Thursday, January 20

പ്രിയങ്കയുടെ യാത്ര കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ; സോണിയയ്ക്ക് പകരം റായ് ബറേലിയിൽ

യു പി എ അധ്യക്ഷ സോണിയാ ഗാന്ധി സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി സൂചന. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ പതർച്ചയുടെ പക്കൽ നിന്നും കൈപിടിച്ച് ഉയർത്തികൊണ്ട് വരുന്നതിൽ നിർണ്ണായക പങ്കുവഹിച്ചയാളാണ് സോണിയാ ഗാന്ധി. ഒരുവേള ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് വരെ പരിഗണിക്കപ്പെട്ട സോണിയ കോൺഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റവും കൂടതൽ കാലം വഹിച്ചയാളാണെന്ന ഖ്യാതിയ്ക്ക് ഉടമയുമായി. പ്രധാനമന്ത്രി പദം ബിജെപിയുടെയും കോൺഗ്രസിനുള്ളിലെ തന്നെ ചില നേതാക്കളുടെ എതിർപ്പുമൂലം ചുണ്ടിനും കപ്പിനുമിടയിൽ സോണിയക്ക് വഴുതി പോവുകയായിരുന്നു. തുടർന്ന് മൻമോഹൻസിംഗ് പ്രധാനമന്ത്രി പദത്തിലെത്തിയതും യുപിഎയുടെ അധ്യക്ഷ സ്ഥാനത്ത് സോണിയ വന്നതും ചരിത്രം.

വരുന്ന ലോക് സഭാ  തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യ കക്ഷിയോ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുന്ന സാഹചര്യമുണ്ടായാൽ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു ഓപ്‌ഷൻ കോൺഗ്രസ് നേതൃത്വത്തിനില്ല. അത്കൊണ്ടുതന്നെ പാർട്ടി അധ്യക്ഷൻ അത്തരമൊരു പദവിയിലേക്ക് പോകുന്നതോടുകൂടി കോൺഗ്രസ് പാർട്ടിയെ നയിക്കാൻ ആളില്ലാതെ വരും. ഈ വിടവിലേക്കാണ് സഹോദരി പ്രിയങ്ക ഗാന്ധിയുടെ കടന്ന് വരവ്. കുടുംബ രാഷ്ട്രീയമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന വിമർശകരുടെ ആരോപണങ്ങൾക്ക് മറുപടി കൊടുക്കേണ്ട ബാധ്യത കോൺഗ്രസ്സിനില്ലെന്നാണ് പ്രിയങ്കയെ പാർട്ടിയുടെ പ്രധാന പദവിയിലേക്ക് നേരിട്ട് നിയമിച്ചതിലൂടെ വ്യക്തമാവുന്നത്.

സോണിയയുടെ സ്ഥിരം തട്ടകമായിരുന്ന റായ്ബറേലിയില്‍ ആരോഗ്യ പ്രശ്നങ്ങൾമൂലം സോണിയ മത്സരിക്കാൻ തയ്യാറല്ലെന്ന് അറിയിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ സ്വാഭാവികമായും സീറ്റ് പ്രിയങ്കയ്ക്ക് വഴിമാറും. ഇതോടെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കടന്ന് വരവ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയാൽ ആര് കോൺഗ്രസിനെ നയിക്കുമെന്ന വഴിമുട്ടിയ ചോദ്യങ്ങൾ ഉയരാതെ ഇരിക്കുന്നതിനാണ് മാസങ്ങൾക്ക് മുൻപ് കോൺഗ്രസിലെ നിർണ്ണായക പദവിയിൽ പ്രിയങ്കയെ നിയമിച്ചിരിക്കുന്നത്. മറ്റാരെയും കോൺഗ്രസ് നേതൃത്വം വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സ്ഥിതി വിശേഷത്തിലല്ല എന്നതും രാജ്യവ്യാപകമായി സ്വാധീനമുള്ള / സ്വീകാര്യതയുള്ള മറ്റ് നേതാക്കൾ പാർട്ടിക്കകത്ത് വിരളമാണെന്നതും പ്രിയങ്കയുടെ കോൺഗ്രസ് അധ്യക്ഷ പദവിയിലേയ്ക്കുള്ള പാതയ്ക്ക്  വഴിയൊരുങ്ങുന്നു.

