Friday, September 17

നിരോധനം ലംഘിച്ചു ശംഖു മുഴക്കിയും മണികിലുക്കിയും ഘോഷയാത്ര ; യു പി പോലീസും മജിസ്‌ട്രേട്ടും

കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ചു ജനത കര്‍ഫ്യൂ ആചരിക്കുന്നതിനിടെ ഉത്തര്‍പ്രദേശിൽ നിരോധനം ലംഘിച്ചു. യു പിയിലെ പിലിഭിത്ത് നഗരത്തിൽ ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും ആൾക്കൂട്ടത്തോടൊപ്പം നടത്തിയ ഘോഷയാത്രയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് നടന്ന ജനത കര്‍ഫ്യൂവിന്റെ ഭാഗമായി വീടുകളില്‍നിന്ന് കൈയടിച്ചും പാത്രങ്ങള്‍ കൊട്ടിയും മണികിലുക്കിയും ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്തുന്ന പരിപാടിയുണ്ടായിരുന്നു. ഇതിനിടയിലാണ് ഈ പരിപാടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഉന്നത ഉദ്യോഗസ്ഥർ ഘോഷയാത്ര നടത്തിയത്.

ഘോഷയാത്രക്ക്‌ നേതൃത്വം നൽകിയ എസ്പിക്കും ജില്ലാ മജിസ്‌ട്രേറ്റിനുമെതിരെ പിലിഭിത്ത് എംപി വരുണ്‍ ഗാന്ധി രംഗത്തെത്തി. നിരുത്തരവാദപരമായ നടപടിയാണ് ഇരുവരുടേയും ഭാഗത്തുനിന്നുണ്ടായത്. താനടക്കം സ്വയം നിരീക്ഷണത്തിലാണ്. പക്വമായ പെരുമാറ്റം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം. ജനതാകര്‍ഫ്യൂ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

കേന്ദ്രനിർദ്ദേശമനുസരിച്ചു ആള്‍ക്കൂട്ടം പാടില്ലെന്നും സാമൂഹ്യ സമ്പര്‍ക്കം ഒഴിവാക്കണമെന്നുമുള്ള സംസ്ഥാനം തന്നെ കര്‍ശന നിര്‍ദേശങ്ങള്‍ നൽകിയതിന് പിന്നാലെയാണ് സംസ്ഥാന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തന്നെ ഘോഷയാത്ര നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.

ജനത കർഫ്യു പുരോഗമിക്കുന്നതിനിടെ വൈകുന്നേരമായിരുന്നു സംഭവം. പിലിഭിത്ത് എസ്.പി.അഭിഷേക് ദീക്ഷിതും ജില്ലാ മജിസ്‌ട്രേറ്റ് വിഭവ് ശ്രീവാസ്തവയുമാണ് ശംഖു മുഴക്കിയും മണിയടിച്ചും ഘോഷയാത്രക്ക്‌ നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് പിന്നിലും മുന്നിലുമായ നിരവധി ആളുകള്‍ മണികിലുക്കിയും പാത്രങ്ങള്‍കൊട്ടിയും മറ്റുമായി അണിനിരന്നു. .

ഘോഷയാത്രയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വെട്ടിലായ പിലിഭിത്ത് പോലീസ് വിശദീകരണവുമായി രംഗത്തെത്തി. ‘ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും കഴിഞ്ഞ ദിവസം കര്‍ഫ്യൂ ലംഘനം നടത്തിയിട്ടില്ല. ആൾക്കൂട്ടമില്ലായിരുന്നു. ഇതിനിടെ ചില ആളുകള്‍ തെരുവകളിലെ വീടുകളില്‍ നിന്ന് ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. അവരോട് വീടുകളിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ബലപ്രയോഗം നടത്തുന്നത് ന്യായമല്ലാത്തത്‌ക്കൊണ്ട് അതുണ്ടായില്ല. ഇക്കാര്യത്തില്‍ ഏകപക്ഷീയമായ പ്രചാരണമാണ് നടത്തുന്നത്’ പോലീസ് വിശദീകരണ കുറിപ്പില്‍ അറിയിച്ചു. പക്ഷെ സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ നിരവധി പേര് വീഡിയോ പോസ്റ്റ് ചെയ്തു ഇതിനെതിരെ പ്രതിഷേധിക്കുകയാണ്\

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം പുറത്ത് ; മോദി സർക്കാരിന്റെ വിശ്വാസ്യത തകരുന്നു

Leave a Reply