Friday, May 27

പണ്ഡിതർ ലഹളയായി തരംതാഴ്‍ത്തിയ മേല്‍മുണ്ട് വിപ്ലവം ; സഫിയ പ്രകാശ് എഴുതുന്നു

 

ചരിത്രരചന നടത്തുന്നവരുടെ പടപ്പുകൾക്ക് കൃത്യമായ അജണ്ടയും ഗൂഢ ലക്ഷ്യങ്ങളുമുണ്ടാകും. അതിനിരയാവുക എന്നതാണ് വായനക്കാരന്റെ-പഠിതാവിന്റെ ദൗത്യം എന്നതാണ് ചരിത്രം നമ്മെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അനേകം സമരങ്ങളെ ചരിത്രം തമസ്കരിച്ചിട്ടുണ്ട്. കാരണം ചരിത്രം രൂപപ്പെടുത്തുന്നതിൽ നിര്ണായകപങ്കും സവർണ വിഭാഗത്തിൽപെട്ടവർക്കാണെന്നു ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. മലബാർ കലാപം, ചാന്നാർ ലഹള, കല്ലുമാല സമരം,  തുടങ്ങിയവ ചരിത്രപണ്ഡിതർ ഗൂഢമായി ഒളിപ്പിച്ചുവെച്ച പ്രക്ഷോഭങ്ങളായിരുന്നു. പ്രതിരോധങ്ങളെയും പ്രക്ഷോഭങ്ങളെയും  അവരാരും വായിച്ചില്ല, നിരീക്ഷിച്ചില്ല. അതൊക്കെ പുറംതോട് പൊട്ടി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്..

നിരന്തരമായ പഠനപ്രക്രിയകൾക്കിരയായി ഈ പോരാട്ടങ്ങൾ ഒരു മൂന്നാംകിട ലഹളയോ വഴക്കോ ആയി ചരിത്രത്തിൽനിന്നും പുറംതള്ളുക എന്നതാണ് അക്കാദമിക്കുകളുടെ പതിവ് രീതി. വാഗൺ ട്രാജഡി അഥവാ മലബാർ വിപ്ലവത്തെ അന്ന് ഇന്നും വെറും മാപ്പിള ലഹളയായി തരംതാഴ്ത്തുന്നതിൽ സംഘപരിവാർ ശ്രമം വിജയിക്കുന്നു എന്നുള്ളതിന്റെ സൂചനയുടെ തുടക്കമായിരുന്നു തിരൂർ റെയിൽവേ സ്റ്റേഷനിലുള്ള ചരിത്രസ്മാരകമായ ചുവർചിത്രം നീക്കം ചെയ്യാനായി ഈയിടെ ശ്രമം നടന്നത്.

ഈ ചിന്ത ശക്തിപ്പെട്ടത് മലബാർ പ്രക്ഷോഭത്തിലെ പോരാളിയായിരുന്ന വാരിയംകുന്നത്ത് ഹാജിയെ ഒരു മോഷ്ടാവായി ചിത്രീകരിച്ചുകൊണ്ട് സംഘപരിവാർ രംഗത്തിറങ്ങിയതോടെയായിരുന്നു.

സമാനമായ പോരാട്ടമാണ് ചാന്നാർ പ്രക്ഷോഭം.   തിരുവിതാംകൂറിലെ ഈഴവരുടെയും ചാന്നാർ സ്ത്രീകളുടെയും മുല കണ്ടാസ്വദിക്കുന്നതിനും അവരെ ആക്രമിക്കുന്നതിനുമുള്ള സാഹചര്യം നഷ്ടപ്പെടുന്നത് ഉന്നതകുല ജാതരിലെ പ്രമാണിവർഗ്ഗത്തിനു അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല.

