്ടത്” അനിവാര്യമായ കാര്യമാണെന്ന്. ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇത് മുമ്പത്തേക്കാൾ ബോധ്യവുമുണ്ട്.

2012ൽ ഫേസ്ബുക്ക് ഇന്ത്യയുടെ പോളിസി ഡയറക്ടറായി അങ്കി ദാസിനെ നിയമിച്ചതു മുതലാണ് ഫേസ്ബുക്ക് അതിൻ്റെ രാഷ്ട്രീയമാനം കുറേ കൂടി പ്രൊഫഷണലൈസ് ചെയ്തത്. രാഷ്ട്രീയക്കാരുമായും സർക്കാർ ബ്യൂറോക്രാറ്റുകളുമായും നയ നിർമാതാക്കളുമായും മികച്ച ബന്ധം പുലർത്തിയിരുന്ന അവർ ഈ സ്വാധീനം കൂടുതൽ കച്ചവട പ്രാധാന്യമുള്ളതാക്കി.

അണ്ണാ ഹസാരയും ഡൽഹി ബലാൽസംഗവും

രാഷ്ടീയ അനിശ്ചിതത്വത്തിനു നടുവിലായിരുന്ന ഇന്ത്യയിൽ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ 2011 ൽ രാജ്യവ്യാപകമായി അഴിമതി വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചതും പിന്നീട് 2012 ൽ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് നടന്ന കൂട്ടബലാത്സംഗവും ഫേസ് ബുക്ക് അതിൻ്റെ സ്വാധീനം ഉറപ്പിക്കാൻ കാരണമാക്കി മാറ്റി.
മധ്യവർഗ ഇന്ത്യക്കാരെ തെരുവിലിറങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു അന്ന് ചെയ്തത്.

Read Also  സീറോമലബാർ സഭ സംഘപരിവാറിലേക്കു ചരിയുന്നതിനുപിന്നിലെ കളികൾ

പതിറ്റാണ്ടുകളായി കാണാത്ത തോതിൽ സാധാരണ പൗരന്മാരുടെ പ്രതിഷേധത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. അന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന ബിജെപി പാർലമെന്റിലെ നടപടികളെ തടസ്സപ്പെടുത്തുകയായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് സർക്കാരിൻ്റെ അഴിമതിയുടെ കഥകൾ നിരന്തരം പങ്കുവച്ചു കൊണ്ട് ഉണ്ടാക്കിയ ടൈ അപ്പ് ആണ് ഇന്ത്യൻ ഫേസ് ബുക്ക് ബിജെപിയുമായി സഖ്യമാകാൻ കാരണമായത്. പൊതുവേ കച്ചവട മനോഭാവത്തിൽ വളർന്ന മോദി അമിത് സഖ്യം ഫേസ് ബുക്കിൻ്റെ സാധ്യതകൾ കച്ചവടമാക്കി മാറ്റുകയും പിന്നീടത് പാർട്ടിയുടെയും ഭരണത്തിൻ്റെയും വേദിയായും കളവുകൾ പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയാക്കുകയും ചെയ്തു.

ബി.ജെ പിയുമായുള്ള ഫേസ്ബുക്ക് ഹൃദയ ബന്ധം കൂടുതൽ വ്യക്തമാക്കുന്നതാണ് കാശ്മീർ പ്രശ്നത്തിലുണ്ടായ FB ഇടപെടൽ. കാശ്മീർ അതിക്രമങ്ങളെക്കുറിച്ചു പാക്കിസ്ഥാൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ്റെ വാർത്തകൾ അപ്പാടെ FB ബ്ലോക്ക് ചെയ്തിരുന്നു. Violet of community standard എന്ന നിർദ്ദേശത്തിലായിരുന്നു ഈ നിരോധനം. ഒരു പൊതു സമൂഹമാധ്യമം എത്രമാത്രം പക്ഷപാതപരമായാണ് കര്യങ്ങൾ പരിഗണിക്കുന്നതെന്ന് ഓർക്കുക.
ഓട്ടോമേറ്റഡ് സംവിധാനമുപയോഗിച്ച് പരിശോധിച്ച ശേഷം FB ഉദ്യോഗസ്ഥരാൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാകുമ്പോഴാണ് പലപ്പോഴും നിരോധനം ഉണ്ടാകുന്നത്. ഇവിടെ ഈ മാനവിക ഇടപെടലാണ് രാഷ്ട്രീയ പക്ഷപാതമായി മാറുന്നത്.

അതേ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. അല്പം വിശ്വസനീയമായി മാറിയിരുന്ന നവ മാധ്യമവും ഒടുവിൽ സംഘപരിവാരത്തിൻ്റെ കാവി നിറത്തിലേക്ക് പറന്നു പോയിക്കഴിഞ്ഞിരിക്കയാണ്.

Spread the love