കാണി ആദിവാസികളും പെരിങ്ങമ്മല മലയോരവാസികളും സദാ ജാഗ്രതയിലാണ്. ജെ സി ബി യുടെയോ ആധുനികയന്ത്രങ്ങളുടെയോ അലര്‍ച്ച ഏതു സമയവും തങ്ങളുടെ കാതുകളില്‍ തുളച്ചുകയറാം. ഏതു സമയവും അരുവിയിലെ കുടിവെള്ളവും ജൈവവൈവിധ്യമുള്ള പരിപാവനമായ മണ്ണും വിഷമയമായി രൂപാന്തരം പ്രാപിക്കാം. തലസ്ഥാനത്തുനിന്നും 45 കി. മി അകലെയുള്ള പെരിങ്ങമ്മലയെന്ന കിഴക്കന്‍ മലയോരഗ്രാമവാസികളെ ഉറക്കത്തില്‍പോലും അലട്ടുന്ന വിഷയം ഇതല്ലാതെ മറ്റൊന്നുമല്ല.
നഗരവാസികളുടെ ഉച്ഛിഷ്ടങ്ങള്‍ കൊണ്ടുവന്നു തള്ളാന്‍ ഒരു മല തങ്ങള്‍ക്കു വേണം അങ്ങനെയാണ് നാടുപേക്ഷിച്ചു സഹ്യനിലെയ്ക്ക് അവരുടെ കൈകള്‍ നീണ്ടത്.
കാര്‍ഷികവകുപ്പിന്റെ ഭൂമിയില്‍ മാലിന്യപ്ലാന്റ്
പശ്ചിമഘട്ടമലനിരകളിലെ നിര്‍ണായകമായ കുന്നിന്റെ താഴ് വരയിലൂടെ ഒഴുകുന്ന ചിറ്റാറിന്റെ തീരത്താണ് കാര്‍ഷികവകുപ്പിന്റെ 140 ഏക്കര്‍ ഭൂമി. ഇത് ജില്ലാ പഞ്ചായത്തിനു കൃഷി ചെയ്യാനായി പാട്ടം കൊടുത്തിരിക്കുകയാണ്. പല ഇനങ്ങളിലുള്ള പച്ചക്കറികളും മറ്റും വ്യാപകമായി കൃഷി ചെയ്തിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗത്ത് ചിറ്റാറിന്റെ ഓരത്താണ് പ്ലാന്റു സ്ഥാപിക്കുന്നത്. 6.07 ഹെക്ടര്‍ സ്ഥലമാണ് പ്ലാന്റിന് വേണ്ടി കണ്ടെത്തിയിരിക്കുന്നത്. അതീവ പാരിസ്ഥിതികപ്രാധാന്യമുള്ള പ്രദേശത്ത് പ്ലാന്റ് സ്ഥാപിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് പരിസ്ഥിതിവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
മാലിന്യസംസ്കരണത്തിനായി വന്‍തോതില്‍ മാലിന്യശേഖരണം ആവശ്യമാണ്. ഇത് കുന്നുകൂടിക്കിടക്കുന്നതിന്റെ പ്രശ്നം മാത്രമല്ല മാലിന്യപ്ലാന്റില്‍ നിന്നും ഭീമമായ തോതില്‍ പുറത്തേയ്ക്ക് വരുന്ന താപത്തിന്റെ അളവും മനുഷ്യവാസത്തെ അസാധ്യമാക്കുന്നു. മാത്രമല്ല, ഈ മേഖലയിലെ അപൂര്വ്വജന്തുജീവജാലങ്ങളുടെ നിലനില്പിനുതന്നെ ഭീഷണിയായി മാറും.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗമാണ് ആറു മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. അതിലൊന്നു തങ്ങളുടെ നാട്ടിനെ മലിനപ്പെടുത്താന്‍ എത്തുന്നുവെന്ന വാര്‍ത്ത ഉത്ക്കണ്ഠയോടെയാണ് അവര്‍ കേട്ടത്. പശ്ചിമഘട്ടത്തിലെ അതീവദുര്ബലപ്രദേശമാണ് പെരിങ്ങമ്മല പഞ്ചായത്തിലെ അഗ്രിക്കള്‍ച്ചറല്‍ ഫാം നിലകൊള്ളുന്ന ഏഴാം ബ്ലോക്ക്. ഇവിടെയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മാലിന്യമാണ് ഇവിടെ നിക്ഷേപിക്കാനൊരുങ്ങുന്നത്.
