Monday, May 17

പുതുശ്ശേരി രാമചന്ദ്രൻ എന്ന ഗവേഷകൻ

മലയാളത്തിലെ പുരോഗമന സാഹിത്യകാരൻമാരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്ന പുതുശ്ശേരിക്കു വിട. വിപ്ലവാഭിവാദ്യങ്ങൾ. വയലാർ , ഒ.എൻ.വി , പി.ഭാസ്കരൻ, തിരുനല്ലൂർ എന്നീ ഇടതുപക്ഷ അനുഭാവമുള്ള കവികളുടെ നിരയിലാണ് പുതുശ്ശേരിയെ മലയാളം ആദരിച്ചിരുത്തിയിരിക്കുന്നത്. കമ്യൂണിസത്തിൻ്റെ രക്തച്ചുവപ്പ് പടർന്ന വള്ളികുന്നത്ത് വിപ്ലവക്കനലുകളുടെ ഇടയിലൂടെ നടന്നു കയറിയ പുതുശ്ശേരി തീക്ഷ്ണമായ ഒരു കാലത്തെ ജീവിതത്തിലേറ്റു വാങ്ങിയ വിപ്ലവകാരിയായിരുന്നു. ചുവന്ന കവിതകൾ എഴുതാൻ പുതുശ്ശേരിയെ പ്രേരിപ്പിച്ചതും തിളയ്ക്കുന്ന ജീവിതാനുഭവങ്ങളായിരുന്നു. കവി എന്ന നിലയിൽ മലയാളിക്ക് ഏറെ പരിചിതനായിരുന്ന പുതുശ്ശേരി മികച്ച മലയാള അധ്യാപകനുമായിരുന്നു, ഒ.എൻ.വിയെയും തിരുനല്ലൂരിനെയും പോലെ. എസ്.എൻ. കോളേജുകളിൽ കുറച്ചു കാലവും കേരളാ യൂനിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ദീർഘകാലവും അദ്ദേഹം മലയാളം പഠിപ്പിച്ചു. യൂനിവേഴ്സിറ്റി അധ്യാപകൻ എന്ന നിലയിൽ ഗവേഷണ രംഗത്തും അദ്ദേഹം തൻ്റെ മുദ്രകൾ പതിപ്പിച്ചു. പുതുശ്ശേരിയിലെ ഗവേഷകനെ മലയാളി മറക്കരുത്. കണ്ണശ്ശ കവിതകളിലെ ഭാഷയെപ്പറ്റി പുതുശ്ശേരിയോളം പഠിച്ച ഗവേഷകരില്ല. കണ്ണശ്ശ രാമായണത്തിൻ്റെ ഭാഷാശാസ്ത്രാധിഷ്ഠിതമായ പഠനമായിരുന്നു യുടെ ഗവേഷണ വിഷയം. വി.ഐ. സുബ്രഹ്മണ്യം എന്ന അതുല്യനായ ഭാഷാപണ്ഡിതനായിരുന്നു മാർഗ്ഗദർശി. യു.ജി.സി.യുടെ ഗവേഷണ സ്കോളർഷിപ്പോടെ പുതുശ്ശേരി നടത്തിയ ഗവേഷണം കണ്ണശ്ശകൃതികളെ പീo വൽക്കരിച്ചു.