ഇതുവരെ തിരഞ്ഞെടുപ്പു ചിത്രങ്ങളിലോ എന്തിനു ഇന്ത്യൻ രാഷ്ട്രീയ ചിത്രങ്ങളിലോ അനിശ്ചിതത്വമായി നിന്ന പ്രിയങ്കാ വധേരയെന്ന പ്രിയങ്കാ ഗാന്ധിയെ പെട്ടെന്ന് യു പി പോലുള്ള ഒരു സംസ്ഥാനത്തിന്റെ ചുമതലയേൽപ്പിച്ച് കൊണ്ട് കളത്തിലിറക്കിയിരി ക്കുകയാണ്. ബി ജെപിയുടെ എല്ലാഅർത്ഥത്തിലും ശക്തനായ വക്താവ് യോഗി ആദിത്യനാഥിന്റെ യും സാക്ഷാൽ നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന വാരണാസി യുൾക്കൊള്ളുന്ന സംസ്ഥാനത്തിന്റെയും ചുമതലയാണ് പ്രിയങ്കയ്ക് രാഹുൽ പതിച്ചു നൽകിയിരിക്കുന്നത്. ഇതിനെല്ലാം പുറമെ പിന്നോക്ക ഐക്യമായ എസ്പി -ബി എസ് പി ഘടകവും നിലവിൽ ശക്തമായി തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നിന്ന് നേരിടാൻ പ്രാപ്തമായി നിൽക്കുന്ന യു പിയിലേക്കാണ് അവരെ അയച്ചിരിക്കുന്നത്. യു പി യെ രണ്ടായി തിരിച്ചത്തിൽ കിഴക്കൻ യു പി യുടെ ചുമതലയാണിപ്പോൾ പ്രിയങ്കയ്ക്ക് നല്കപ്പെട്ടിരിക്കുന്നത് പടിഞ്ഞാറൻ ഭാഗം ജ്യോതിരാദിത്യ സിന്ധ്യക്കും നൽകിയിരിക്കുകയാണ്.

Read Also  സോണിയയെ മാറ്റണമെന്ന് നേതാക്കൾ കത്തയച്ചത് ക്രൂരമെന്നു നേതാക്കൾ ; കോൺഗ്രസിൽ കത്തുവിവാദം കൊഴുക്കുന്നു

 

പ്രിയങ്കയുടെ അരങ്ങേറ്റം ഒരു പക്ഷെ റായ്ബറേലിയിൽ നിന്നും സോണിയ ഗാന്ധിയെ പിൻവലിച്ചു കൊണ്ടായിരിക്കാനാണ് സാധ്യത. അതുമല്ലെങ്കിൽ സുൽത്താൻ പൂരിൽ നിന്നും സുരക്ഷിതമായി മത്സരിക്കാനോ ആയിരിക്കും തീരുമാനിക്കുക. എന്തായാലും ഇതെല്ലാം പ്രിയങ്കയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് രാഹുൽ.

വോട്ടേർഴ്‌സിനെ ടാർജെറ് ചെയ്യുകയെന്നതാവും ഇവിടെ കോൺഗ്രസ് അല്ലെങ്കിൽ പ്രിയങ്ക അനുഭവിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്‍നം. നിലവിൽ ഹിന്ദു ഭൂരിപക്ഷത്തിന്റെ അല്ലെങ്കിൽ മുന്നോക്ക ഹിന്ദു വോട്ടുകൾ വളരെ സേഫായി ആദിത്യനാഥ് കൊണ്ടുപോകുമ്പോൾ മുസ്ലിം ദളിത് വോട്ടുകളിലേക്കാവും കോൺഗ്രസ് കണ്ണ് വയ്ക്കുന്നത് അവിടെയാണ് പുതിയ പ്രശ്‍നം ഉരുത്തിരിയുന്നത്. മായാവതിയും യാദവ മുന്നണികളും ഇപ്പോഴും അവരുടെ ഈ വോട്ടുബാങ്കിൽ നിന്നും  അത്രയൊന്നും പിന്നാക്കം പോയിട്ടില്ല.

പക്ഷെ രാഹുലിന്റെ തീരുമാനം തികച്ചും ചിന്തിച്ചുള്ളതും മുൻ അനുഭവങ്ങളിൽ നിന്നുള്ളതുമാകാനാണ് സാധ്യത. കാരണം കോൺഗ്രസിൽ നിന്നും ബി ജെ പി ഭരണം പിടിച്ചെടുത്ത പല സംസ്ഥാനങ്ങളിലും ശക്തമായ നേതൃത്വത്തിന്റെ അല്ലെങ്കിൽ വിശ്വസിനീയതയുള്ള നേതൃത്വത്തിന്റെ അഭാവമായിരുന്നു പ്രശ്‍നം. അതിനെ നേരിടാൻ പ്രയങ്കയെന്ന തുറുപ്പ് ചിട്ടുപയോഗിക്കുകയായിരിക്കും രാഹുൽ. കാരണം  കോൺഗ്രസ്  ഭിന്നമായി നിൽക്കുമ്പോൾ അവസാനവാക്കായി അവതരിക്കുന്ന പാരമ്പര്യമാണല്ലോ നെഹ്‌റു കുടുംബത്തിനുള്ളത്. ഏതാണ്ട് ഒരു പ്രൈവറ് ലിമിറ്റഡ് കമ്പനി പോലെ. പണ്ടുമുതൽ തന്നെ ശീലിച്ചതും നടത്തി വന്നതുമായ ആ സ്ട്രാറ്റജിയുടെ ഭാഗമായിത്തന്നെ വേണം ഇപ്പോഴുള്ള ഈ അരങ്ങേറ്റത്തെ കാണാൻ.

നിലവിൽ യു എസിലുള്ള പ്രിയങ്ക അടുത്ത ഫെബ്രുവരിയിൽ തന്നെ യു പി യുടെ തെരെഞ്ഞെടുപ്പ് ചിത്രത്തിലേക്കെത്തും. വളരെ ദയനീയ അവസ്ഥയിൽ ഇപ്പോൾ യു പിയിൽ  നിൽക്കുന്ന കോൺഗ്രസിനെ മന്ദിർ മസ്ജിദ് രാഷ്ട്രീയത്തിന് മുൻപുണ്ടായിരുന്ന സുരക്ഷിതമായ അവസ്ഥയിലെത്തിക്കാനുള്ള തത്രപ്പാടിലായിരിക്കും അവർ. നിലവിൽ രണ്ട് എംപി മാരും നാനൂറ്റിമൂന്നു പേരുള്ള അസംബ്ലി സീറ്റിൽ ഏഴു പേരുമായി നിൽക്കുന്ന യു പി യിൽ കോൺഗ്രസിന് അല്ലെങ്കിൽ രാഹുൽ ഗാന്ധിയ്ക്ക് എന്ത് കളിയും കളിക്കാം. കാരണം നഷ്ടപ്പെടാൻ ഒന്നുമില്ല. ഇനി പ്രിയങ്കയെ ഇറക്കിയതിനെ ചോദ്യം ചെയ്യാനുമാരുമുണ്ടാകില്ല. എന്തായാലും ഇവിടെ ലാഭം ഉണ്ടായാൽ അത് രാഹുൽ -പ്രിയങ്ക ദ്വയം പ്രതിനിധീകരിക്കുന്ന നെഹ്‌റു കുടുംബ വാഴ്ചയുടെ പിന്തുടർച്ചയിൽ തന്നെ കോൺഗ്രസിനെ എത്തിക്കും. നിലവിലെ എസ് പി -ബി എസ് പി സഖ്യവുമായി ഒരു സൗഹൃദ മത്സര രീതി തന്നെ കോൺഗ്രസിൽ നിന്നും പ്രതീക്ഷിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മുഖ്യ ശത്രുവായി ഇപ്പഴും ബി ജെ പി തന്നെയാണല്ലോ ഇരുവർക്കും മുൻപിലുള്ളത്. എങ്ങനെയായിരിക്കും പ്രിയങ്കയുടെ പരീക്ഷണങ്ങൾ ആരംഭിക്കുന്നത് എന്നത് രാഷ്ട്രീയലോകം ഉറ്റുനോക്കുകയാണ്‌.

പക്ഷെ പ്രിയങ്കയ്‌ക്കെതിരെ ബി ജെ പി ഉയർത്തുന്ന ഏറ്റവും വലിയ ആരോപണങ്ങൾ റോബർട്ട് വധേരയെ ചുറ്റിപ്പറ്റിയുള്ളതു തന്നെയാകാം. കാര്യങ്ങൾ അനുകൂലമായി നീങ്ങിയാൽ കോൺഗ്രസിൽ ഇതുവരെ ഉണ്ടാകാതിരുന്ന നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ഒരധികാര വടം വലി വെറുതെ സ്വപ്നം കാണുന്നവരുമുണ്ട്. പക്ഷെ നിലവിലെ ബന്ധവും ഉത്തരവാദിത്വവും അനുസരിച്ച് പ്രിയങ്കയുടെ കടന്നു വരവ് രാഹുലിന് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. അതുപോലെ തന്നെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനിപ്പോൾ ഉള്ളതിൽ കൂടുതൽ ഒരവസരം ഇനിയുണ്ടാകാനും പോകുന്നില്ല. പാർട്ടിക്കുള്ളിൽ എഴുന്നേറ്റ നിന്ന് കുടുംബവാഴ്ചയെ ചോദ്യം ചെയ്യാൻ ഇപ്പോൾ  ഒന്നറയ്കും എന്നതാണ് സത്യം. കാരണം അപകടകരമായ സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിലാണു ഊന്നൽ. അങ്ങനെ വീണ്ടും കോൺഗ്രസ് അതിന്റെ പഴയ ചുറ്റുപാടിലേക്ക് തിരിച്ചു പോകുന്നു.

Read Also  കർഷക ആത്മഹത്യ, രാഹുൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് പിണറായി

പാർട്ടി പ്രവർത്തകർ മുൻപേ തന്നെ പ്രിയങ്കയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ, മുദ്രാവാക്യങ്ങളുമായി രംഗത്ത് വന്നതും പ്രിയങ്കയ്ക്ക് ഗുണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാത്രമാണ് പ്രിയങ്കയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. അല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് വരെ പ്രിയങ്കയ്ക്ക് കാത്തിരിക്കണം.

Spread the love

Leave a Reply