കേരളജനത ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു സാക്ഷ്യം വഹിച്ചതിന്റെ ഓര്‍മ്മകള്‍ നമ്മെ പീഡിപ്പിക്കുന്നതിനിടയിലാണ് പശ്ചിമഘട്ടലോല പ്രദേശത്ത് ഒരു മാലിന്യപ്ലാന്റിനായി ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. പാരിസ്ഥികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതെ ഓരോ വികസനപ്രവര്‍ത്തനങ്ങളെ ക്കുറിച്ചും ആലോചിക്കെണ്ടതെന്ന പാഠമാണ് കടന്നുപോയ പ്രളയം നമ്മെ പഠിപ്പിച്ചത്. സഹ്യന്റെ നെറുകേ എന്നതു പോയിട്ട് പശ്ചിമഘട്ട താഴ് വരയില്പോലും അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന തീരുമാനമെടുത്ത് ടെലിവിഷനുകളില്‍ പാതിരാച്ചര്ച്ചകളില് പങ്കെടുത്ത് മടങ്ങിയവര്‍ എത്ര പെട്ടെന്നാണ് അതെല്ലാം വിസ്മരിച്ചത്. അവരോ അവരുടെ പ്രതിനിധിയോ തന്നെയാണ് നഗരവാസികളുടെ മാലിന്യം തള്ളാനും നിര്മ്മാണകരാറിലൂടെ കമ്മീഷന് കൊയ്യാനും രംഗത്തുവന്നിരിക്കുന്നത്
വേലുക്കുട്ടിചേട്ടന്‍ നിര്‍ദ്ദിഷ്ട പ്ലാന്റ് ഭൂമിയിലെ ആദിവാസികള്‍ ആരാധിക്കുന്ന ക്ഷേത്രത്തിനുമുന്നില്‍ ; പ്ലാന്റ് വന്നാല്‍ ഇവരുടെ ആരാധനാകേന്ദ്രവും നഷ്ടപ്പെടും
ആദിവാസികളുടെ കുടിവെള്ളം മലിനമാകും
പശ്ചിമഘട്ടമലനിരകളില് നൂറ്റാണ്ടുകളായി അധിവസിക്കുന്ന ആദിവാസികളാണ് തെക്കന്‍കേരളത്തിന്റെ അഭിമാനമായി കണക്കാക്കുന്ന കാണിക്കാര്‍. പക്ഷേ ഇവരുടെ പേരും പദവിയുമൊക്കെ പ്രാചീനഗോത്രചരിത്ര-രചനകളില്‍ ഉറങ്ങിക്കിടക്കുന്നതല്ലാതെ ഇവര്‍ക്ക് യാതൊരു പരിഗണനയുമില്ല. കൃഷിവകുപ്പ് പെരിങ്ങമ്മലയില്‍ അഗ്രി ഫാം സ്ഥാപിച്ചപ്പോള്‍ ഇവരെ നിഷ്കരുണം കുടിയൊഴിപ്പിച്ചു. തങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുകയാണെന്ന് വിലപിച്ച ഇവരേ ഇറക്കിവിടുമ്പോള്‍ അഗ്രി ഫാമില്‍ തൊഴിലുകള്‍ വാഗ്ദാനം ചെയ്തു. പേരിനും വേണ്ടി ഏതാനുംപേരെ എടുത്തല്ലാതെ മറ്റൊന്നും ചെയ്തില്ല. അവരെല്ലാം ഇപ്പോഴും താഴ്വരയില് തന്നെ പാര്‍ക്കുന്നു. കിണറുകളില്ലാത്ത വീടുകളാണ് കാണിക്കാരുടെത്. അതുവഴി ഒഴുകുന്ന ചിറ്റാര്‍ നദിയാണ് അവരുടെ കുടിവെള്ളസ്രോതസ്സ്. പ്ലാന്റ് വന്നാല്‍ അത് മലിനമാകും. വെള്ളം മാത്രമല്ല മണ്ണും വിഷമയമാകും. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന അവര്‍ക്കും മറ്റ് നാട്ടുകാര്‍ക്കും പിന്നെ വറുതിയുടെ നാളുകളായിരിക്കും. മറ്റൊരു കൂട്ടര് കൂടി ഇതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരും. ചിറ്റാര്‍ ഒഴുകിയെത്തുന്നത് വാമനപുരം നദിയിലേയ്ക്കാണ്. വാമനപുരം, പാങ്ങോട്, പെരിങ്ങമ്മല, നെല്ലനാട്, മാണിക്കല്‍ എന്നീ അഞ്ചു പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്ക് വാമനപുരം നദിയെയാണ് ആശ്രയിക്കുന്നത്. പ്ലാന്റ് വന്നാല്‍ ഈ പ്രദേശവാസികളുടെ കുടിവെള്ളം മലിനമാകും.
