കുഞ്ഞാലിമരക്കാർ എന്ന തൻ്റെ തിരക്കഥ പ്രിയദർശൻ മോഷ്ടിച്ചെന്ന് താൻ പറഞ്ഞതായ വാർത്ത നിഷേധിച്ച് പ്രശസ്തകവിയും നോവലിസ്റ്റുമായ ടി പി രാജീവൻ. സിനിമ ആദ്യം ചെയ്യാനായി സ്ക്രിപ്റ്റിനെക്കുറിച്ച് വിശദമായി പ്രിയദർശനോട് സംസാരിച്ചിരുന്നു. പക്ഷെ ആദ്യം തന്നെ സ്ക്രിപ്റ്റിൽ തൻ്റെ പേരിൽ മാത്രമായിരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ അതവിടെ അവസാനിക്കുകയായിരുന്നുവെന്നു. പ്രിയദർശൻ തൻ്റെ കുഞ്ഞാലിമരക്കാർ എന്ന തിരക്കഥ മോഷ്ടിച്ചതായി ഒരു ഓൺലയിൻ പോർട്ടലിൽ വന്ന വാർത്തയെക്കുറിച്ച് ടി പി രാജീവൻ പ്രതിപക്ഷം ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു.

‘കഥയുടെ സ്ഥാനത്ത് പ്രിയദർശൻ്റെ പേരായിരിക്കുമെന്നും തിരക്കഥ സംഭാഷണം ടി ദാമോദരൻ, ടി പി രാജീവൻ എന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ആ വ്യവസ്ഥ സ്വീകാര്യമായിരുന്നില്ല. ഞാൻ എഴുതിയ ഒരു കഥയിൽ ടി ദാമോദരൻ്റെ പേരു വെയ്ക്കാൻ ഞാൻ അനുവദിക്കില്ല, ടി ദാമോദരനെ ഞാൻ വിളിച്ചിരുന്നു. അദ്ദേഹം അഞ്ചോ ആറോ സീൻ മാത്രമെ എഴുതിയിട്ടുള്ളൂ എന്നറിഞ്ഞു. ബാക്കി ആരു എഴുതി എന്നറിയില്ല’ ടി പി രാജീവൻ പറഞ്ഞു

‘ആദ്യം ഇത് ജയരാജനുമായി ചർച്ച ചെയ്തതാണു. ആദ്യം മമ്മൂട്ടിയെ വെച്ചാണു ആലോചിച്ചത്. അത് നടന്നില്ല. പിന്നെ അതിൽ നായകനായി മോഹൻ ലാലിനെ നിശ്ചയിച്ചു. മോഹൻ ലാലിൻ്റെ കൈവശം മൂന്നു മാസത്തോളം സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. എന്നാൽ ജയരാജനുമായുള്ള പദ്ധതി നടന്നില്ല. പിന്നെ രാജീവ് രവിയുടെ കയ്യിൽ വളരെക്കാലം സ്ക്രിപ്റ്റ് ഇരുന്നു,. തുടർന്ന് അമൽ നീരദുമായി ചർച്ച നടന്നിരുന്നു. ഏറ്റവും ഒടുവിലാണു പ്രിയദർശനെ സമീപിച്ചത്. പ്രിയദർശനുമായി ഒരു ദിവസം സ്ക്രിപ്റ്റിനെക്കുറിച്ച് വിശദമായി സംസാരിച്ചു. പക്ഷെ പിന്നീട് ആളെ അയച്ച് കണ്ടീഷൻ പറഞ്ഞപ്പോഴാണു ഞാൻ പിന്മാറിയത്’

പക്ഷെ പ്രിയദർശൻ തൻ്റെ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. കുഞ്ഞാലിമരക്കാർ നിർമ്മാണം തുടങ്ങിയ ഘട്ടത്തിലാണു രാജീവൻ അറിഞ്ഞത്. എന്തായാലും താൻ സിനിമാക്കാരനൊന്നുമല്ലെന്നും നിയമനടപടികൾക്കുന്നും പോകുന്നില്ലെന്നും രാജീവൻ വിശദീകരിച്ചു.

വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ഫലമായാണു രാജീവൻ കുഞ്ഞാലിമരക്കാർ തിരക്കഥ എഴുതിയത്.  കഴിഞ്ഞ ദിവസം ഡി സി ബുക്സ് ടി പി രാജീവൻ്റെ കുഞ്ഞാലിമരക്കാർ തിരക്കഥ പുറത്തിറക്കിയിരുന്നു. അതിൽ പ്രിയദർശനോട് കഥ പറഞ്ഞ കാര്യമുൾപ്പെടെ എല്ലാം ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്. ആമുഖത്തിലെ പരാമർശങ്ങളാണു ചില ഓൺലയിൻ ന്യൂസ് പോർട്ടലുകൾ വാർത്തയായി പുറത്തുവിട്ടത്.

 രഞ്ജിത് സംവിധാനം ചെയ്ത ‘പലേരിമാണിക്യം : ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ’ എന്ന ചിത്രം ടി പി രാജീവൻ്റെ നോവലിനെ ആധാരമാക്കിയുള്ളതായിരുന്നു. ചിത്രത്തിൻ്റെ തിരക്കഥയും രാജീവൻ തന്നെയായിരുന്നു. 

Read Also  100 കോടി ബഡ്ജറ്റിൽ പ്രിയദർശന്റെ സ്വപ്ന സിനിമ  'മരക്കാർ അറബികടലിന്റെ സിംഹം' ഷൂട്ടിംഗ് ഇന്നാരംഭിച്ചു...

LEAVE A REPLY

Please enter your comment!
Please enter your name here