ആർ സുരേഷ് കുമാർ

“തന്റെ ഉദ്യോഗപ്പേര് സൂചിപ്പിക്കുന്ന ജോലിമാത്രം ചെയ്യുകയാണ് തന്റെ കർത്തവ്യമെന്നും അതിനപ്പുറം ഒരു ഇല അനക്കിയിടേണ്ട ചുമതല പോലും ഏൽക്കുകയോ സ്വയം ഏറ്റെടുക്കുകയോ ചെയ്യാതിരിക്കുന്നത് അവകാശബോധത്തിന്റെ ഭാഗമാണെന്നുമുള്ള ഒരു ചിന്തയും സ്വഭാവവും സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ അടുത്തകാലത്തായി അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

തന്റെ എഴുതപ്പെട്ട ചുമതലകൾക്കപ്പുറം ഒന്നും തന്നെ ശ്രദ്ധിക്കാത്ത വലിയൊരു വിഭാഗം നിലവിൽ സർവീസിലുണ്ട്. സ്വീപ്പർ, ഓഫീസ് അറ്റൻഡ്, സാനിറ്റേറിയൻ, വാച്ച്മാൻ, ക്ലാർക്ക്, അധ്യാപകർ… ഇതിലാരാണ് ക്ലാസിൽ കാണുന്ന ആ മാളം അടക്കേണ്ടത്? കുട്ടിക്ക് സുഖമില്ലെങ്കിൽ രക്ഷിതാവിനെ അറിയിക്കുക എന്ന ലളിത യുക്തിക്കപ്പുറം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അതുകൊണ്ട് ഇത് അനാസ്ഥയല്ല…. ഇത് അപകടമാം വിധം വ്യാപിക്കുന്ന ഒരു സ്വഭാവമാണ്”.

പ്രമുഖ സർക്കാർ കോളേജധ്യാപക സംഘടനയുടെ നേതാവും ഒരു സർക്കാർ കോളേജിന്റെ പ്രിൻസിപ്പലുമായ ഡോ.കെ.കെ. ദാമോദരൻ വയനാട് സുൽത്താൻ ബത്തേരി ഗവ.സ്കൂളിലെ ഷെഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തോടനുബന്ധിച്ച് ഫെയ്സ് ബുക്കിൽ കുറിച്ച വരികളാണ് മുകളിലുള്ളത്. അതോടൊപ്പം സോഷ്യൽ മീഡിയയിൽ വ്യാപകമായി കാണപ്പെട്ട മറ്റൊരു വാക്യം ഗുരു നിത്യചൈതന്യയതിയുടേതാണ്.

“തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോൾ അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണം” എന്നാണത്. സർക്കാർ സർവീസിലും പൊതുസമൂഹത്തിലുമാകെ വ്യാപിക്കുന്ന ഉത്തരവാദിത്വരഹിതമായ സാമൂഹ്യാവബോധമില്ലായ്മയെക്കുറിച്ചാണ് ഡോ.കെ.കെ.ദാമോദരൻ പറയുന്നതെങ്കിൽ യതിയുടെ വാക്കുകൾ അധ്യാപകന് നേരേ ചൂണ്ടുന്ന ചോദ്യശരമാണ്.

മരിച്ച പെൺകുട്ടിയുടെ അടുത്ത ബന്ധുവും മാധ്യമപ്രവർത്തകയുമായ ഫസ്ന ഫാത്തിമ ഫെയ്സ് ബുക്കിലൂടെ കുട്ടിയുടെ ഫോട്ടോയും വാർത്തയും നൽകിയപ്പോഴാണെന്ന് തോന്നുന്നു വിഷയം ആദ്യം പുറത്തറിഞ്ഞത്. സ്കൂളിൽ കളിക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് മരിച്ചുവെന്നാണ് അതിൽ കുറിച്ചിരുന്നത്. മണിക്കൂറുകൾ കഴിഞ്ഞാണ് വാർത്ത ചാനലുകളിൽ വന്നുതുടങ്ങിയത്. അതുകഴിഞ്ഞ് പുറത്തുവന്ന വാർത്തകളാണ് കൂടുതൽ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പാമ്പുകടിച്ച് മരിക്കുകയെന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ അതിന് കാരണമായ വസ്തുതകളിലേക്ക് കടക്കുമ്പോൾ നാം ലജ്ജിച്ച് തലതാഴ്ത്തേണ്ടിവരുന്നു.

