Monday, January 24

കേരളവികസനത്തിനു തടസ്സം റിയൽ എസ്റ്റേറ്റ് ; ഭൂമാഫിയയെ തകർക്കാൻ ലാൻഡ് ബാങ്ക് നിയമം ശക്തമാക്കണം : ആർ വി ജി മേനോൻ

പ്രതിപക്ഷം ന്യൂസ് ബ്യുറോ

പ്രശസ്ത പാരമ്പര്യേതര ഊർജ്ജവിദഗ്ധനും പരിസ്ഥിതിപ്രവർത്തകനുമായ ആർ വി ജി മേനോനുമായി കേരളത്തിന്റെ ഊർജ്ജപ്രതിസന്ധിയെക്കുറിച്ചും അണക്കെട്ടുകളുടെ ശാസ്ത്രീയതയെക്കുറിച്ചും സുസ്ഥിരപാർപ്പിടപരിഹാരങ്ങളെക്കുറിച്ചും പ്രതിപക്ഷം.ഇന്‍ സംസാരിക്കുന്നു

മലയാളിയുടെ പാർപ്പിടസങ്കല്പങ്ങൾ  ആകെ മാറിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ തോത് പരിമിതമായി മാറിയപ്പോൾ വീടിനെക്കുറിച്ചുള്ള ചിന്തകളും മാറി. ശരിയായ ദിശയിലേക്കാണോ നാം പോകുന്നത് ?

പാർപ്പിടസംസ്കാരം എന്ന് പറയുന്നത് ദൈവനിശ്ചിതമൊന്നുമല്ല. കേരളത്തിൽ നാം വളർത്തിക്കൊണ്ടുവന്ന ഒരു രീതിയാണ്. ഇതിനു നമുക്ക് കഴിഞ്ഞത്, ജനസാന്ദ്രത വളരെ കൂടുതലാണ്, പക്ഷെ അന്ന് ഇന്നത്തെക്കാൾ കുറവായിരുന്നല്ലോ. പക്ഷെ നാം ഇന്ന് കാണുന്ന രീതിയിൽ പുരയിടവും തെങ്ങും വീടുമൊക്കെ എത്ര ശതമാനം ആളുകൾക്ക് ഉണ്ടായിരുന്നു..? അന്നത്തെ ഗാർഹികസാംസ്‌കാരം മറ്റൊരു രീതിയിലായിരുന്നു. ഞങ്ങളുയൊക്കെ വീട് ഓല കെട്ടിയതും വളരെ ചെറുതുമായിരുന്നു. അഞ്ഞൂറ് ചതുരശ്രയടി വലുപ്പമേ ഉണ്ടായിരുന്നുള്ളൂ. അതിനേക്കാൾ പാവപ്പെട്ടവരുടെ വീടായിരുന്നു ചുറ്റുപാടുമുണ്ടായിരുന്നത്. ഇതെല്ലാം കൂടിയായിരുന്നു നമ്മുടെ പാർപ്പിടസംസ്കാരം. അതങ്ങനെ തന്നെ തുടരണമെന്ന് ആർക്കും പറയാൻ പറ്റില്ല. അത് മാറിയത് കുറച്ചു ആളുകൾക്ക് ഓടിട്ടതും മറ്റുമൊക്കെയുള്ള വീട് ഉണ്ടായി. പിന്നെ അതുകഴിഞ്ഞാൽ കോൺക്രീറ്റ് വീടുകളിലേക്കും മാറി.