പ്ലാന്റ് ഈ മൈതാനത്തിലും അതിനു ചുറ്റുമുള്ള വനഭൂമിയിലുമാണ് സ്ഥാപിക്കുന്നത്
ഐക്യരാഷ്ട്രസഭയുടെ പൈതൃകപട്ടികയില്‍ പെടുന്ന ഈ പശ്ചിമഘട്ടപ്രദേശത്ത് പാരിസ്ഥികപ്രാധാന്യമുള്ള 337 ചതുപ്പുകള്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ രേഖകളില്‍ പറയുന്നു. 2011 ലെ സെന്‍സസ് പ്രകാരം 20000 കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശം അഗസ്ത്യമലനിരകളില്പെടുന്നതാണ്. സിംഹമൊഴിച്ചു മറ്റെല്ലാ ജീവജാലങ്ങളും വിഹരിക്കുന്ന പ്രദേശമാണിതെന്നു നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പരിശുദ്ധമായ ചിറ്റാര്‍ നദി
മാലിന്യപ്ലാന്റില്നിന്നും വൈദ്യുതി അപ്രായോഗികം
മാലിന്യം സംസ്കരിക്കേണ്ടത് നമുക്കാവശ്യമാണ്. ഇപ്പോള്‍ സ്വീകരിച്ചുവരുന്ന പൊതുവായ നയം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക എന്നതാണ്. പക്ഷെ ഒരു പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ അതിന്റെ എല്ലാ വശവും നാം പരിശോധിക്കണം. നഗരത്തിന്റെ മാലിന്യം ചുമക്കാന്‍ മലയോരവാസിയെ വിധേയമാക്കുന്നത് ക്രൂരതയാണ്. ഇവിടെ പ്ലാന്റില്‍ നിന്നു വൈദ്യുതി ഉല്പാദിപ്പിക്കാനാണ് പദ്ധതി. പക്ഷെ ഇത്രയും കാലമായിട്ടും ഒരു പ്ലാന്റു പോലും വിജയിച്ചതായി ചരിത്രമില്ല. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത് ശാസ്ത്രീയമായി മുന്നോട്ടു കൊണ്ടുപോകാനാവില്ല. രാജ്യത്ത് പലയിടങ്ങളിലും സ്ഥാപിച്ച ഇത്തരം പ്ലാന്റുകള്‍ ഇന്നു നിശ്ചലമാണ്. ഫലമോ മാലിന്യങ്ങള്‍ കുന്നുകൂടി ചീഞ്ഞഴിഞ്ഞു പ്രദേശവാസികള്‍ രോഗങ്ങളിലെയ്ക്ക് കൂപ്പുകുത്തുന്നു. വിളപ്പില്‍ശാല നമുക്ക് മറക്കാനാവില്ല. ആ ജനത ഇന്നും അതിന്റെ ദുരന്തഫലം അനുവഭിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കലും മാലിന്യപ്ലാന്റുകള്‍ പ്രായോഗികമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മൃഗങ്ങളുടെ സഞ്ചാര പരിധി നിശ്ചയിക്കുന്ന ഈ വൈദ്യുത വേലി വരെയാണ് നിര്‍ദ്ദിഷ്ട പ്ലാന്റ് ഭൂമി പരന്നുകിടക്കുന്നത്
നിലയ്ക്കാത്ത സമരം 145 ആം ദിനം
പെരിങ്ങമ്മലനിവാസികള് ഒന്നടങ്കം പ്രതിരോധസമരത്തിലാണ്. അതില്‍ കഷിരാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമരമുഖത്തുണ്ടെന്നു പെരിങ്ങമ്മല പഞ്ചായത്തംഗമായ സലിം പറയുന്നു. നിര്‍ദ്ദിഷ്ട മാലിന്യ പ്ലാന്റിനെതിരെ സമരമാരംഭിച്ചിട്ടു ഇന്ന് 144 ദിനങ്ങള്‍ കടന്നുപോയിരിക്കുന്നു. പക്ഷെ ഭരണകക്ഷി നേതാക്കളൊക്കെ ഒഴിഞ്ഞുമാറി നടക്കുകയാണ്. ഏത് പാര്‍ട്ടി ഭരണത്തിലിരുന്നാലും അവര്‍ക്ക് നേട്ടമാണ്. 360 കോടിയാണ് ഒരു പ്ലാന്റിന് വേണ്ട ചെലവ്. ആകെ ആറെണ്ണം ഇപ്പോള്‍ സ്ഥാപിക്കുന്നു. ഇതെല്ലാം കനേഡിയന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ദില്ലിയിലെ ഐ ആര് ജി സിസ്ടംസ് സൌത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് അവര്‍ വരുന്നത്. കാരണം ഇന്ത്യയില്‍ ഒരു വര്‍ഷം പ്രവര്‍ത്തിച്ച കമ്പനിക്കു മാത്രമേ കരാര്‍ നല്‍കാവൂ എന്ന വ്യവസ്ഥയുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുമായി ഗാഡ ബന്ധമുള്ള