തെക്കൻ തിരുവിതാംകൂറിലെ ഈഴവ – നാടാര്‍ സമുദായത്തില്‍പ്പെട്ട  സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട നവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായ മഹാസമരത്തെയാണ് ചാന്നാര്‍ ലഹളയായി തരം താഴ്ത്തിയിരിക്കുന്നത്. മാത്രമല്ല ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, ഈഴവ – നാടാർ ലഹള എന്നീ പേരുകളിലൂടെയും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നതിലൂടെ നവോത്ഥാനചരിത്രത്തിലെ മഹത്തായ ഒരേടിനെയാണ് ഇങ്ങനെ വില കുറച്ചു കാണുന്നത് .

അക്കാലത്ത് പിന്നോക്ക സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് (വർണവ്യവസ്ഥയ്ക്ക് പുറത്തു നിൽക്കുന്നവർ) ആചാരപരമായി മാറുമറയ്ക്കാനുള്ള അവകാശമില്ലായിരുന്നു. ഈ ദുരാചാരം ബ്രാഹ്മണമേധാവികൾ നാടാർ സമുദായംഗങ്ങൾക്കുമേലും അടിച്ചേൽപ്പിച്ചു. ബ്രാഹ്മണപൗരോഹിത്യത്തിന്റെ ശാസനകൾ മതപരമായ കീഴ്‌വഴക്കമായി കണ്ടിരുന്നതിനാൽ ഈ വസ്ത്രസ്വാതന്ത്ര്യ നിഷേധത്തിൽ അസംതൃപ്തരായിരുന്നെങ്കിലും ഭയം മൂലം അധികമാരും പ്രതിഷേധിച്ചിരുന്നില്ല.

അക്കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു, മാത്രവുമല്ല ഈഴവർ, ചാന്നാർ, പുലയർ, കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല

സാമൂഹികമായി അതൃപ്തരായിക്കഴിഞ്ഞ ചാന്നാന്മാരുടെ ഇടയിലേക്കു പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിസ്തുമത മിഷണറിമാർ പ്രവർത്തനത്തിനെത്തിയത് വഴിത്തിരിവായി.. ചാന്നാന്മാരെ ഉന്നതവിദ്യാഭ്യാസത്തിനും പിന്നീടു മതപരിവർത്തനത്തിനും മിഷണറിമാർ പ്രേരിപ്പിച്ചു. പാശ്ചാത്യ ഭരണാധികാരികളുടെ പിന്തുണയും മിഷണറിമാർക്കുണ്ടായിരുന്നു. സാമൂഹികമായ അഭിവൃദ്ധി സ്വപ്നംകണ്ട് നാടാർ സമുദായത്തിലെ ഒരു വിഭാഗം ക്രിസ്തുമതത്തിലേക്ക് വളരെപ്പെട്ടെന്നു പരിവർത്തനം ചെയ്തു. ഇവരുടെ വസ്ത്രധാരണത്തിലും ജീവിത രീതികളിലും മിഷണറിമാർ പരിഷ്കാരങ്ങൾ വരുത്തി.

Read Also  'കൂട്ടിലടച്ച തത്ത' യജമാനദാസരെ കൽത്തുറുങ്കിലടയ്ക്കാൻ ശ്രമിച്ചാൽ; തത്ത കൂടുപൊളിച്ചിറങ്ങുന്നു: സഫിയ പ്രകാശിന്റെ കുറിപ്പ്

മാറുമറയ്ക്കൽ വിലക്കിയ ദുരാചാരത്തിനെതിരെ ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം നീണ്ടുനിന്ന പ്രക്ഷോഭം തെക്കൻ തിരുവിതാംകൂറിന്റെ മേഖലയെ ആകെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് സമരം പൊട്ടിപ്പുറപ്പെടുന്നത് . ക്രിസ്തുമതം സ്വീകരിച്ച നാടാർ സ്ത്രീകൾ മേൽ‌വസ്ത്രം ധരിച്ചും ഹിന്ദുമതത്തിൽപ്പെട്ടവർ മേൽ‌വസ്ത്രമില്ലാതെയും നടന്നു. റൌക്കയും അതിനും‌ മീതേ മേൽ‌മുണ്ടുമായിരു‍ന്നു സവർണ്ണ സ്ത്രീകളുടെ വേഷം. മിഷണറിമാർ ഇതേ രീതിയിൽത്തന്നെ മതപരിവർത്തനം നടത്തിയവരെയും വസ്ത്രം ധരിപ്പിച്ചു. അത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തി

