Wednesday, January 19

ദേശഭക്തിയുടെ കനത്ത ഭാരവുമായി ഒരു ഡൽഹി ദിനം…

 

 

റയാനുള്ളത് സ്വാതന്ത്ര്യ ദിനത്തെ കുറിച്ചല്ല, പണ്ടത്തെ ഒരു റിപ്പബ്ലിക് ദിനത്തെ കുറിച്ചാണ്. ദേശാഭിമാനം കത്തിനില്‍ക്കുന്ന രണ്ടു ദിനങ്ങളാണല്ലോ ഇവ. ഗ്രാമങ്ങളിലെ നിഷ്ക്കളങ്കമൈത്രി തൊട്ടു അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പടയാളികളുടെ ജീവത്യാഗം വരെ സ്മരിക്കപ്പെടുന്ന ദിവസങ്ങള്‍. റിപ്പബ്ലിക് ഡേ ആവട്ടെ ഒരു പടികൂടിക്കടന്ന് സശ്ശസ്ത്ര സേനയുടെ സുശക്തമായ അവസ്ഥയെ കുറിച്ചുള്ള വിളംബരം കൂടിയാവുന്നു. കേരള സംസ്ഥാനത്തിന്റെ ഫ്ലോട്ടിനു ഒന്നാം സമ്മാനം മുടങ്ങാതെ കിട്ടുന്ന ദിവസം കൂടിയാണത്. ഇച്ചിരെ കളരി പയറ്റു, ഇച്ചിരെ കോട്ടയ്ക്കല്‍, ഇച്ചിരെ കഥകളി, ഇച്ചിരെ വള്ളം കളി എന്നിങ്ങനെ പോകും അത്.

 

ഏതാണ്ട് പതിനഞ്ചു വർഷം മുമ്പാണ്. നമ്മുടെ കൂട്ടുകാരനും അവാര്‍ഡു നേടിയ ചലച്ചിത്ര സംവിധായകനുമായ ഫാറൂക്ക് ഒരു പരിപാടി തിരുവന്തപുരം ദൂരദര്‍ശനില്‍ നിന്നും ഒപ്പിച്ചെടുത്തു. വൈകുന്നേരം 7 മണി വാര്‍ത്തയ്ക്കു മുന്‍പുള്ള ഒരു ഗാപ്പില്‍ ഏതെങ്കിലും മലയാളി മഹദ് വ്യക്തിയുടെ ഒരു മിനിട്ടിന്റെ ഒരു സന്ദേശം.  ഉഗ്രന്‍ ഐഡിയ ആയിരുന്നു.      പേര് “ സാന്ധ്യസന്ദേശം.” ദില്ലിയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മഹദ് വ്യക്തികളുടെ സന്ദേശങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചത് എന്നെയാണ്. ഒരാഴ്ച ദില്ലിയില്‍ താമസിച്ചു ഷൂട്ട്‌ ചെയ്യുക. എല്ലാം ഞാന്‍ തന്നെ സംഘടിപ്പിക്കണം. ക്യാമറ, ക്യാമറമാന്‍, സഹായികള്‍, ട്രാന്‍സ്പോര്‍ട്ട്, മഹദ് വ്യക്തികള്‍, ഒക്കെ. അങ്ങനെ 40 ഓളം മഹാന്മാരുടെ സന്ദേശങ്ങള്‍ ഞാന്‍ ശേഖരിക്കയുണ്ടായി. ഇന്ന് ജീവിച്ചിരിപ്പില്ലാത്ത മാധവന്‍ കുട്ടി, ഇടമറുക് തുടങ്ങിയവരെല്ലാം അതില്‍ ഉള്‍പ്പെടും. എന്തിനു പറയുന്നു, അന്ന് ദേശാഭിമാനി ലേഖകനും ഇന്ന് കൈരളി ചാനല്‍ മാനേജിംഗ് ഡയരക്ടരുമായ ജോണ്‍ ബ്രിട്ടാസ് വരെ അതില്‍ ഉള്‍പ്പെട്ടിരുന്നു.

K R Narayanan

പക്ഷെ, ഒരു ഉടക്ക് വന്നു ചാടി. ജനുവരി 26നു അടുത്ത റിപ്പബ്ലിക് ഡേ വരുന്നു. അന്ന് രാഷ്ട്രപതിയുടെ ഒരു സന്ദേശത്തോടെ തുടങ്ങണം. സാധാരണ, രാഷ്ട്രപതി ആ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. കെ.ആര്‍.നാരായണന്‍ ആണ് അന്ന് രാഷ്ട്രപതി. അദേഹത്തെ കൊണ്ട് കേരളീയരെ പ്രത്യേകിച്ച് അഭിസംബോധന ചെയ്യുന്ന ഒരു സന്ദേശം റിക്കോര്ഡ് ചെയ്യണം.