എന്താണ് ഈ സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നതിന്റെ സ്കൂളനുഭവമാണ് കണ്ടത്. അധ്യാപകൻ ദൈവതുല്യനാണെന്ന പറഞ്ഞുപഴകിയ ക്ലീഷേക്ക് ആധുനിക സമൂഹത്തിൽ ഒരു പ്രസക്തിയുമില്ല. എന്നാൽ ഒരുമനുഷ്യന് വേണ്ട സാമാന്യബോധവും സാമൂഹ്യബോധവും ഇല്ലാത്തവരായാൽ ടീച്ചർ, ഫെസിലിറ്റേറ്റർ, സ്കഫോൾഡർ, കൗൺസലർ, കോ-ലേണർ, മെന്റർ എന്നിങ്ങനെ വിവിധ പദാവലികളിലൂടെ പുതിയ ബോധനശാസ്ത്രങ്ങളെയും രീതികളെയും കടമകളെയും പരിശീലിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നത് അർത്ഥരഹിതമായി മാറുന്നു.

അധ്യാപകർ ദൈവമാകണ്ട, മനുഷ്യരായാൽ മതിയെന്ന ബോധ്യം ഇനിയെങ്കിലുമുണ്ടാകാൻ ബത്തേരി സ്കൂളിലെ അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസിലെയും വിദ്യാർത്ഥിനികളുടെ പ്രതികരണങ്ങളിലെ ആർജവവും സൂക്ഷ്മതയും പക്വതയും മാധ്യമങ്ങളിലൂടെയെങ്കിലും കണ്ടിട്ട് അവർക്ക് മുന്നിൽ ചൂളിപ്പോകുന്ന അധ്യാപർക്കുണ്ടാവട്ടെയെന്ന് അധ്യയന സമയത്ത് വിദ്യാർത്ഥികളെയും കൊണ്ട് നിരവധി തവണ ആശുപത്രിയിൽ പോയിട്ടുള്ള ഒരധ്യാപകൻ ആഗ്രഹിക്കുകയാണ്.

Read Also  ഹയർ സെക്കൻഡറി പരീക്ഷ തിരിമറി; അധ്യാപകന്റെ വാദം പൊളിയുന്നു

ആർ സുരേഷ് കുമാർ                                                                                                                   (ഗവണ്മെൻ്റ് അധ്യാപക പരിശീലന കലാലയം (തിരുവനന്തപുരം) അധ്യാപകൻ. ഇപ്പോൾ പ്രവേശന പരീക്ഷ വിഭാഗം ജോ കമ്മീഷണറാണ്.)

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

1 COMMENT

  1. മനുഷ്യന് പോലും മനുഷ്യത്വമില്ലാത്ത കാലത്ത് ദൈവത്തിനെന്തിനാ മനുഷ്യത്വം. . .?? ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമല്ല. . . പ്രാക്ടികല്‍ ട്രെയിനിംഗിന്റെ അഭാവമാണ്. . രാമ രാമ എന്ന് കാണാതെ പഠിച്ച് പാസ്സാകുന്നു. സ്കൂളിലെ സിലബസ്സില്‍ തന്നെ പ്രാഥമിക ശുശ്രൂശ പഠിപ്പിക്കുന്നു. കാണാതെ പഠിച്ചതിനാല്‍ പുസ്തകത്തില്‍ പറഞ്ഞ അതേ സാഹചര്യത്തില്‍ വന്നാലേ സാറിനും എന്തെങ്കിലും ചെയ്യാനാകൂ. ..ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതി നമ്മുടെ നാട്ടില്‍ ഇല്ലല്ലോ. . . ഉദാ:- പുസ്തകത്തിലെ കഥയില്‍ ബാബു എന്ന കുട്ടിക്കാണ് വീണ് പരിക്ക് പറ്റുന്നത്. ഇവിടെ വീണ കുട്ടി ബാബുവല്ലെങ്കില്‍ സാര്‍ എന്ത് ചെയ്യും. . .?

LEAVE A REPLY

Please enter your comment!
Please enter your name here