ഭീമ കോരേഗാവ് സംഘർഷവുമായി ബന്ധപ്പെടുത്തി പൂനൈ പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ആക്റ്റിവിസ്റ്റുകളായ സുധാ ഭരദ്വാജ്, വെർനോൺ ഗോൺസാൽവസ്, അരുൺ പെരേര എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്നലെ പൂനൈ ഫാസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതിനെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്ന് വെർനോൺ ഗോൺസാൽവസിനു വേണ്ടി ഹാജരായ വക്കീൽ പറഞ്ഞു.
ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. സുധാ ഭരദ്വാജ് സർവകലാശാലകളിൽ നിന്നും മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകിയെന്നും മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കാവശ്യമുള്ള ഫണ്ട് കണ്ടെത്തുന്നതിനായി പ്രവർത്തിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 26നാണ് സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഭിഭാഷകയും ട്രേഡ് യൂണിയന് നേതാവുമായ സുധാ ഭരദ്വാജ്, തെലുങ്ക് കവി പി.വരവരറാവു, പൊതുപ്രവര്ത്തകന് ഗൗതം നവ്ലാഖ, അഭിഭാഷകരായ അരുണ്‍ ഫെരേറിയ, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പൂനൈ പൊലീസ് ഉന്നയിക്കുന്ന വാദം. എന്നാൽ ഇതിനുതകുന്ന തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.