പ്രകൃതിയുടെ ഉപാസകനായി അറിയപ്പെടുന്ന ഗാഡ്ഗിൽ എന്ന വയോവൃദ്ധനെ ജനങ്ങളെ അന്യായമായി പേടിപ്പിക്കുന്ന  ഒരു ഭീകരനായിക്കാണുന്ന ഭരണകൂടമാണു എല്ലാ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നത് എന്ന യാഥാർഥ്യം നാം മനസ്സിലാക്കിക്കഴിഞ്ഞതാണു. മാധവ് ഗാഡ്ഗിൽ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഒച്ച വെച്ച് വിഡ്ഡിയെന്നും യാഥാർഥ്യബോധമില്ലാത്തവനെന്നും അനാവശ്യമായി പശ്ചിമഘട്ടനിവാസികളെ ഭയപ്പെടുത്തുന്നവനെന്നും വിളിച്ച് ആക്ഷേപിക്കുന്ന കച്ചവടക്കണ്ണുമായി ജീവിക്കുന്ന ഒരു വിഭാഗത്തെയാണു കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.

പശ്ചിമഘട്ടങ്ങളിൽ ഒരു ദുരന്തമുണ്ടാകാൻ അധികം കാലമൊന്നും വേണ്ടിവരില്ലെന്നും അത് നാലോ അഞ്ചോ വർഷത്തിനുള്ളിൽ തന്നെ സംഭവിക്കുമെന്നും പറഞ്ഞിട്ടുപോലും അതിനു പുല്ലുവില കല്പിക്കുന്ന ഒരു വിഭാഗം മനുഷ്യരുണ്ടല്ലോ. അവരാണു എന്നും ഭരണകൂടത്തിൻ്റെ തലപ്പത്ത് സ്വാധീനം ചെലുത്തി എപ്പോഴും നിയമവ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. പാറഖനനഭീകരന്മാരുടെയും ഭൂമാഫിയയുടെയും കണ്ണിൽ കൊടും ശത്രുവായി വാഴുന്ന ഒരു മനുഷ്യനുണ്ടെങ്കിൽ അത് വി എൻ ഗാഡ്ഗിൽ അല്ലാതെ മറ്റാരുമല്ല. അത്രയ്ക്ക് `ദ്രോഹം` ഇദ്ദേഹം ചെയ്തതുകൊണ്ടാണു ` ഈ വൃദ്ധനെന്തേ ചാകാതെ കിടക്കുന്നത് ` എന്ന് പോലും പാറഖനനലോബിയുടെ വക്താവ് ഒരു സ്വകാര്യച്ചടങ്ങിൽ ചോദിച്ചത് ഈ ലേഖകനു കേൾക്കേണ്ടിവന്നത്. ആ നിമിഷമുണ്ടാകുന്ന  മാനസികാഘാതം നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതാണു.

പ്രതിഫലേച്ഛയില്ലാതെ പരിസ്ഥിതിമേഖലയെക്കുറിച്ച് രാപകലെന്യേ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ മഹാനായ പ്രതിഭ മറ്റേതെങ്കിലും രാജ്യത്ത് ജനിക്കേണ്ടിയിരുന്നതല്ലെ എന്ന് ചോദിക്കുന്നവരോട് യോജിച്ചുപോകുന്ന നിമിഷങ്ങളുണ്ട്. കേരളത്തിലെ പശ്ചിമഘട്ടമേഖലയിലെ 2700 ക്വാറികളിൽ 1700 എണ്ണവും നിയമവിരുദ്ധമായും, പ്രവർത്തിക്കുന്നതൊക്കെത്തന്നെയും നിയമം ലംഘിച്ചുകൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നത് 2013 ലായിരുന്നു.