ഈഴവ/ചാന്നാർ/നാടാർ  വിരുദ്ധനിലപാട് തുടരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യർ അവകാശസമരം നടത്തുന്നവർക്കെതിരെ തെരുവിലിറങ്ങിയതോടെ വീണ്ടും അക്രമം വ്യാപകമായി. നെയ്യാറ്റിൻകര ചന്തയിൽ ഒരു നാടാർ സ്ത്രീയുടെ ബ്ളൗസ് കീറിയ നായർ പ്രമാണിയെ കോടതി ശിക്ഷിച്ചു. . നിസ്സാരമായ തുക പിഴ ശിക്ഷ അടച്ചാൽ മതി. അയാൾ കുറ്റം ആവർത്തിച്ചു. രണ്ടാംമുണ്ട് ധരിച്ചാൽ റൗക്കകൂടി കീറുകയായി. ഇതേതുടർന്ന് പലയിടങ്ങളിലും പ്രതിഷേധം വ്യാപിച്ചു. ഇതിനിടെ സവർണർ നാടാർ സ്ത്രീകളെ നഗ്നരാക്കി വഴി നടത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ 1859 ജൂല. 26-ന് (കൊ.വ. 1034) ഉത്രം തിരുനാൾ ഇപ്രകാരം വിളംബരം പുറപ്പെടുവിച്ചു.

“ചാന്നാർ സ്ത്രീകൾക്ക്‌ അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു.”

മേൽമുണ്ടുസമരത്തിന് കേരളത്തിന്റെ ജാതിവിരുദ്ധമുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യപരിഷ്കൃതലോകവും തദ്ദേശീയകീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെത്തന്നെ അപൂർവ്വം സമരങ്ങളിൽ ഒന്നായിരുന്നു ചാന്നാർ വിപ്ലവം.

അധസ്ഥിത വിഭാഗങ്ങൾ മാറ് മറയ്ക്കലിന് അനുവാദം കിട്ടിയെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും സമുദായത്തിലെ പ്രായം ചെന്ന മുത്തശ്ശിമാരിൽ പലർക്കും മാറ് മറയ്ക്കാൻ ഭയമായിരുന്നു. പല മേഖലകളിലെയും സവർണ പ്രമാണിമാർ ഇത് അംഗീകരിച്ചുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ വടക്കൻ കേരളത്തിലെ ഈഴവ സമുദായത്തിലും മാറ് മറയ്ക്കാൻ സമരത്തിന്റെ രണ്ടാം ഘട്ടം നടന്നിരുന്നു

സമകാലികമായി നടക്കുന്ന സംഘപരിവാറിൻ്റെ ചരിത്രതമസ്കരണങ്ങളിൽ മലബാർ കലാപം മാത്രമായിരുന്നില്ല ചാന്നാർ പ്രക്ഷോഭം പോലെയുള്ള നിരവധി ചരിത്ര പോരാട്ടങ്ങൾ കൂടിയുണ്ടായിരുന്നു എന്ന് പിൽക്കാലത്താണ് ചരിത്ര പഠിതാക്കൾക്ക് ബോധ്യമായത്.

**അവലംബം: ചാന്നാര്‍ ലഹള : ദലിത് ബന്ധു എന്‍ കെ ജോസ്                                അയ്യങ്കാളി – ജീവചരിത്രം (അദ്ധ്യായം 5 ):  -സി അഭിമന്യൂ

**കേരളത്തിന്റെ നവോത്ഥാന സമരങ്ങൾ – ആർ രാധാകൃഷ്ണൻ
നാടാർ ചരിത്ര രഹസ്യങ്ങൾ – പ്രൊഫ. കെ രാജൻ

Spread the love

Leave a Reply