പാരമ്പര്യേതര ഊർജ്ജ രംഗത്തെ വെല്ലുവിളികൾ; ആര്‍ വി ജി മേനോനുമായി അഭിമുഖം

കോൺക്രീറ്റ് വീട് നമ്മുടെ പാർപ്പിടസംസ്കാരത്തിനു ഇണങ്ങുന്നതല്ല. അതിനു ഒരു അമ്പത് അറുപത് വർഷത്തെ ചരിത്രമേ ഉള്ളൂ. അതിനുമുമ്പ് വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു കാര്യം നാം ചർച്ച ചെയ്യണം. കൂട്ടുകുടുംബങ്ങളിൽ തുടരണമെന്ന് പറയാൻ സാധിക്കില്ല. ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്തേക്കെല്ലാം ആളുകൾ ഫ്‌ളാറ്റുകളിലേക്ക് മാറിയിട്ടുണ്ട്. നമുക്ക് ഓരോരുത്തർക്കും മൂന്നോ നാലോ സെന്റ് വേണം എന്ന് പറയുന്നതിനേക്കാൾ വളരെ കുറവ് സ്ഥലം മതി ഇവർക്ക് താമസിക്കാനുള്ള ബഹുനിലകെട്ടിടങ്ങൾ നിർമ്മിക്കാൻ. അത്തരം കെട്ടിടമാകുമ്പോൾ അവർക്ക് താമസിക്കാൻ സ്വാഭാവികമായിട്ടും വൈദ്യുതി, വെള്ളം എന്നിവ വേണ്ടിവരും. അല്ലാതെ സ്വന്തം വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരി എടുക്കണമെന്ന് പറഞ്ഞാൽ കഴിയില്ല. ഇതെല്ലാം സാധാരണ സ്വതന്ത്രമായ വീടുകളിലും വേണ്ടിവരും, അപ്പോൾ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ അതായത് നഗരങ്ങളിലും വലിയ പട്ടണങ്ങളിലും ഫ്‌ളാറ്റ് തന്നെയാണ് അഭികാമ്യം. പക്ഷെ ഫ്‌ളാറ്റുകൾക്കെതിരെ വലിയൊരു വികാരം നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. അതിനു ഞാൻ നമ്മുടെ സാംസ്കാരികനായകരെയാണ് കുറ്റം പറയുക. ജനസാന്ദ്രത കൂടുമ്പോൾ പാർപ്പിടസംസ്കാരം മാറണം. അങ്ങനെയുള്ളിടങ്ങളിൽ ഫ്‌ളാറ്റുകൾ അനിവാര്യമാണ്. ഭൂമിയുടെ ഉപയോഗം കുറയുന്നു. നൂറു വീട് പണിയണമെങ്കിൽ നാലഞ്ചു ഏക്കർ ഭൂമി വേണ്ടിവരും. എന്നാൽ ഫ്‌ളാറ്റ് ആകുമ്പോൾ അതിന്റെ നാലിലൊന്നു സ്ഥലം മതി.

അപ്പോൾ മാലിന്യം വലിയൊരു പ്രശ്നമാകില്ലേ? ഫ്‌ളാറ്റുകൾക്ക് സമീപം മാലിന്യം കുന്നുകൂടിക്കിടക്കുന്നത് കാണാറുണ്ടല്ലോ ?

മാലിന്യപ്രശ്നം വർദ്ധിച്ചത് ഫ്‌ളാറ്റ് വന്നതുകൊണ്ടാണോ… അത് അഞ്ചു സെന്ററിൽ താമസിക്കുന്നയാളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു റോഡിലാണ് എറിയുന്നത്. അല്ലാതെ അവർ മാലിന്യം സംസ്കരിക്കാറില്ല.

Read Also  ആറുമരണം, ഡാമുകൾ തുറന്നു, ഉരുൾപൊട്ടൽ തുടർന്നാൽ വീണ്ടും സ്ഥിതി രൂക്ഷമാകും, ജാഗ്രത ; കേരളം വീണ്ടും പ്രതിസന്ധിയിലേക്ക്

ഇനി വലിയ അണക്കെട്ടുകൾ നമുക്കുവേണ്ട; ‘പമ്പ് ടു സ്റ്റോറേജ് പദ്ധതി’ യാണ് ബദലെന്നു ആർ വി ജി മേനോൻ

മുഖ്യമന്ത്രി പറയുന്നത് കേരളം പുനര്നിര്മ്മിക്കുകയല്ല പുതിയ കേരളം സൃഷ്ടിക്കുകയാണ് വേണ്ടത് എന്നാണു. അപ്പോൾ പുതിയൊരു പ്ലാനിങ് ഉണ്ടാകണമല്ലോ?

