Sunday, September 20

അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു

ആർ. സുരേഷ് കുമാർ.

ഡൽഹിയിൽ കലാപം നിയന്ത്രിക്കാനായി നടപടികൾ കൈക്കൊള്ളാത്ത ഭരണ സംവിധാനത്തെയും പോലീസിനെയും രൂക്ഷമായ ഭാഷകൊണ്ട് നേരിട്ട ഡൽഹി ഹൈക്കോടതിയിലെ സീനിയർ ജസ്റ്റിസ് മുരളീധർ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. അർധരാത്രിയിൽ സിറ്റിംഗ് നടത്തിക്കൊണ്ട് ഒരു ന്യായാധിപൻ നിയമവിധേയമാർഗത്തിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത നിർവഹിക്കുന്നതിന് സാധ്യതകൾ പലതാണെന്ന് ബോധ്യപ്പെടുത്തി.

പിറ്റേന്നാൾ പകൽ അദ്ദേഹത്തിന്റെ വാക്ശരങ്ങളേറ്റ് പൊള്ളിയവർ അന്നേ ദിവസം അർധരാത്രിയിൽ അദ്ദേഹത്തെ സ്ഥലംമാറ്റിക്കൊണ്ട് സ്വയം തടിതപ്പി. ഇതിനിടയിൽ കലാപകാരികളുടെ പിടിയിൽ നിന്ന് ഡൽഹി മോചിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായതും സ്വിച്ചിട്ടതുപോലെ കലാപം നിന്നതും ജസ്റ്റിസ് മുരളീധറിന്റെ നീതിയുടെ ചാട്ടവാർ പ്രഹരം അപ്രതീക്ഷിതമായി ഏൽക്കേണ്ടിവന്നതു കൊണ്ടാണെന്നതിൽ സംശയമൊന്നുമില്ല.

മതനിരപേക്ഷ ജനാധിപത്യറിപ്പബ്ലിക് ആയ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്ന നിരവധിയായ സംഭവങ്ങളിലെ ഒരെണ്ണമാണിത്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിലനിൽപ്പ് വിശകലനം ചെയ്യപ്പെടുന്നത് ഇതിന്റെയൊക്കെ അടിസ്ഥാനത്തിലുമാണ്.

‘ഇന്ദിരയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തിയ അടിയന്തിരാവസ്ഥകാലത്തുപോലും ജുഡീഷ്യറി ഭരണകൂടത്തോട് പ്രതിബദ്ധതയുള്ളതായിരിക്കണമെന്ന (കമ്മിറ്റഡ് ജുഡീഷ്യറി) ശാഠ്യത്തെ ചെറുക്കുവാൻ ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന് കഴിഞ്ഞിരുന്നു. ഇവിടെ ജസ്റ്റിസ് മുരളീധർ എന്നത് സ്വതന്ത്ര ജുഡീഷ്യറിയുടെ വിജയമാണെന്ന് വേണമെങ്കിൽ വാദിക്കാം. എന്നാൽ അത്രലഘുവല്ല കാര്യങ്ങൾ. മുരളീധറിനെ വിരട്ടുന്ന രീതിയിൽ ഇന്ത്യയുടെ പരമോന്നത നിയമോപദേഷ്ടാവ് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ നിലപാടവതരിപ്പിച്ചപ്പോൾ അദ്ദേഹത്തെയും ഡൽഹിയിലെ പോലീസ് മേലധികാരികളെയും നിർത്തിപ്പൊരിക്കുന്ന വിധമാണ് മുരളീധർ വിഷയങ്ങളെ അക്കമിട്ട് നിരത്തി നിർദ്ദേശങ്ങൾ നൽകിയത്.

