Monday, January 24

പ്രമുഖരുടെ വികാരപ്രക്ഷോഭങ്ങളും ക്ഷമാപണങ്ങളും, പ്രകാശ് ജാവേദ്കറും മോഹന്‍ലാലും പി സി ജോര്‍ജ്ജും

കഴിഞ്ഞ ദിവസങ്ങളില്‍ നാം പല പ്രമുഖരുടെയും വികാരപ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. നില മറന്ന വാക്കുകള്‍ പുറത്തു വിട്ടതിന്‍റെ പേരില്‍ ക്രൂശിക്കപ്പെടുമെന്നാവുമ്പോള്‍ അവര്‍ തന്നെ സ്വയം തിരുത്തലുകളുമായി മുന്നോട്ടു വരുന്നതാണ് ക്ഷമാപണത്തിന്‍റെ സമകാല പതിവ് എന്നായിരിക്കുന്നു. കന്യാസ്ത്രീയെ വേശ്യ എന്ന് വിശേഷിപ്പിച്ച പി.സി.ജോര്‍ജ്ജ് എം എല്‍ എയും പത്രപ്രവര്‍ത്തകരുടെ ചോദ്യത്തോട് കയര്‍ത്ത സിനിമാ നടന്‍ മോഹന്‍ലാലും മാധ്യമങ്ങളിലൂടെ ക്ഷമാപണങ്ങളും തിരുത്തുകളും വരുത്തിയത് നാം കാണുകയുമുണ്ടായി. അക്കാര്യത്തില്‍ പി സി ജോര്‍ജ്ജും മോഹന്‍ലാലുമല്ലേ, അവരില്‍ നിന്നും അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി എന്ന് നാം സമാശ്വസിക്കുകയും ചെയ്തു.

എന്നാല്‍ പുതിയ ക്ഷമാപണം കുറെക്കൂടി രാഷ്ട്രീയപ്രാധാന്യം ഉള്ളതാണ്. ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരി സ്വന്തം പ്രവര്‍ത്തനമേഖലയുടെ കടമ മറക്കുകയും പരിധി വിട്ട് പറയുകയും ചെയ്താല്‍ അവരെ തല്‍സ്ഥാനങ്ങളിലെത്തിച്ച പൗരര്‍ ആരാകും. ഏറ്റവുമൊടുവില്‍ കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് ഭരണഘടനാനുകൂല്യത്തെ തള്ളിപ്പറഞ്ഞ് കുടുക്കിലായി തിരുത്തിലേക്കെത്തിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്രമന്ത്രി വിവാദപ്രസ്താവന നടത്തിയത്. പൂനെയിലെ ഒരു സ്കൂളിലെ പരിപാടിയ്ക്കിടയില്‍ ഗവണ്മെന്‍റ് സഹായവിതരണത്തെപ്പറ്റിയാണ് മന്ത്രി നിരുത്തരവാദപരമായി സംസാരിച്ചത്. വിദ്യാലയങ്ങള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്  പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായം തേടണമെന്നും സാമ്പത്തിക സഹായത്തിന് ഭിക്ഷാപാത്രവുമായി ഗവണ്മെന്‍റിന്‍റെ മുന്നില്‍ വരരുതെന്നുമായിരുന്നു ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രി പ്രസ്താവിച്ചത്.

എന്നാല്‍ സര്‍ക്കാരിന്‍റെ ഉത്തരവാദിത്വങ്ങളൊഴിവാക്കുന്ന  പ്രസ്താവന വിവാദമായപ്പോഴാണ് ക്ഷമാപണവുമായി മന്ത്രി രംഗത്തെത്തിയത്. ഭിക്ഷാപാത്രം എന്ന പ്രയോഗം തെറ്റായിപ്പോയി എന്നും ആ വാക്കിനെ ഞാന്‍ പിന്‍വലിക്കുന്നു എന്നുമാണ് പ്രകാശ് ജാവേദ്കര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അടി തെറ്റിയാല്‍ ആനയും എന്നല്ല വാക്കു തെറ്റിയാല്‍ ഉന്നതരും അടിയറവ് പറയേണ്ടി വരുമെന്നാണ് പ്രകാശ് ജാവേദ്കറും, മോഹന്‍ലാലും പി സി ജോര്‍ജ്ജുമെല്ലാം നല്കുന്ന പാഠം.

 

 

 

Spread the love
Read Also  ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത്: സാംസ്‌കാരിക നായകര്‍