Wednesday, June 23

പ്രസീത തെളിവുകൾ പുറത്തുവിട്ടു ; കെ സുരേന്ദ്രൻ്റെ നില പരുങ്ങലിൽ

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് കോഴ നൽകിയതിനെതിരെ വ്യക്തമായ തെളിവ് പുറത്തുവിട്ട് ജെ ആർ പി നേതാവ് പ്രസീത.

തലസ്ഥാനത്തെ ഹൊറൈസൺ ഹോട്ടലിലെ 503-ാം നമ്പർ മുറിയിൽ സുരേന്ദ്രനും പി.എ. ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ഇവർ തിരുവനന്തപുരത്തെ ഹോട്ടലിൽ എത്തുന്നതിന് മുമ്പുള്ള ഫോൺ സംഭാഷണവും ജെ ആർ പി സംസ്ഥാന ട്രഷററായ പ്രസീത പുറത്തുവിട്ടിട്ടുണ്ട്. കെ. സുരേന്ദ്രൻ ക്ഷണിച്ചതനുസരിച്ച് സി കെ ജാനുവും പ്രസീതയും മാർച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

‘ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രൻ തന്നെ വിളിച്ചുകൊണ്ടിരുന്നു. നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയതിനുശേഷമാണ് പിറ്റേന്ന് കാലത്ത് കാണാം എന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പർ ഏതാണെന്ന് തിരക്കുകയും ഏത് സമയത്ത് കാണാൻ സാധിക്കുമെന്നും അന്വേഷിച്ചു. സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാം എന്ന മറുപടിയും നൽകി- പ്രസീത പറയുന്നു.

മാർച്ച് ഏഴാം തിയതി രാവിലെ 9.56-നാണ് തന്റെ ഫോണിലേക്ക് സുരേന്ദ്രന്റെ ഫോണിൽനിന്ന് കോൾ വന്നത്. ഫോൺ ബെല്ലടിച്ചപ്പോൾ ജാനു ചാടിക്കേറി എടുത്തു. സുരേന്ദ്രൻ്റെ ഫോണിൽ നിന്ന് പി എ ദിപിനാണ് വിളിച്ചത്.

ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോണിൽ സുരേന്ദ്രൻ എന്ന പേരിൽ സേവ് ചെയ്ത നമ്പറിൽനിന്ന് കോൾ വന്നതോടെ ജാനു പെട്ടെന്ന് എടുക്കുകയായിരുന്നു. തുടർന്ന് സുരേന്ദ്രനും സംഘവും 503-ാം നമ്പർ മുറിയിലെത്തി. ആദ്യഘട്ടത്തിൽ പ്രസീത ഉൾപ്പെടെയുള്ള ആളുകളുമായി ചർച്ച നടത്തി. പ്രസീത കൂട്ടിച്ചേർത്തു.

അതിനുശേഷം സുരേന്ദ്രനും അദ്ദേഹത്തിന്റെ ഒപ്പമുള്ള ആളും മുറിയിലെത്തി. രണ്ടുമിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങൾ പുറത്തിറങ്ങിയെന്നും പ്രസീത പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്തുലക്ഷത്തിന്റെ കാര്യമാണ് ഇതുവരെ പറഞ്ഞത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബത്തേരിയിലേക്ക് വരുന്നതേയുള്ളൂ. ഇതിനെക്കാളും കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും പ്രസീത പറഞ്ഞു. നാളെ തനിക്കോ തന്റെ പാർട്ടിയിലെ ആളുകൾക്കോ എന്ത് സംഭവിച്ചാലും കാര്യങ്ങൾ മുന്നോട്ടു തന്നെ പോകുമെന്നും പ്രസീത കൂട്ടിച്ചേർത്തു..

തുടർന്ന് ഹോട്ടലിലെത്തിയ സുരേന്ദ്രനും ജാനുവും തനിച്ച് ചർച്ച നടത്തി. അതിനുശേഷം കയ്യിലുണ്ടായിരുന്ന ബാഗിൽനിന്ന് പണം ജാനുവിന് കൈമാറി. തുടർന്ന് പണം കിട്ടിയ കാര്യം ജാനു തന്നെ അറിയിച്ചു.-പ്രസീത വെളിപ്പെടുത്തി.

പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ കെ സുരേന്ദ്രനും ബി. ജെ. പി സംസ്ഥാന നേതൃത്വവും കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.

അതേ സമയം മഞ്ചേശ്വരത്ത് പത്രിക പിൻവലിക്കാനായി കെ. സുന്ദരയ്ക്ക് കോഴ നൽകിയെന്ന വിഷയത്തിൽ വൈകാതെ സുരേന്ദ്രൻ അറസ്റ്റിലാവുമെന്ന് റിപ്പോർട്ടുണ്ട്.

Spread the love
Read Also  കുഴൽപ്പണക്കേസിൽ പ്രതിസ്ഥാനത്തേക്ക് കെ സുരേന്ദ്രൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് തോമസ് ഐസക്