പിറ്റേന്നാൾ ആ കസേരയിൽ മുരളീധർ ഉണ്ടായിരുന്നില്ല. പകരം കേസ് പരിഗണിച്ച അവിടത്തെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ബഞ്ച് ഡൽഹി പോലീസും സോളിസിറ്റർ ജനറലും മുരളീധരിന്റെ നിർദേശങ്ങൾക്ക് ധിക്കാരപരമെന്ന നിലയിൽ നൽകിയ മറുപടിയെ അംഗീകരിച്ചതോടെ ജുഡീഷ്യറിയുടെ വിലയിരുത്തലെന്നത് വ്യക്തിപരമായ സ്വതന്ത്രനിലപാടുകൾക്കനുസരിച്ചാണെന്ന തോന്നലുളവാക്കുന്നു.
ജനാധിപത്യമെന്ന ഭാരമുള്ള മേൽക്കൂരയെ താങ്ങിനിർത്തുന്ന നാല് ശക്തമായ തൂണുകളായാണ് നിയമനിർമ്മാണസഭ (ലെജിസ്ലേച്ചർ), ഭരണനിർവഹണ വിഭാഗം (എക്സിക്യൂട്ടീവ്), നീതിന്യായസംവിധാനം (ജുഡീഷ്യറി), മാധ്യമങ്ങൾ (ഫോർത്ത് എസ്റ്റേറ്റ്) എന്നിവയെ പരിഗണിച്ചുപോരുന്നത്. ഇതിൽ ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും പരസ്പരബന്ധിതമായതിനാൽ ലെജിസ്ലേച്ചറിലെ വൻഭൂരിപക്ഷമുപയോഗിച്ചുകൊണ്ട് എക്സിക്യൂട്ടീവ് അമിതാധികാരങ്ങൾ ഉപയോഗിക്കുമെന്നത് എല്ലാവർക്കുമറിയുന്നതാണ്.

മാധ്യമങ്ങളെന്നത് നിയമപരമായി ഒരു നിയന്ത്രണ സംവിധാനത്തിനുള്ളിൽ വരുന്ന ഘടകവുമല്ല. എന്നാൽ ജുഡീഷ്യറിയാണ് നീതിയുടെ അവസാന ആശ്രയമായി നിലകൊള്ളേണ്ടത്. അക്കാര്യത്തിലാണിപ്പോൾ ഇന്ത്യയിൽ വലിയ ആശങ്കയുളവാകുന്നത്. ഭരണകൂടത്തിന്റെ തെറ്റായ നയപരിപാടികളെ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടി പൊതുജനാഭിപ്രായം വളർത്തിയെടുക്കുകയെന്ന വലിയ ദൗത്യം മുൻനിരമാധ്യമങ്ങൾ ഉപേക്ഷിച്ചിട്ട് കാലമേറെയായി.

കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സംരക്ഷണയിൽ ഭരണകൂടങ്ങൾക്കും വർഗീയക്കും ഫാസിസത്തിനുമൊക്കെ സേവനം ചെയ്യുന്ന ആഗോളമാധ്യമ സംസ്കാരത്തിന്റെ ഭാഗമാണവരിന്ന്. അതിനാൽ അതിലും വലിയപ്രതീക്ഷയില്ലാതായി.
ഇന്ത്യൻ ജുഡീഷ്യറി നൂറ് ശതമാനം വിശ്വസനീയമായിരുന്നു മുൻ കാലങ്ങളിലെല്ലാമെന്ന് ആരും കരുതുന്നില്ല. വ്യക്തിപരമായ അഴിമതികളും ആരോപണങ്ങളും ഇംപീച്ച്മെന്റ് നടപടികളുമൊക്കെയുണ്ടായിട്ടുണ്ട്. കേരളത്തിലെ സിസ്റ്റർ അഭയക്കേസ് അട്ടിമറിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിതന്നെ കൂട്ടുനിന്നുഎന്ന ആരോപണംപോലും ഒരുഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. എന്നാലിപ്പോൾ ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്ക് മുന്നിൽ വിധേയരാകുന്നുവെന്ന തോന്നലാണ് ജുഡീഷ്യറിയെക്കുറിച്ചുണ്ടാകുന്നത്.

Read Also   ഹൈന്ദവഭീകരവാദത്തിലേക്കുള്ള സൂചന നൽകുകയാണോ മോദി ; സാധ്വിയെ പുകഴ്ത്തുന്നതിനു പിന്നിലെ രാഷ്ട്രീയം ; പി കെ സി പവിത്രൻ എഴുതുന്നു

ജഡ്ജിമാർ നിയമിക്കപ്പെടുന്നതിൽ പലവിധ പരിഗണനയുണ്ടെന്ന വാദം പ്രഗല്ഭരായ വക്കീലന്മാർ പോലും ഉന്നയിക്കുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചിരുന്ന മുംബൈ ഹൈക്കോടതിയിലെ ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം പലരെയും ഭയപ്പെടുത്തുന്നുണ്ടാവാം. ജഡ്ജിയെന്ന സ്ഥാനമൊഴിയുമ്പോൾ മറ്റ് ഭരണഘടനാപദവികൾ ലഭിക്കാനുള്ള സാധ്യതക്ക് വാതിൽ തുറന്നിട്ട ഇന്ത്യൻ ചീഫ് ജസ്റ്റിസ് ആയിരുന്ന പി.സദാശിവം ഒരുമാതൃക സൃഷ്ടിച്ചിട്ടുണ്ടാകാം; അതിന് മുമ്പ് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലല്ലോ!