അങ്ങനെയൊക്കെ പറയാനെളുപ്പമാണ്. അതിനൊക്കെ വളരെ കടുത്ത പല തീരുമാനങ്ങളും എടുക്കേണ്ടതായിവരും. അതിലൊന്ന് ഇപ്പോൾ കേരളത്തിൽ വളർന്നുവരുന്ന ഒരു വ്യവസായമേഖല റിയൽ എസ്‌റ്റേറ്റാണ്. ഭൂമിയുടെ വില ഉയരുന്നത് തടയാനുള്ള ശക്തമായ നിയമം കൊണ്ടുവരണം. പക്ഷെ അതിവിടെ അനുവദിക്കില്ല. റിയൽ എസ്റ്റേറ്റ്കാരാണ് ഇവിടെ മറ്റൊരു വ്യവസായത്തെയും കൊണ്ടുവരാൻ അനുവദിക്കാത്തത്. നമ്മൾ ടെക്‌നോപാർക്കുണ്ടാക്കിയതെന്തിനാണ്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ തുടങ്ങുന്നതെന്തിനാണ്. സർക്കാർ ഭൂമി ഏറ്റെടുത്ത് കെട്ടിടം കൂടി കെട്ടിയിട്ടു ഇവിടെ വന്നു വ്യവസായ തുടങ്ങാനാണ്. ഒന്നുകിൽ സ്ഥലം കൊടുക്കുന്നു അല്ലെങ്കിൽ കെട്ടിടം കെട്ടിനൽകുന്നു. അത്തരത്തിൽ ഒരു സ്ഥലം ലഭ്യമാക്കാതെ ഒരു വ്യവസായത്തിനും വളരാൻ കഴിയില്ല. സെന്റിന് മൂന്നും നാലും ലക്ഷമൊക്കെ കൊടുത്തു വാങ്ങിയിട്ട് ഒരു വ്യവസായവും നടത്താനാവില്ല. ഇപ്പോൾ ഹെവി ഇൻഡസ്ട്രി നോക്കുകയാണെങ്കിൽ നമുക്ക് എത്തിനോക്കാൻ കൂടി പറ്റിയിട്ടില്ല. പക്ഷെ അതേസമയം മറ്റു സംസ്ഥാനസർക്കാറുകൾ, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് തുടങ്ങിയവയൊക്കെ നൂറുകണക്കിന് ഏക്കറുകളാണ് നൽകിയിരിക്കുന്നത്. ഐ ടി ഇൻഡസ്ട്രി പോലും നമുക്ക് ബുദ്ധിമുട്ടാണ്. അത് മാത്രമല്ല ഇവിടെ സാധാരണക്കാരന് അഞ്ചു സെന്റ് വാങ്ങി വീടുവെക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത്രയും ഉയർന്ന വിലയ്ക്ക് സ്ഥലം വാങ്ങി വീട് വെയ്ക്കാൻ ആർക്കാണ് കഴിയുക. വില കൂടുന്നതിന് കാരണം റിയൽ എസ്റ്റേറ്റ് വളർച്ചയാണ്. ചെറിയ തുണ്ടു ഭൂമിയുടെ മേഖലയിലാണ് ഊഹക്കച്ചവടങ്ങൾ നടക്കുന്നത്. ഇതിനിടയിൽ പല ഏജന്റുമാരുടെ കയ്യിൽ കരാറുകളിലൂടെ ഭൂമി വില പലതവണ വർദ്ധിക്കും. ഇതിൽ നേട്ടമുണ്ടാക്കുന്നത് ഭൂമിയുടെ ദല്ലാളുമാരാണ്.

ഇതവസാനിപ്പിക്കാൻ വേണ്ടി എന്ത് നടപടി നിർദ്ദേശിക്കാൻ കഴിയും ?

രണ്ടുമൂന്നു വര്ഷം മുമ്പ് കേരള ശാസ്ത്രസാഹിത്യപരിഷത് ഒരു നിർദ്ദേശം വെച്ചതാണ്. ലാൻഡ് ബാങ്ക്. ആ വാക്കും പ്രയോഗവും ഒക്കെ ഉണ്ട്. പക്ഷെ അത് ശരിയായ രീതിയിൽ വിനിയോഗിച്ചിട്ടില്ല. ഉദാഹരണമായി എനിക്ക് 50 സെന്റ് ഭൂമി വില്ക്കാനുണ്ടെങ്കിൽ അത് ലാൻഡ് ബാങ്കിനെ അറിയിക്കുക. അവർ അത് ലേലം ചെയ്‌തുവിൽക്കും. അവർ അത് ചെയ്യുമ്പോൾ നേരിട്ട് യഥാർത്ഥ ആവശ്യക്കാരന് തന്നെ വിൽക്കുന്നു. അല്ലാതെ കരാറുകാരന് നൽകില്ല. ആവശ്യക്കാരന് ഭൂമി വാങ്ങിയാൽ ഉടനെ മറച്ചുവിൽക്കാൻ കഴിയില്ല. കാരണം ഇവിടെ ഭൂമിയുടെ യഥാർത്ഥ വില കാണിക്കേണ്ടിവരും. ഊഹക്കച്ചവടം നടക്കില്ല. ഭൂമിയുടെ പേരിലുള്ള വലിയ വലിയ അഴിമതികൾ ഒഴിവാക്കാൻ സാധിക്കും. പക്ഷെ ഇത് ഒരു രാഷ്ട്രീയപാർട്ടിയും അംഗീകരിക്കില്ല. ഭൂമാഫിയയെന്നൊക്കെ പത്രങ്ങളിൽ എഴുതാമെന്നല്ലാതെ സമൂഹത്തിന്റെ ശക്തികേന്ദ്രങ്ങളിലൊക്കെ ഇവർ തന്നെയാണ് നിയന്ത്രിക്കുന്നത്. ഇവരെ തടയാൻ അത് മാത്രമേ പരിഹാരമുള്ളൂ. സർക്കാരിന് ഇത് ചെയ്യാനുള്ള ഇച്ഛശക്തിയുണ്ടാവണം, അല്ലാതെ നവകേരളമെന്നൊക്കെ പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല.

Spread the love