Sunday, January 16

ശര്‍മിഷ്ഠയുടെ വാക്കുകള്‍ അറംപറ്റുന്നോ? പ്രണബിന്റെ സന്ദര്‍ശനം അംഗത്വം കൂട്ടാന്‍ സഹായിച്ചെന്ന് ആര്‍എസ്എസ്

മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വിവാദമായ നാഗ്പൂര്‍ സന്ദര്‍ശനം തങ്ങളുടെ അംഗത്വം വര്‍ദ്ധിപ്പിക്കാന്‍ സാഹിച്ചതായി ആര്‍എസ്എസ്. സംഘടന ആസ്ഥാനത്ത് ഈ മാസം ആദ്യം മുഖര്‍ജി നടത്തിയ സന്ദര്‍ശനത്തിന് ശേഷം ആര്‍എസ്എസില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് സംഘടനയുടെ മുതിര്‍ന്ന നേതാവ് ബിപ്ലബ് റോയ് പറഞ്ഞു.
ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ ദേശീയതലത്തില്‍ ആര്‍എസ്എസില്‍ ചേരാന്‍ തങ്ങളുടെ വെബ്‌സൈറ്റ് വഴി പ്രതിദിനം ശരാശരി 378 അപേക്ഷകളാണ് വെബ്‌സൈറ്റ് വഴി ലഭിച്ചുകൊണ്ടിരുന്നതെന്ന് കൊല്‍ക്കത്തയില്‍ ഇന്നലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ റോയ് പറഞ്ഞു. എന്നാല്‍ മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച ജൂണ്‍ ഏഴിന് മാത്രം അപേക്ഷരുടെ എണ്ണം 1,179 ആയിരുന്നുവെന്നും അതിന് ശേഷം 1200 മുതല്‍ 1300 വരെ അപേക്ഷകള്‍ പ്രതിദിനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖര്‍ജിയുടെ മാതൃസംസ്ഥാനമായ പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവയില്‍ നാല്‍പത് ശതമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുഖര്‍ജിയുടെ സന്ദര്‍ശനം ആര്‍എസ്എസിന്റെ ജനകീയത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി എന്ന് സമ്മതിക്കാന്‍ റോയ് തയ്യാറായില്ല. ആര്‍എസ്എസ് ഇതിനകം തന്നെ ജനകീയമായ സംഘടനയാണെന്നും എന്നാല്‍ അംഗത്വ അപേക്ഷകളില്‍ ജൂണ്‍ ആറിന് ശേഷം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
മാതൃസംഘടനയായ കോണ്‍ഗ്രസിന്റേതുള്‍പ്പെടെ രാജ്യമെമ്പാടുമുയര്‍ന്ന പ്രതിഷേധങ്ങള്‍ അവഗണിച്ചുകൊണ്ടാണ് പ്രണബ് മുഖര്‍ജി ജൂണ്‍ ഏഴിന് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്. അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി പിതാവിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസ് സന്ദര്‍ശനത്തെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രണബ് മുഖര്‍ജി നാഗ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും അതെല്ലാം അവഗണിച്ച് അദ്ദേഹം സന്ദര്‍ശനം നടത്തുകയായിരുന്നു.

Spread the love
Read Also  യാക്കൂബ് കൊലക്കേസിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയെ വെറുതെവിട്ടു

Leave a Reply