സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കാനായി സർക്കാർ ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച കത്ത് സർക്കാർ സമരനേതാവിനു കൈമാറി.
സർക്കാരിന്റെ ദൂത് അടങ്ങുന്ന കത്തുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ സമരവേദിയിലെത്തി. സമര നേതാവ് റിജുവിന്റെ പേരിലാണ് കത്ത്. അതേസമയം റിജു സ്ഥലത്ത് ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥൻ മടങ്ങി.
എന്നാൽ റിജുവിന് പകരം സമരത്തിന് നേതൃത്വം നൽകുന്ന ലയ രാജേഷിന്റെ പേരിൽ കത്ത് തിരുത്തി നൽകാനാണ് തീരുമാനം . ഉദ്യോഗസ്ഥതല ചർച്ചയ്ക്കുള്ള ക്ഷണമെന്നാണ് സൂചനയെന്ന് ഉദ്യോഗാർത്ഥികളുടെ പ്രതിനിധിയായ ലയ പ്രതികരിച്ചു. ഉന്നത ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ സമരപ്രതിനിധികളുമായി ചർച്ച നടത്താനാണ് പദ്ധതി
പി.എസ്.സി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് ഇന്നലെ സി.പി.ഐ.എം സെക്രട്ടറിയേറ്റ് സർക്കാരിന് നിർദേശം നൽകിയിരുന്നു.
സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സി.പി.ഐ.എം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു സമരം തീർപ്പാക്കണമെന്നു സർക്കാരിന് നിർദ്ദേശം നൽകിയത്. പ്രതിപക്ഷം സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണമെന്നും ഉടൻ ചർച്ച നടത്തണമെന്നും സി.പി.ഐ.എം നിർദേശിച്ചു.