കമ്പനി തന്നെയാണ്. നേതാക്കളൊന്നും തന്നെ നേരിട്ട് രംഗത്തുവരാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നിര്‍ദ്ദേശം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ സമരഭൂമിയില്‍ പ്രവെശിക്കില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. സ്ഥലം എം എല്‍ എ ഡി. കെ മുരളി നേരത്തെ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, എസ് ഡി പി ഐ തുടങ്ങിയ കക്ഷികള്‍ സജീവമായി സമര രംഗത്ത് ഉറച്ചുനില്‍ക്കുന്നതായി മനസ്സിലാക്കാം
സമരപ്പന്തലില്‍ മേധാ പട്കര്‍
സമരഭൂമിയില്‍ ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരെത്തുന്നത് സമരക്കാരില്‍ കരുത്ത് പകരുന്നു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മേധ പട്കരും സഞ്ജയ് പാണ്ടെയും സമരപ്പന്തലില്‍ എത്തിയത് അവര്‍ക്ക് ആവേശം പകര്‍ന്നു. പെരിങ്ങമ്മല സമരത്തിനു ദേശീയ പ്രാധാന്യം ലഭിക്കാന്‍ ഇത് സഹായകമായി. എന്നും സജീവമായി നിലനില്‍ക്കുന്ന സമരപ്പന്തലില്‍ എപ്പോഴും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതിസ്നേഹികളും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമൊക്കെ എത്തുന്നത് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമരവേദിയിൽ
പ്രതിപക്ഷം.ഇന്‍ ന്യൂസ് ടീം എത്തിയ ദിവസം പ്ലാന്റിനെതിരെ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധയോഗം നടക്കുകയായിരുന്നു. ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു മുഖ്യപ്രാസംഗികന്‍. എല്ലാറ്റിനും നേതൃത്വം വഹിച്ചുകൊണ്ട് സമരസമിതി കണ് വീനറായ സുല്‍ഫി രംഗത്തുണ്ടായിരുന്നു എന്നും സമരത്തിന്റെ മുന്‍നിരയില്‍ നില്ക്കുന്ന വേലുക്കുട്ടി ചേട്ടന് ഞങ്ങളെ പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഭൂമിയിലേയ്ക്ക് നയിച്ചു. മടങ്ങിവരുന്ന വേളയില്‍ കഞ്ഞി കുടിയുടെ ദൃശ്യങ്ങളായിരുന്നു.
സമരത്തിനു കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഇത്തരം പരമ്പരാഗത ഭക്ഷണത്തിനു കഴിയുമെന്ന ചിന്ത അപ്പോഴാണ് ഉയര്‍ന്നത്. പ്രക്ഷോഭത്തില്‍ സജീവമായ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ അസീം പള്ളിവിള ഞങ്ങളെ കഞ്ഞിവീഴ്ത്തുന്ന ഭാഗത്തേയ്ക്ക് കൊണ്ടുപോയി. പ്ലാവിലയില് കോരിക്കുടിച്ച സ്വാദിഷ്ടമായ പരമ്പാഗതകഞ്ഞി എലുശ്ശേരിയുടെ രുചി നാവില്‍നിന്നും ഇപ്പോഴും മാറിയിട്ടില്ല.
മന്ത്രിസഭാ തീരുമാനം വന്നതോടെ സമരപ്പന്തല്‍ സജീവമാവുകയാണ്. ഡിസംബര്‍ ആദ്യവാരം നിയമസഭയിലേയ്ക്ക് ആയിരങ്ങളെ അണി നിരത്തി പദയാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്
**ചിത്രങ്ങള്‍ : സാലി പാലോട്, സുനില്‍
പത്തനംതിട്ട ചായലോട് കുന്നുകളിലെ ജനവാസ കേന്ദ്രത്തിലാണ് ഇപ്പോൾ ക്വാറി മാഫിയ നോട്ടമിട്ടിരിക്കുന്നത്.
I simply want to tell you that I am just beginner to blogs and certainly savored this web site. Likely I’m want to bookmark your blog post . You certainly have excellent writings. Bless you for sharing with us your web page.