സമരം ചെയ്യാൻ സ്ഥിരം വേദി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ശംഖുമുഖം പോലൊരു സ്ഥലത്ത് സമരം നടത്താൻ സ്ഥിരം വേദി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.

സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള ഓഫിസുകളിലേക്ക് പോകാനായി നാടിന്റെ നാനാ ഭാഗത്ത് നിന്നും നിരവധിയാളുകൾ വന്നു ചേരുന്ന സ്ഥലമാണ് സെക്രട്ടറിയേറ്റ് പരിസരം. നിരവധി പേർ കാൽനടയായും വാഹനങ്ങളിലും ഇതുവരെ യാത്ര ചെയ്യുന്നുണ്ട്. ഇവിടെത്തെ നടപ്പാത കൈയേറിയുള്ള സമരങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നുവെന്നും അത് സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെണ്ണ കമ്മീഷന്റെ കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.

പ്രതിഷേധകാർക്ക് സമരം ചെയ്യാനുള്ള മൗലികാവകാശം നിലനിർത്തികൊണ്ടു തന്നെ ഭരണ സിരാകേന്ദ്രവും പരിസരവും സമരങ്ങളിൽ നിന്നും മുക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് പരിസരം സമര മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കയച്ച കത്ത് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നതിനാൽ ജനങ്ങളുടെ ജീവനു പോലും ഭീഷണിയാണ്. സമരങ്ങൾ അക്രമാസക്തമാകുമ്പോൾ സമീപമുള്ള സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും കെട്ടിടങ്ങൾക്കും കടകൾക്കും നാശനഷ്ടമുണ്ടാകുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ഭരണസ്തംഭനം തന്നെ ഉണ്ടാകുന്നുണ്ട്.

ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി പ്രതിഷേധങ്ങളും സമരങ്ങളും നടത്തുക എന്നത് മൗലികാവകാശമാണ്. അത്തരം അവകാശങ്ങൾ നിഷേധിക്കരുത്. എന്നാൽ അത്തരം സമരങ്ങളും പ്രതിഷേധങ്ങളും നടത്തുമ്പോൾ അത് സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തി മനുഷ്യാവകാശം ലംഘിക്കുന്ന താരത്തിലാകരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

സെക്രട്ടറിയറ്റിന് മുന്നിൽ കുടിൽ കെട്ടി സമരം ചെയ്തവരെ നഗരസഭയുടെ സഹായത്താൽ ഫെബ്രുവരി 19ന് ഒഴിപ്പിച്ചതായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ജില്ലാ പോലീസ് മേധാവിയും കമ്മീഷനെ അറിയിച്ചു. ഗതാഗത തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടന്നും പ്രതിഷേധം നടത്താൻ പ്രത്യേക സ്ഥലം അനുവദിച്ചാൽ പ്രധാന റോഡിലുള്ള വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ലെന്നും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

ശംഖുമുഖത്ത് സ്ഥിരം പ്രതിഷേധ വേദി അനുവദിക്കണമെന്ന് പരാതിക്കാരനായ പീപ്പിൾ ഫോർ ബെറ്റർ സൊസൈറ്റി പ്രസിഡന്റ് വി ആർ അജിത് കുമാർ നൽകിയ പരാതിയിൽ പറയുന്നു. അഞ്ചൽ സുരേന്ദ്രൻ പിള്ളയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ സിപിഐ ആനി രാജയെ ഇറക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here