ഒരു തിരുത്തൽ ശക്തിയായി നിലകൊണ്ടവരെല്ലാം നിഷ്ക്രിയമായോ, അല്ലെങ്കിൽ തിരക്ക് അഭിനയിച്ചോ മാറിക്കൊണ്ടിരിക്കുന്ന കാലത്താണു ഈ വന്ദ്യവയോധികനായ ഈ പ്രവാചകൻ്റെ വാക്കുകളെക്കുറിച്ച് വീണ്ടും മലയാളികൾ വാചാലരാകുന്നത്. അപകടമുന്നറിയിപ്പിനെക്കുറിച്ച് സൂചന നൽകുന്നവരൊക്കെത്തന്നെയും പരിസ്ഥിതി തീവ്രവാദികളെന്ന് മുദ്ര കുത്തി മനോരോഗികളുടെ കൂട്ടത്തിൽ തള്ളിക്കൊണ്ടിരിക്കുന്ന രൗദ്രമായ ഈ കാലം മറികടന്നേതീരൂ.

കഴിഞ്ഞ പ്രളയകാലത്ത് വീണ്ടും അടുത്ത വാർഷികദുരന്തത്തിനായി ഒരു നീക്കിവെയ്പ്പുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ മാധവ് ഗാഡ്ഗിലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനായി അദ്ദേഹത്തോടൊപ്പം  വിലപ്പെട്ട ഏതാനും  നിമിഷങ്ങൾ പങ്കുവെക്കാനുള്ള ശ്രമങ്ങളായിരുന്നു നടക്കാതെ പോയത്. എങ്കിലും മഹാരാഷ്ട്രയിലെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് തിരക്കിൽ പെട്ടുപോയതുകൊണ്ടാണു ഒപ്പം കൂടാൻ കഴിയാത്തതെന്നുമുള്ള ആമുഖത്തോടെ അദ്ദേഹം ക്ഷമ പറഞ്ഞു.

 പ്രകൃതിയുടെ രഹസ്യങ്ങളെക്കുറിച്ചും ശാസ്ത്രീയതയെക്കുറിച്ചും നിരക്ഷരരായ ഒരു വിഭാഗമാണു വിദഗ്ധാഭിപ്രായം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം `വിദഗ്ധർ` ഉയർത്തുന്ന വിഡ്ഡിത്തം നിറഞ്ഞ ചോദ്യങ്ങൾക്ക് ഇനി ഈ സമൂഹം ഒരിക്കലും ചെവി കൊടുക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങളെയെല്ലാം വെള്ളം ചേർത്ത് ഭൂമാഫിയകൾക്ക് തീറെഴുതിക്കൊടുക്കാൻ തയ്യാറായ ഒരു വിദഗ്ധനെ നമുക്ക് കിട്ടിയതുകൊണ്ട് ഒരിക്കലും പ്രകൃതിയുടെ ചൂഷകർ അസ്വസ്ഥരായില്ല. അതുകൊണ്ടുതന്നെ രണ്ടാം വാർഷികപ്രളയത്തിൻ്റെ ഈ ഘട്ടത്തിൽ പ്രളയകാലം കഴിയുമ്പോൾ ഇനിയും ഇവർ തന്നെ നമ്മെ തിരുത്താൻ വരാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല.

Read Also  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

ഇപ്പോൾ ഒരു ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ജനത ഗാഡ് ഗിലിൻ്റെ വാക്കുകൾക്ക് കാതോർക്കും. കാരണം ഏതാനും വർഷം മുമ്പ് അദ്ദേഹം സ്പോട്ട് ചെയ്ത പ്രദേശങ്ങളിലായിരുന്നു ഇത്തവണ ഉരുൾപൊട്ടലോ മണ്ണൊലിപ്പോ ഉണ്ടായത്. അതുകാരണമാണു താൽക്കാലികമായെങ്കിലും ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണു വീണ്ടും അദ്ദേഹത്തിൻ്റെ പ്രവാചകവചനങ്ങൾക്ക് നാം കാതോർക്കുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here