Friday, September 17

കർഷകസമരത്തെ അട്ടിമറിക്കാൻ സർക്കാർ അനുകൂലികളുടെ പ്രതിഷേധം, സംഘർഷം

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തിനെതിരെ സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്കെതിരേ ആൾക്കൂട്ടത്തിൻ്റെ പ്രതിഷേധം. സർക്കാരിനെ അനുകൂലിക്കുന്ന ഒരു വിഭാഗം നാട്ടുകാരാണ്  ദേശീയപതാക വീശി  സമരഭൂമിയിലേക്ക് മാർച്ച് നടത്തിയത്. ഇതോടെ സിംഘു സംഘർഷഭൂമിയായി മാറി. പ്രതികാര നടപടിയുടെ ഭാഗമായി ഗാസിപ്പൂർ മേഖലയിൽ സർക്കാർ സംവിധാനത്തിലുള്ള വൈദ്യുതി, കുടിവെള്ള പൈപ്പ് ലൈൻ എന്നിവ അടച്ചു. ഇതോടെ സമരക്കാർക്ക് വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ടു.

ദില്ലി അതിർത്തിയിൽ കഴിഞ്ഞ 60 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് കർഷകരാണ് സിംഘു അതിർത്തിയിലുള്ളത്

സിംഘു പ്രദേശത്തെ നാട്ടുകാരാണെന്ന് ആക്രോശിച്ചുകൊണ്ടാണ് ആൾക്കൂട്ടം സമരഭൂമിയിലേക്ക് ഇരച്ചു കയറിയത്.

കർഷകർ ദേശീയപാതയിൽ സമരം ചെയ്യരുതെന്നുംപിരിഞ്ഞുപോകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.   റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ച കർഷകർക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും ആൾക്കൂട്ടത്തിലുള്ളവർ വെളിപ്പെടുത്തി. സമരം തുടരുന്നതിനാൽ നാട്ടിലെ വ്യവസായങ്ങളും വ്യാപാരങ്ങളും പ്രതിദിനം നഷ്ടത്തിലാണെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഇതോടെ സിംഘു പ്രദേശത്തെ സുരക്ഷ പോലീസ് ശക്തിപ്പെടുത്തി. പ്രതിഷേധക്കാർ റോഡിന്റെ മറുവശത്തേക്ക് കടക്കാതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ന് സമരഭൂമി പ്രദേശത്ത് വൈദ്യുതിയും ജലവിതരണവും യു.പി സർക്കാർ വിച്ഛേദിച്ചു. ബുധനാഴ്ച രാത്രി ജില്ലാ മജിസ്ട്രേറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തി പ്രതിഷേധം അവസാനിപ്പിക്കാൻ കർഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.

കർഷകർ ഒഴിഞ്ഞുപോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പ്രദേശത്തേക്ക് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. ഷാജഹാൻപുരിലും കർഷകർക്കെതിരേ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ കർഷക വിരുദ്ധ വിഭാഗക്കാർ സംഘടിതമായ നീക്കം നടത്തുകയായിരുന്നെന്ന് വ്യക്തമായി

Spread the love
Read Also  കേന്ദ്രം എൻ ഐ എ യെ ഇറക്കിക്കളിച്ചാൽ ശക്തമായി നേരിടുമെന്ന് കർഷകർ