പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 പാക്ക് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നതായി പാക്ക് മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. ഒരു പാക്കിസ്ഥാനി ഉറുദു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഗാ ഹിലാലി എന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പുകള്‍ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ വ്യോമാക്രമണം ലക്ഷ്യം കണ്ടുവെന്നാണ് വ്യക്തമാകുന്നത്. പുൽവാമ ഭീകരാക്രമണത്തിന്റെ പ്രതികരണമായാണ് ഭീകരകേന്ദ്രങ്ങള്‍ക്ക് മേൽ ഇന്ത്യയുടെ വ്യോമാക്രമണം ഉണ്ടായത്.
2019 ഫെബ്രുവരി 14നാണ് പുൽവാമ ഭീകരാക്രമണമുണ്ടായത്. ജമ്മു കാശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ ചാവേർ ഭീകരൻ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. 49 സി.ആർ.പി.എഫ് ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. പിന്നീട്, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ ഭീകര സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
2019 ഫെബ്രുവരി 26 ന് പുലര്‍ച്ചെ 3.30നാണ് 12 ഓളം വരുന്ന ഇന്ത്യൻ പോര് വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ആയിരം കിലോയോളം വരുന്ന ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഭീകര ക്യാമ്പിന് നേരെ പോര്‍വിമാനങ്ങളിൽ നിന്നും വര്‍ഷിച്ചത്. ഏകദേശം 21 മിനിട്ട് സമയം നീണ്ടു നിന്ന ഈ ആക്രമണത്തിൽ 250 മുതൽ 350 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇന്ത്യ അവകാശപ്പെട്ടത്.
ബലാകോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പൈന്‍ മരങ്ങള്‍ വ്യാപകമായി നശിച്ചുവെന്ന് പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാന്റെ ആരോപണത്തിന് പിന്നാലെ അന്നത്തെ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധുവും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിങ്ങള്‍ തീവ്രവാദികളുടെ വേരറക്കുമെന്നാണോ അതോ മരങ്ങളുടെ വേരറക്കുമെന്നായിരുന്നോ പറഞ്ഞതെന്നായിരുന്നു സിദ്ധുവിന്റെ ചോദ്യം.