Wednesday, January 19

ആഘാതത്തിനു ശേഷം; തോമസ് ട്രാൻസ്ട്രോമറിന്‍റെ കവിത

തോമസ് ട്രാൻസ്ട്രോമർ (1931-2015- സ്വീഡൻ )
പരിഭാഷ: പി.രാമൻ

രോഗിയായ പയ്യൻ
ഒരു കാഴ്ചയിൽ കുരുങ്ങി
കൊമ്പുപോലെ കനം വെച്ച നാക്കുമായി
ഇരിക്കുന്നു.

ചോളപ്പാടത്തിന്‍റെ ചിത്രത്തിനു
പുറം തിരിഞ്ഞാണവനിരിക്കുന്നത്.
അവന്‍റെ താടിയെല്ലിലെ ബാൻഡേജ്
മൃതദേഹത്തിന്‍റെ കെട്ടിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
മുങ്ങൽ വിദഗ്ദ്ധന്‍റെതുപോലുള്ള
കട്ടിക്കണ്ണടയാണവന്‍റെത്.
ഇരുട്ടത്തെ ടെലഫോൺ മണിയടി പോലെ
എല്ലാം തീവ്രം, മറുപടി രഹിതം.

എന്നാൽ അവന്‍റെ പിന്നിലെ ചിത്രം –
ധാന്യമണികളുടെ സുവർണ്ണക്കൊടുങ്കാറ്റാണെങ്കിലും
ശാന്തി പകരുന്ന പ്രകൃതിദൃശ്യം.
ആകാശനീലക്കളകളും ഒഴുകുന്ന മേഘങ്ങളും.
മഞ്ഞത്തിരയുടെ താഴെ
ചില വെളുത്ത ഷർട്ടുകൾ കപ്പലോട്ടുന്നു: കൊയ്ത്തുകാർ.
അവർ നിഴലുകളൊന്നും വീഴ്ത്തുന്നില്ല.

പാടത്തിനക്കരെ ഒരാൾ
ഇങ്ങോട്ടു നോക്കി നിൽക്കുമ്പോലെ കാണപ്പെടുന്നു.
ഒരു പരന്ന തൊപ്പി
അയാളുടെ മുഖം ഇരുണ്ടതാക്കുന്നു.
ഈ മുറിയിലെ ഇരുണ്ട രൂപത്തെ
സഹായിക്കാനെന്നോണം ഉറ്റുനോക്കുന്ന മട്ടിൽ
അയാൾ കാണപ്പെടുന്നു.
ചിത്രം പതിയെപ്പതിയെ വലിപ്പം വെച്ചു പടർന്ന്
ആധികൊണ്ടിരിക്കുന്ന രോഗിയുടെ പിന്നിലേക്കു
തുറക്കുന്നു

ചിത്രം തിളങ്ങിപ്പൊരിഞ്ഞ് തുടിച്ചു മറിയുന്നു
ഓരോ ധാന്യമണിയും
അവനെ ഉണർത്താൻ ആളിക്കത്തുന്നു.
പാടത്തു നിൽക്കുന്ന മനുഷ്യൻ ഒരാംഗ്യം കാണിക്കുന്നു.

അയാളിതാ അടുത്തെത്തി.
ആരും ശ്രദ്ധിക്കുന്നില്ല.

ചിത്രം: ഹൃദയ്

Spread the love
Read Also  ആദർശം ; പാട്രിക് പിയേഴ്സിൻ്റെ കവിത