ജമ്മുകാശ്മീരിന്റെ പദവി എടുത്തുകളഞ്ഞത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ബാധിക്കുന്നതാണെന്ന കേസിൽ ഇതുവരെ സുപ്രീംകോടതി വാദം കേട്ടിട്ടില്ല. അവിടത്തെ ജനാധിപത്യ പ്രക്രിയയിൽ മുന്നിലുണ്ടായിരുന്ന, തീവ്രവാദികളല്ലാത്ത മുൻമുഖ്യമന്ത്രിമാർ വരെ തടങ്കലിലായിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. അതിന്റെ ശരിതെറ്റുകൾക്ക് മുന്നിൽ കണ്ണുകൾ കെട്ടി നീതിദേവത നിൽപ്പ് തുടരുകയാണ്. അയോധ്യക്കേസിൽ നിയമപരമായിനോക്കിയാൽ അതിവിചിത്രമായ വിധിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്.

ശബരിമലയുടെ കാര്യത്തിൽ ജഡ്ജിമാർക്കിടയിലെ വിശ്വാസ താല്പര്യങ്ങളുടെ ഭൂരിപക്ഷമാണ് ഭരണഘടനാതത്ത്വങ്ങൾക്കതീതമായി പരസ്പരം വിധിപറയുന്നത്! പൗരത്വ ഭേദഗതിവിഷയം ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കുന്നതിലുള്ള ആർജവത്തെക്കാൾ സമരങ്ങളാണ് സുപ്രീംകോടതിയുടെ പരാമർശങ്ങളിൽ കടന്നുവരുന്നത്. സമാധാനപരമായി സമരം നടത്താനുള്ള ഭരണഘടനാപരമായ അവകാശത്തെ മധ്യസ്ഥരിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതിലാണ് ശ്രദ്ധ. എക്സിക്യൂട്ടീവ് ചെയ്യേണ്ട കാര്യങ്ങൾ ജുഡീഷ്യറി ചെയ്യുകയും ജുഡീഷ്യറി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയുമാണിപ്പോൾ.

കനയ്യകുമാറിനെതിരെ വ്യാജ കേസുകൾ കെട്ടിച്ചമച്ചത്, ജാമിയ മില്ലിയയിൽ പോലീസ് നടത്തിയ അതിക്രമം, ജെ.എൻ.യു.വിൽ പോലീസ് സംരക്ഷണയിൽ നടന്ന ആക്രമണം ഇങ്ങനെ ഡൽഹിയിലെ കോടതികളുടെ മൂക്കിൻ തുമ്പത്ത് നടന്ന നിരവധി വിഷയങ്ങളിൽ കോടതിയെ സമീപിച്ചപ്പോഴൊന്നും നീതിയുടെ വേഗതയും കുറ്റക്കാർക്കെതിരെ നടപടിയും ഉണ്ടായിട്ടില്ല.

ചില സന്ദർഭങ്ങളിൽ വാക്കാൽ പരാമർശങ്ങളിലൂടെ ഭരണകൂടത്തോട് ചിലചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അത് വാർത്തയാകുകയും നീതിന്യായ സംവിധാനം സ്വതന്ത്രമാണെന്ന് തോന്നലുളവാകുകയും ചെയ്യുന്നുണ്ട്. എന്നാലത് ഒരുസേഫ്റ്റി വാൽവ് തന്ത്രം മാത്രമായി മാറുന്നതാണനുഭവം. ഒരു മുരളീധറിനെ ഒഴിവാക്കിയാൽ പിന്നിടുള്ളവരും മുരളീധറിനെപ്പോലെ നീതിന്യായ സംവിധാനത്തോടുള്ള പ്രതിബദ്ധത നിലനിർത്തുമെന്ന് വന്നാൽ മാത്രമേ മതനിരപേക്ഷതയുടെ അടിത്തറയിൽ ജുഡീഷ്യറിയെന്ന നെടുംതൂണിന് ജനാധിപത്യത്തിന്റെ അവസാന ആശ്രയമായി തുടരാനാകൂ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply