Wednesday, January 19

മത്സ്യത്തൊഴിലാളിസമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് പുതിയ കേരളം സൃഷ്ടിക്കണം; എ.ജെ. വിജയനുമായി അഭിമുഖം

മത്സ്യത്തൊഴിലാളിസമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് മാറിമാറിവരുന്ന എല്ലാ നമ്മുടെ സര്‍ക്കാരുകളും നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മാത്രമല്ല, മുഖ്യധാരയില്‍ നില്‍ക്കുന്ന മലയാളി അവരെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയതുതന്നെ ഈ പ്രളയകാലത്താണ്. പ്രളയത്തില്‍പ്പെട്ട ജനതയെ വീണ്ടെടുക്കാന്‍  മത്സ്യത്തൊഴിലാളികള്‍     ആത്മാര്‍ത്ഥമായ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് നാം കണ്ടുകഴിഞ്ഞു. മുഖ്യമന്ത്രി അവരെ കേരളത്തിന്‍റെ സൈന്യം എന്ന് വിളിച്ചു. പക്ഷെ അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇനിയെങ്കിലും ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. നവകേരള സൃഷ്ടിക്കായി ചര്‍ച്ച തുടങ്ങുമ്പോള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഈ മേഖലയിലെ സാമൂഹ്യപ്രവര്‍ത്തകരും വിദഗ്ദ്ധരും പറഞ്ഞുകഴിഞ്ഞു. തീരദേശത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് നിരന്തരമായ അന്വേഷണങ്ങളും പഠനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് എ ജെ വിജയന്‍ . അദ്ദേഹം ദീര്‍ഘകാലം കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളിയൂണിയന്‍ സെക്രട്ടറിയായിരുന്നു. വിജയനുമായി പ്രതിപക്ഷം.ഇന്‍ നടത്തിയ അഭിമുഖം

??മത്സ്യത്തൊഴിലാളിസമൂഹത്തിൽ പ്രവർത്തിക്കുന്ന ഒരാളായതുകൊണ്ടു ചോദിക്കുകയാണ്. കാടും നദിയും കടലും തമ്മിലുള്ള ബന്ധം വിശദീകരിക്കാമോ? അണക്കെട്ടുകൾ കടലിലെ ഉത്പാദനക്ഷമതയെ ബാധിക്കുന്നില്ലേ?

കാടും കടലും തമ്മിലുള്ള ബന്ധമെന്ന് പറയുമ്പോൾ നദിയും കടലും തമ്മിലുള്ള ബന്ധമാണ് വിശദീകരിക്കേണ്ടത്. ഡാമുകളും കടലിന്റെ മത്സ്യോത്പാദനവുമായി ബന്ധമുണ്ട്. അണക്കെട്ടുകൾ ഉള്ളതുകൊണ്ട് കടലിലെ ഉത്പാദനക്ഷമതയെ നെഗറ്റിവ് ആയി ബാധിക്കുന്നുണ്ട്. അത് ശാസ്ത്രലോകം തന്നെ തത്വത്തിൽ അംഗീകരിച്ചതാണ്. പക്ഷെ അതുകൊണ്ടു കടലിലെ പോഷകസമൃദ്ധിയെ അത് ബാധിക്കുന്നുണ്ട്. അത് അണക്കെട്ടുകൾ കൊണ്ട് നദിയെ തടയുമ്പോൾ ഉത്പാദനക്ഷമതയെ ബാധിക്കുന്നുണ്ട്. കരയിൽനിന്നും നദിയിലൂടെ കടലിലേക്ക് വരുന്ന എക്കലുകളും മറ്റും മത്സ്യോത്പാദനം വർദ്ധിപ്പിക്കാൻ സഹായിച്ചിരുന്നു. സ്വാഭാവികമായി എക്കലുകളുടെ സ്വാഭാവിക ഒഴുക്ക് തടയപ്പെടുന്നത് അണക്കെട്ടുകൾ വരുന്നതോടെയാണ്. ഇതുമൂലം മത്സ്യോത്പാദനത്തിന്റെ തോത് ഗണ്യമായി കുറയുന്നു. . മാത്രമല്ല കേരളത്തിന്റെ തീരങ്ങളും മറ്റും രൂപപ്പെട്ടതുതന്നെ നദിയിൽനിന്നും സ്വാഭാവികമായി ഒഴുകിവരുന്ന എക്കലും മണലും കൊണ്ടുതന്നെയാണ്. തീരം ഇല്ലാതാക്കുന്നതിന് ഒരു കാരണം അണക്കെട്ടുകൾ തന്നെയാണ്. പക്ഷെ അതുകൊണ്ടു ഡാമുകൾ വേണ്ട എന്ന് പറയാൻ നമുക്ക് കഴിയില്ല.

?? തീരദേശപരിപാലനം സംബന്ധിച്ചുള്ള പഠനങ്ങൾ ധാരാളമായി നടന്നിട്ടുണ്ടല്ലോ.?

അതെ, തീരദേശത്തെ സംബന്ധിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. കേരളത്തിന്റേത് മാത്രമല്ല. കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള പരിസ്ഥിതി മന്ത്രാലയം പോലും പഠനങ്ങൾ നടത്തിയിട്ടുണ്ട്. അടുത്ത കാലത്തുതന്നെ തീരദേശത്തുണ്ടാകുന്ന മാറ്റങ്ങൾ, തീരം നഷ്ടപ്പെടുന്നതിന്റെ പ്രശ്നങ്ങൾ, തീരം പരിപാലിപ്പിക്കുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിന്റെയും തീരങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വന്നിട്ടുണ്ട്. ഏറ്റവും അടുത്ത കാലത്ത് നടന്നിട്ടുള്ളത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ കോസ്റ്റല്‍ സ്റ്റഡീസ് എന്ന സ്ഥാപനമാണ്. അതിനുമുമ്പ് ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെയും കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും ആവശ്യപ്രകാരം നടന്ന പഠനമാണിത്. അതിനുമുമ്പ് നാഷണൽ സെന്റർ ഫോർ സസ്‌റ്റെയിനബിൾ കോസ്റ്റൽ മാനേജ്‌മെന്റിന്റെ കീഴിലാണ് ആ പഠനം നടന്നത്

??? പക്ഷെ എന്തുകൊണ്ടാണ് ഇത്തരം പഠനങ്ങളൊക്കെ മുഖ്യധാരയിൽ ചർച്ചചെയ്യപ്പെടാതെ പോകുന്നത്?

Read Also  മുഖ്യമന്ത്രിയുടെ വിദേശയാത്ര ; മുരളി തുമ്മാരുകുടിയുടെ വിലയിരുത്തൽ

അതെ, മറ്റു മേഖലകൾക്ക് അതായത് വനം, നദികൾ തുടങ്ങിയവയ്ക്ക് കിട്ടുന്ന പ്രാധാന്യംപോലെ തീരത്ത് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചര്ച്ചകള്ക്ക് ആ പരിഗണനയും പ്രാധാന്യവും കിട്ടിയിട്ടില്ല. പക്ഷെ ഇപ്പോൾ പ്രളയത്തോടനുബന്ധിച്ച രക്ഷാപ്രവർത്തനങ്ങളിൽ മൽസ്യത്തോഴിലാളികൾ സജീവമായി പങ്കെടുത്തതോടെ ഒരു അനുകമ്പയോക്കെ വന്നിട്ടുണ്ട്,

?? ഇപ്പോൾ നവകേരളനിർമ്മിതിക്കായുള്ള ചർച്ചകൾ നടക്കുകയാണല്ലോ. ഈ വേളയിൽ കേരളത്തിന്റെ തീരദേശമേഖലയുടെ പ്രശനങ്ങൾ അവതരിപ്പിക്കേണ്ടത് അനിവാര്യമായ ഒരു ഘടകമല്ലെ?

ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് നഷ്ടപ്പെട്ടുപോയ കേരളത്തിന്റെ മണൽതീരം തിരിച്ചുകൊണ്ടുവരുക എന്നതാണ്. ഏതാണ്ട് 60 വര്ഷം മുമ്പുവരെ കേരളത്തിന്റെ 80 ശതമാനവും മണൽതീരങ്ങളായിരുന്നു. അതായത് കടപ്പുറം മുഴുവൻ മണലായിരുന്നു. ഇപ്പോൾ ആ തീരം മുഴുവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയായാണ്. ഇന്ന് ഈ പഠനങ്ങളൊക്കെ പരിശോധിച്ചുനോക്കിയാൽ കാണാം കേരളത്തിന്റെ 65 ശതമാനം തീരങ്ങളും മണൽത്തീരങ്ങളല്ല, കടൽ ഭിത്തികൊണ്ടു നിർമ്മിക്കപ്പെട്ടവയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഈ കരിങ്കൽ ഭിത്തികൊണ്ടു തീരങ്ങളെ പൂർണമായി ഇല്ലാതാക്കിയിരിക്കുകയാണ്.

കടൽത്തതീരത്തുനിന്നും മൽസ്യബന്ധനത്തിനായി കടലിലേക്കുപോവുകയും തിരിച്ചു തീരങ്ങളിലേക്ക് വരുകയും ചെയ്യുന്ന രീതിയായിരുന്നു പരമ്പരാഗതമായി ഇവിടെ നിലനിന്നിരുന്നത്. പക്ഷെ തീരങ്ങളില്ലാതായ എല്ലായിടങ്ങളിലും മൽസ്യബന്ധനം വല്ലാത്തോരു പ്രതിസന്ധിയിലാണ്. ഇന്ന് ഉദാഹരണത്തിന് പ്രളയം ഉണ്ടായപ്പോൾ രക്ഷിക്കാൻ പോയ മൽസ്യോപകരണങ്ങൾ നോക്കിയാൽ കാണാം, അത് ആധുനിക സംവിധാനത്തിലുള്ള ട്രോളറുകളോ ഒന്നുമല്ല, മറിച്ചു സാധാരാണ വള്ളങ്ങളാണ്. രക്ഷാപ്രവർത്തനം പോലും നടക്കണമെങ്കിൽ ഇതുപോലുള്ള ചെറുകിടവള്ളങ്ങളെ നിലനിർത്തുന്ന തീരങ്ങൾ നിലനിന്നാൽ സാധ്യമാവുകയുള്ളൂ. ഇത് ഇപ്പോൾ നിലനിൽക്കുന്നത് തെക്കൻ കേരളത്തിലെ നീണ്ടകരമുതലുള്ള ചിലയിടങ്ങളിൽ മാത്രമാണ്. വടക്കൻ ജില്ലകളുടെ തീരങ്ങളിൽ ഈ സൗകര്യം ഇന്ന് ലഭ്യമല്ലാതായിത്ത്തീർന്നിരിക്കുന്നു. അവിടെയൊക്കെ ഇപ്പോൾ കണ്ടതുപോലെ ലോറികളിലും മറ്റും കയറ്റാൻ കഴിയാത്ത കൂറ്റൻ ബോട്ടുകളൊക്കെയായി മാറി.

??അപ്പോൾ മത്സ്യത്തോഴിലാളികൾക്ക് വള്ളമിറക്കുന്നതിനു തീരശോഷണം വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയല്ലോ? അത് അവരുടെ ജീവനോപാധി നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നതല്ലേ?

ഇന്ന് മണൽത്തീരങ്ങളെ ആശ്രയിക്കുന്ന മൽസ്യത്തോഴിലാളികൾ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. വള്ളമിറക്കാനായി മണൽത്തീരങ്ങളെ ആശ്രയിക്കാൻ അവർക്ക് വളരെ അകലെയുള്ള ചെറിയ ചെറിയ തീരങ്ങളിലേക്കു പോകേണ്ടിവരുന്ന സ്ഥിതിവിശേഷമായിത്തീർന്നിരിക്കുകയാണ്. പിന്നെയും നാം കടൽ ഭിത്തികൾ കെട്ടിപ്പൊക്കി തീരങ്ങളെ കൂടുതൽ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇക്കൂട്ടരുടെ തൊഴിലിനെ മാത്രമല്ല വാസസ്ഥലങ്ങളെയും വല്ലാതെ ബാധിക്കുകയാണ്. അതുകൊണ്ടു നഷ്ടമായ ഈ തീരം തിരിച്ചുപിടിക്കുക എന്നതായിരിക്കണം തീരദേശവുമായി ഏറ്റവും വലിയ വികസനസ്വപ്നമായി കാണേണ്ടത്.

ഇനി അതിനു കഴിയുമോ? നഷ്ടപ്പെട്ടുപോയ തീരങ്ങളെങ്ങനെ മടക്കിക്കൊണ്ടുവരാൻ കഴിയും?