പുതുശ്ശേരി കണ്ണശ്ശരാമായണത്തെക്കുറിച്ച് ഗവേഷണം തുടങ്ങിയ കാലത്ത്, തൊള്ളായിരത്തി അറുപതുകളിൽ , കണ്ണശ്ശ രാമായണം പൂർണ്ണമായി അച്ചടിക്കപ്പെട്ടിരുന്നില്ല. യുദ്ധകാണ്ഡം അതുവരെ ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. യുദ്ധകാണ്ഡം താളിയോലയിൽ നിന്ന് പകർത്തിയെടുത്ത് പ്രസിദ്ധീകരിച്ചത് പുതുശ്ശേരിയാണ്.അദ്ദേഹത്തിൻ്റെ ഗവേഷണം ആരംഭിക്കുന്നത് തന്നെ അങ്ങനെയാണ്. ചെറുപ്പത്തിൽ സംസ്കൃതം പഠിച്ചതും ഇളംകുളം കുഞ്ഞൻപിള്ളയെപ്പോലെയുള്ള മഹാൻമാരായ അധ്യാപകരുടെ ശിഷ്യത്വവും വി.ഐ. സുബ്രഹ്മണ്യത്തിൻ്റെ ഉപദേശ നിർദ്ദേശങ്ങളും പുതുശ്ശേരിയെന്ന ഗവേഷകനെ ശക്തിപ്പെടുത്തി. കണ്ണശ്ശ രാമായണത്തിൻ്റെ വിവരണാത്മക വ്യാകരണം എന്ന ഗവേഷണപ്രബന്ധം സമർപ്പിച്ച് പി.എച്ച്.ഡി. നേടിയതോടെ പുതുശ്ശേരി ഗവേഷണം അവസാനിപ്പിച്ചില്ല. (പുതുശ്ശേരിയുടെ പി.എച്ച്.ഡി. പ്രബന്ധം ‘Language of Middle Malayalam ‘ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ) വട്ടെഴുത്തുരേഖകൾ വ്യാഖ്യാന സഹിതം പ്രസാധനം ചെയ്യുന്നതിലായി പിന്നീട് അദ്ദേഹത്തിൻ്റെ ശ്രദ്ധ. ഇളംകുളത്തിൻ്റെ കീഴിൽ വട്ടെഴുത്ത് വായിക്കാനും വട്ടെഴുത്തുരേഖകൾ പഠിക്കാനും അദ്ദേഹം മുമ്പ് ശ്രമിച്ചിരുന്നു. കേരള ചരിത്രത്തിൻ്റെ അടിയാധാരങ്ങൾ എന്നാണ് ആ ശാസന രേഖകളെ പുതുശ്ശേരി വിശേഷിപ്പിച്ചത്. 75 രേഖകൾ കാലക്രമമനുസരിച്ച് എഡിറ്റ് ചെയ്ത് ‘പ്രാചീന മലയാളം’എന്ന പേരിൽ പ്രസിദ്ധം ചെയ്തു. നമ്മുടെ ശാസന ഭാഷാ പഠന മേഖലയിലെ എണ്ണം പറഞ്ഞ സംരംഭങ്ങളിലൊന്നായി മാറി ഇത്.
അധ്യാപക രംഗത്തു നിന്നു വിരമിച്ചതിനു ശേഷവും പുതുശ്ശേരി ഗവേഷണ തപസ്സ് തുടർന്നു. കണ്ണശ്ശ രാമായണവും ഭാഷാ ഭഗവദ് ഗീതയും വ്യാഖ്യാനത്തോടും പoനത്തോടും കൂടി സമ്പൂർണ്ണമായി അദ്ദേഹം പ്രസാധനം ചെയ്തു. ‘കേരള ചരിത്രത്തിൻ്റെ അടിസ്ഥാന രേഖകൾ ‘ എന്ന ഗ്രന്ഥമാണ് മറ്റൊരു പ്രധാന സംഭാവന. ചരിത്രം, ഭാഷാശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രാചീന ശിലാലിഖിതങ്ങളുടെയും ചെപ്പേടുകളുടെയും സൂക്ഷ്മ പഠനമാണ് ഈ ഗ്രന്ഥത്തിൽ നടത്തിയിരിക്കുന്നത്. നാലുപതിറ്റാണ്ടുകാലത്തെ ഗവേഷണത്തിൻ്റെ സൽഫലമാണ് ഈ ഗ്രന്ഥം. എടയ്ക്കൽ രേഖകളുടെ ചരിത്രപരമായ പ്രാധാന്യത്തെ പുതുശ്ശേരി ഈ പുസ്തകത്തിൽ എടുത്തുകാട്ടുന്നു.
കേരളപാണിനീയത്തിൻ്റെ ഒന്നാം പതിപ്പ് പുന:പ്രസിദ്ധീകരിച്ചത് പുതുശ്ശേരിയാണ്. 1896-ൽ ഏ.ആർ. പുറത്തിറക്കിയ ഒന്നാം പതിപ്പ് 1986 ൽ പുതുശ്ശേരി പുനഃപ്രസിദ്ധീകരിച്ചു. ഒന്നാം പതിപ്പിനെ എങ്ങനെയൊക്കെ അഴിച്ചുപണിതാണ് 1916 ൽ കേരളപാണിനീയത്തിൻ്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയതെന്ന കാര്യത്തിൽ അതോടെ ഒരു വ്യക്തത കൈവന്നു. അതുവരെ ഒന്നാം പതിപ്പിനെക്കുറിച്ച് ഗവേഷകർക്ക് കേട്ടുകേൾവിയേ ഉണ്ടായിരുന്നുള്ളു. ചില വ്യാകരണ ഗവേഷകർ ഒന്നാം പതിപ്പിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു. ഒന്നാം പതിപ്പിൻ്റെ പ്രസിദ്ധീകരണത്തെത്തുടർന്ന് നിരവധി പ്രതികരണങ്ങളും വിമർശനങ്ങളും വന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ പിറവിക്കാലത്ത് മലയാള വ്യാകരണത്തെക്കുറിച്ച് അന്നത്തെ സാഹിത്യ മാസികകളിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. അവയൊക്കെ പൊടി തട്ടിയെടുത്ത് കേരളീയ പാണിനീയ വിമർശനം എന്ന പേരിൽ പുതുശ്ശേരി സമാഹരിച്ചു.ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യ വർഷങ്ങളിൽ ,കേരളപാണിനീയത്തിൻ്റെ ഒന്നാം പതിപ്പിൻ്റെ ശതാബ്ദി വേളയിൽ ഈ രണ്ടു പുസ്തകങ്ങളും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു.ഈ കാലത്ത് മലയാള വ്യാകരണം പഠിക്കുന്നവർക്ക് കിട്ടിയ നിധികളായി മാറി ആ ഗ്രന്ഥങ്ങൾ.
ഗവേഷക മാർഗ്ഗദർശി എന്ന നിലയിലും പുതുശ്ശേരി ശ്രദ്ധേയനായിരുന്നു.
‘ ഉള്ളിനുള്ളിലുമൊരു കുളിരിൻ കുളിരായി
വള്ളികുന്നത്തെ വയലേലയിലലിയും ഞാൻ ‘ എന്ന മോഹവുമായി കവി പോയ് മറഞ്ഞിരിക്കുന്നു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നാനാ തരത്തിൽ കരുത്തു പകർന്നിട്ട് .

Read Also  ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം

വിവരങ്ങൾക്കു കടപ്പാട് – തിളച്ച മണ്ണിൽ കാൽനടയായി എന്ന പുതുശ്ശേരിയുടെ ആത്മകഥ .

Spread the love

Leave a Reply