അതിനുള്ള തയ്യാറെടുപ്പൊക്കെ ഒക്കെ ആയി. ഞാന്‍ കുറെ പ്രാവശ്യം രാഷ്‌ട്രപതി ഭവനില്‍ തെണ്ടിത്തിരിഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗം റിക്കോര്ഡ്ചെയ്യുന്ന സമയത്ത് ഞാനും ആ റൂമില്‍ കടന്നു കൂടി. രാഷ്ട്രത്തോടുള്ള അഭിസംബോധന കഴിഞ്ഞു. പതിവുകള്‍ മാറ്റി വെച്ചു അദ്ദേഹം അതാ കേരളീയരോട് മാത്രമുള്ള സന്ദേശം മലയാളത്തില്‍ റിക്കോര്ഡ് ചെയ്യുന്നു. സന്തോഷമായി. റിക്കോര്‍ഡിംഗ് കഴിഞ്ഞ ഉടനെ അതിന്റെ ഇന്‍-ചാര്‍ജ് ആയ ആള്‍ എന്റെ കൈയ്യില്‍ ആ ടേപ്പ് എടുത്തു തന്നു. “ ഇന്നാ, കേരളീയര്‍ക്കുള്ള സന്ദേശം. ദൂരദര്‍ശന്റെ കേന്ദ്രത്തില്‍ പോയി ഇത് ബീറ്റ ആയി കണ്‍വരട്ട് ചെയ്യണം. എന്നിട്ട് അയക്കണം.” ഇയാള്‍ ഇത് ഇത്ര ലാഘവത്തോടെ എന്നെ ഏല്‍പ്പിക്കും എന്ന് ഞാന്‍ ഒട്ടും കരുതിയില്ലായിരുന്നു. അവര് തന്നെ തിരുവനന്തപുരത്തേക്ക് അയക്കും എന്നാണു ഞാന്‍ വിചാരിച്ചിരുന്നത്. ഒന്നുമില്ലെങ്കിലും, ഒരു രാഷ്ട്രപതിയുടെ സന്ദേശമല്ലേ!

Read Also  ഈണങ്ങളുടെ മാത്രമല്ല, നിലപാടുകളുടെയും രാജാവാണ് റഹ്മാന്‍: രവി ശങ്കര്‍ എന്‍ എഴുതുന്നു

25 ആം തീയതിയാണിത്. പിറ്റേന്നാണ് റിപ്പബ്ലിക് ഡേ. എനിക്കാണെങ്കില്‍ ഈ ഫോര്‍മാറ്റുകള്‍ ഒന്നും പിടിത്തമില്ല. ദൂരദര്‍ശന്‍ കേന്ദ്രം വളരെ ദൂരെ സിരി ഫോര്‍ട്ടിനടുത്താണ്. അവിടെ ആരെയും അറിയില്ല. രാഷ്ട്രപതി ഭവനില്‍ നിന്നും റോഡിലേക്ക് കുറെ ദൂരമുണ്ട്. നേരം ഉച്ചയായി. ഞാന്‍ നടന്നു ചെന്ന് ഒരു ഓട്ടോ പിടിച്ചു.

ഓട്ടോയില്‍ ഇരിക്കുമ്പോഴാണ് എനിക്കത് കത്തിയത്. ഞാന്‍ ഇതാ ഒരു പന്ന ഓട്ടോ റിക്ഷയില്‍ വെയിലത്ത് ഭക്ഷണവുമില്ലാതെ ആരെയും ഒരു പിടിയുമില്ലാത്ത ഒരു സ്ഥലത്തേക്ക് പോവുകയാണ്. എൻ്റെ വാരികകളും ബീഡിക്കെട്ടും പേനയും കടലാസ്സുകളും ഒക്കെയുള്ള പൊളിഞ്ഞ സഞ്ചിയില്‍ ഒരു ടേപ്പ് വിശ്രമിക്കുന്നു. കനത്ത ഒരു ദേശഭക്തി സാധനം. ഇന്ത്യന്‍ രാഷ്ട്രപതി തന്റെ കേരളീയസഹോദരീസഹോദരന്മാര്‍ക്ക് വേണ്ടി പ്രത്യേകം അനുപ്പി വിടുന്ന റിപ്പബ്ലിക് ഡേ സന്ദേശം. ഇതിപ്പോള്‍ ഈ ലോകത്ത് മറ്റൊരാളുടെ കൈയ്യിലും ഇല്ല. ഞാന്‍ ഇത് ഓടയില്‍ എറിഞ്ഞാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ഇതാ, എൻ്റെ സഞ്ചിയില്‍ ഇന്ത്യന്‍ രാഷ്ട്രപതി വിശ്രമിക്കുന്നു. എൻ്റെ ദേശസ്നേഹം കര കവിയേണ്ടതാണ്. പക്ഷെ, അത് മാത്രം സംഭവിക്കുന്നില്ല. എനിക്ക് വരുന്നതോ അരിശവും.

ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സന്ദേശം ബീറ്റയില്‍ ആക്കി കിട്ടി. അവിടെയും ആര്‍ക്കും ഇതാരാണ്, എന്താണ് എന്നൊരു ചോദ്യവുമില്ല. ആ സന്ദേശം വിദേശശക്തികള്‍ തട്ടിക്കൊണ്ടു പോയാലും അവര്‍ക്കൊന്നുമില്ല. ഇനിയത്തെ പ്രശ്നം ഇത് രായ്ക്കു രാമാനം എങ്ങനെ  തിരുവനന്തപുരം എത്തിക്കും എന്നതാണ്. കേരള ഹൌസില്‍ ജോലി ചെയ്തിരുന്ന രാജു സഹായത്തിനെത്തി. അന്ന് രാത്രി ഏതോ വിമാനത്തില്‍ NCC യിലെ ഒരു കേണല്‍ തിരുവനന്തപുരം പോകുന്നു. അയാള്‍ കേരള ഹൌസില്‍ ആണ് താമസം. രാജുവിനെ ടേപ്പ് ഏല്‍പ്പിച്ചാല്‍ സംഗതി നടക്കും. ഞാന്‍ കേരള ഹൌസിലേക്ക് ഓട്ടോ പിടിക്കുന്നു. രാഷ്ട്രപതിയുടെ സന്ദേശം രാജുവിനെ ഏല്‍പ്പിക്കുന്നു. ശുഭം.

രാജു പിന്നെ പറഞ്ഞത് അങ്ങേയറ്റം ഭയഭക്തിബഹുമാനങ്ങളോടെയാണ് കേണല്‍ ആ ടേപ്പ് ഏറ്റുവാങ്ങിയത് എന്നാണു. രാഷ്ട്രത്തോട് തനിക്കു ചെയ്യാവുന്ന ഏറ്റവും വലിയ കര്‍ത്തവ്യമായി അദ്ദേഹം ആ ദൌത്യം ഏറ്റെടുത്തു. തനിക്കു ഇങ്ങനെ രാഷ്ട്രത്തെ സേവിക്കാന്‍ ഒരു അവസരം കൊടുത്തതില്‍ അദ്ദേഹം രാജുവിനോട് അനേകം നന്ദികള്‍ പ്രകാശിപ്പിച്ചു. പിറ്റേന്ന്, നമ്മുടെ ആള്‍ക്കാര്‍ അയാളില്‍ നിന്ന് ആ ടേപ്പ് വാങ്ങിക്കൊണ്ടു പോയി അവിടത്തെ ദൂരദര്‍ശനില്‍ ഏല്‍പ്പിച്ചു. സാന്ധ്യസന്ദേശം രാഷ്ട്രപതിയുടെ സന്ദേശത്തോടെ കൃത്യമായി തുടങ്ങുകയും ചെയ്തു.

കേരളത്തിലെ കൊടിക്കണക്കിനു ജനങ്ങളെ ഒരു രാഷ്ട്രപതി ആദ്യമായും അവസാനമായും മലയാളത്തില്‍ അഭിസംബോധന ചെയ്ത ആ സന്ദേശം എന്റെ നാറുന്ന സഞ്ചിയില്‍ ആണല്ലോ കുറെ നേരമെങ്കിലും കിടന്നിരുന്നത് എന്നതില്‍ ഞാനും അല്‍പ്പം പുളകം കൊള്ളുന്നു. മാത്രമല്ല, ആ മഹത്തായ ടേപ്പ് കിടന്ന ആ മഹത്തായ ബാഗില്‍ ഒരു കുപ്പി കൊണ്ടെസ്സ റമ്മുമായാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്‌ എന്നതില്‍ അതിലേറെ രോമാഞ്ചം കൊള്ള്കയും ചെയ്യുന്നു. ഈ സ്വാതന്ത്യ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ ദേശസ്നേഹിയുടെ അഭിവാദ്യങ്ങള്‍!

Read Also  എഴുപത്തിനാല് വർഷങ്ങൾക്കുമുൻപ് ഗാന്ധിജിയെ അലട്ടിയ കെ ആർ നാരായണൻ

 

Spread the love