ഇത് അത്ര ലളിതമായി നേടാവുന്ന ലക്ഷ്യമല്ല. ഇത് ചെയ്യണമെങ്കിൽ ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ച പഠനങ്ങളിൽ നിർദ്ദേശിച്ചതുപോലെ തീരദേശപ്രദേശവുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കണം. ഇതിൽ ഏറ്റവും പ്രധാനം തുറമുഖങ്ങളുടെ നിർമ്മാണമാണ്. അതിലേക്കു ഞാൻ വരാം. തീരദേശം തിരിച്ചുപിടിക്കുന്നതിനുവേണ്ടി കേരളത്തിലെ കഴിഞ്ഞ മന്ത്രിസഭയിൽ ചില തീരുമാനങ്ങളെടുത്തിരുന്നു. തമിഴ്നാടോക്കെ ചെയ്തതുപോലെ വിഴിഞ്ഞത്തും തിരുവനന്തപുരത്തുമൊക്കെ കോടികൾ ചെലവഴിച്ചു ചില പദ്ധതികൾ കൊണ്ടുവരുന്നുണ്ട്. കടലിൽ കൃത്രിമമായി ചില സ്ട്രക്ച്ചറുകൾ ഉണ്ടാക്കിയുള്ള പദ്ധതിയാണ്. ഇത്തരം പരീക്ഷണങ്ങൾ നല്ലതുതന്നെ. പക്ഷെ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന തീരദേശകയ്യേറ്റങ്ങൾ നിർത്തലാക്കിക്കൊണ്ടുവേണം അത് ചെയ്യാൻ. കേരളത്തെക്കുറിച്ചു നടത്തിയ പഠനങ്ങളിലെല്ലാംതന്നെ കടൽഭിത്തികൾ മൂലമുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷെ മറ്റൊരു മാർഗ്ഗവുമില്ലാത്ത ഘട്ടത്തിൽ ഏറ്റവും അന്തിമമായിട്ടു മാത്രമേ കടൽ ഭിത്തി കെട്ടാൻ പാടുള്ളൂ എന്നാണു അതിലെല്ലാം ചൂണ്ടിക്കാണിക്കുന്നത്. കാരണം ഒരു ഭാഗത്ത്  കടൽഭിത്തികൾ കെട്ടുമ്പോള്‍ അതില്ലാത്ത  മറ്റൊരു  ഭാഗത്തു തീരം നഷ്ടപ്പെടും. ഇങ്ങനെ ക്രമേണ  തീരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കടലാക്രമണത്തിന്‍റെ രൂക്ഷതയെ തടയാന്‍ കെല്‍പുള്ളതു സ്വാഭാവികതീരത്തിനാണ്. കാലം കഴിയുംതോറും കടല്ഭിത്തികളുടെ അടിയിലെ മണല്‍ ഒലിച്ചിറങ്ങി അടുക്കിയിരിക്കുന്ന പാറ താഴേക്കു പൊയ്ക്കൊണ്ടിരിക്കും. ഈ മണല്‍ മറ്റൊരിടത്തടിയും. വീണ്ടും ആ ഭാഗത്തെ തീരം നഷ്ടമാകും. ഇതൊരു പ്രക്രിയയായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു

Read Also  വികസനം പൂർണമാകണമെങ്കിൽ സർക്കാരുകൾക്ക് ഇച്ഛാശക്തിയുണ്ടാകണം ; ആർ വി ജി മേനോൻ സംസാരിക്കുന്നു

 

നിലവിലുള്ള തീരപരിപാലനനിയമത്തിൽ അപാകതകളുണ്ടെന്നു കണ്ടപ്പോഴാണ് എം എസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ പുതിയ നിയമത്തിനുവേണ്ടിയുള്ള റിപ്പോർട്ട് സമർപ്പിക്കാനായി കേന്ദ്രസർക്കാർ നിയമിച്ചത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരദേശപരിപാലനനിയമം അടിമുടി മാറ്റിയത്. അത് ജയറാം രമേഷ് പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോഴാണ്. തീരം സംരക്ഷിക്കേണ്ടത് മൽസ്യത്തോഴിലാളികളുടെ വാസസ്ഥലത്തിനും തൊഴിലിനും കൂടുതൽ പ്രാധ്യാന്യം നൽകേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റിപ്പോർട്ടായിരുന്നു സ്വാമിനാഥന്റേത്. ഒരിക്കലും കടല്‍ഭിത്തി കെട്ടരുതെന്ന് ആ റിപ്പോര്‍ട്ടില്‍ സ്വാമിനാഥന്‍ ചൂണ്ടിക്കാണിക്കുന്നു.   മത്സ്യത്തൊഴിലാളികളുടെ തൊഴിലിന്റെ പ്രാധാന്യം കണക്കിലെടുത്ത്   സ്വാഭാവികതീരം മടക്കിക്കൊണ്ടുവരണമെന്നു ആ  റിപ്പോര്‍ട്ട് പറയുന്നു. പക്ഷെ അതും നടപ്പിലാക്കിയില്ല. കാരണം  ആ സമയത്ത് ജയറാം രമേഷിന്‍റെ വകുപ്പ് മാറ്റിയിരുന്നു.

 

അഭിമുഖം അവസാനിക്കുന്നില്ല

അടുത്തത്

നിർദ്ദിഷ്ട വിഴിഞ്ഞം തുറമുഖം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ

Spread the love