Saturday, January 29

യു.ജി.സി.യെ ഇല്ലാതാക്കുന്നതിന് പിന്നിൽ

ആര്‍. സുരേഷ് കുമാര്‍
സ്വതന്ത്ര ഇന്ത്യയിലെ ആദ്യവിദ്യാഭ്യാസ കമ്മിഷന്റെ ശുപാർശ പ്രകാരം രൂപീകൃതമായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ഇല്ലാതാകുന്നതോടെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിയന്ത്രണാധികാരങ്ങളോടെ നിലവാര മാനദണ്ഡങ്ങളും സേവനവേതന വ്യവസ്ഥകളും നിശ്ചയിച്ചിരുന്ന സ്വയംഭരണാധികാരമുള്ള  ഏറ്റവുംവലിയ ഏജൻസിയുടെ സാന്നിധ്യമാണ് ഇല്ലാതാകുന്നത്. ജനാധിപത്യ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന് അവസരസമത്വത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച്, ഗുണനിലവാരമുറപ്പുവരുത്തി മുന്നോട്ടു പോകാൻ കുറച്ചെങ്കിലും കഴിഞ്ഞത് യു.ജി.സി. എന്ന ഏജൻസിയുടെ കൂടി കൃത്യമായ ഇടപെടലുകൾ കാരണമാണ്. 1948- നവംബറിൽ ഡോ.എസ്.രാധാകൃഷ്ണൻ അധ്യക്ഷനായ സർവകലാശാലാ വിദ്യാഭ്യാസ കമ്മിഷൻ രൂപീകരിച്ചത് നിരവധി പരിഗണനാ വിഷയങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ്. ഡോ. താരാചന്ദ്, ഡോ.സക്കീർ ഹുസൈൻ, ഡോ.ജയിംസ്.എഫ്.ഡഫ്, ഡോ.ആർതർ ഇ.മോർഗൻ, ഡോ.എ.ലക്ഷ്മണസ്വാമി മുതലിയാർ തുടങ്ങിയ പ്രഗത്ഭരായ പത്തുപേരാണ് കമ്മിഷനിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസം, ഗവേഷണം എന്നിവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ, അധ്യാപനത്തിലും പരീക്ഷാ സമ്പ്രദായത്തിലുമുണ്ടാവേണ്ട ഉന്നത നിലവാരം, സർവകലാശാലകൾക്കുള്ള ധനസഹായം, അഡ്മിഷൻ രീതികൾ, പഠന വിഷയങ്ങൾ, അധ്യാപകരുടെ യോഗ്യതകൾ, സേവനവേതന വ്യവസ്ഥകൾ,ഭരണഘടനയിലുൾപ്പെടെ സർവകലാശാലാ സംബന്ധമായി വരേണ്ട മാറ്റങ്ങൾ, വിവിധ സർക്കാരുകളുമായുള്ളബന്ധങ്ങളിൽ വരേണ്ട മാറ്റങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാനപരിശോധനാവിഷയങ്ങൾ.

                  1949 ആഗസ്റ്റിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതിലെ പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി.) രൂപീകരിക്കുക എന്നത്. സർവകലാശാല കളുടെ നിലവാരം നിശ്ചയിക്കുന്ന ഏജൻസിയെന്ന നിലയിലും ഗ്രാന്റുകൾ അനുവദിക്കുന്ന ഏജൻസിയെന്ന നിലയിലുമാണ് യു.ജി.സി. വേണമെന്ന നിർദേശം വന്നത്. തുടർന്ന് നിരവധി ചർച്ചകൾ പാർലമെന്റിൽ നടന്നു. 1954-ൽ അവതരിപ്പിച്ച ബില്ലിനെത്തുടർന്ന് 1956-ൽ യു.ജി.സി. ഒരു നിയമവിധേയ സ്വയംഭരണ ഏജൻസിയായി നിലവിൽ വന്നു. സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് പുതിയ ശമ്പളസ്കെയിൽ നടപ്പിലാക്കിയതോടെ യു.ജി.സി.സ്കെയിൽ എന്ന പുതിയ വേതനവ്യവസ്ഥ ഉന്നത വിദ്യാഭ്യാസ രംഗത്ത് അംഗീകരിക്കപ്പെട്ടു. തുടർന്ന് സർവകലാശാലകളുടെയും കോളേജുകളുടെയും അക്കാദമിക നിലവാരം, കോഴ്സുകൾ, ഗവേഷണം, അധ്യാപകരുടെ പരിശീലനപരിപാടികൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസരംഗത്തെ എല്ലാ വിഷയങ്ങളിലും യു.ജി.സി.യുടെ ഇടപെടലുകൾ നിരന്തരം ഉണ്ടായിട്ടുണ്ട്. കാലാകാലങ്ങളിൽ അധ്യാപകരുടെ സേവനവേതന വ്യവസ്ഥകളിലും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. ഈയൊരു സാഹചര്യത്തിനാണ് മാറ്റങ്ങൾ വരാൻ പോകുന്നത്.
                   സർവകലാശാലകളുടെ സാമൂഹ്യദൗത്യത്തെക്കുറിച്ച് പുരോഗമനപരമായ കാഴ്ചപ്പാടാണ് രാധാകൃഷ്ണൻ കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ജാതി,മത വംശീയകൾ രഹസ്യഅജണ്ടയായി ഭരണതലത്തിൽ പ്രയോഗിക്കുന്നവർക്ക് സ്വതന്ത്രമായ ഇടപെടലിന് വളരെയധികം സാധ്യതകൾ യു.ജി.സി.പോലുള്ള വ്യവസ്ഥാപിത രീതികളുള്ള സ്ഥലങ്ങളിൽ പരിമിതികളുണ്ട്. എം.എച്ച്.ആർ.ഡി. മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒരു കൗൺസിൽ യു.ജി.സി.പോലുള്ള ഒരു ഏജൻസിക്ക് പകരം പ്രവർത്തിക്കുമ്പോഴുണ്ടാകാവുന്ന ഭരണകൂട ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസത്തിന് ശുഭകരമല്ല. നേരത്തേ തന്നെ സ്വതന്ത്ര ജനാധിപത്യഇടങ്ങളായി കീർത്തിയുള്ളതും റേറ്റിംഗിൽ മുൻപന്തിയിലുള്ളതുമായ സർവകലാശാലകളിൽ രഹസ്യഅജണ്ടകൾക്കനുസരിച്ച് വി.സി.മാരെ നിയമിക്കുന്ന സാഹചര്യം നാം കണ്ടതാണ്. അവിടങ്ങളിലെ പുരോഗമന, ദളിത്, ന്യൂനപക്ഷവിഭാഗങ്ങളെ അടിച്ചൊതുക്കാൻ ശ്രമിച്ചതുമാണ്. അന്ധവിശ്വാസങ്ങളെ ശാസ്ത്രഗവേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന പരിഹാസ്യത യൂണിവേഴ്സിറ്റി കോഴ്സുകളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന രീതിയിൽ ഓട്ടോണമിയെന്നപേരിൽ കച്ചവട വിദ്യാഭ്യാസത്തെ വ്യാപകമാക്കുന്നു. സർവകലാശാലകൾക്കും കോളേജുകൾക്കും വ്യവസ്ഥാപിതമായ നിയമങ്ങൾക്കനുസരിച്ച് ഫണ്ട് അനുവദിക്കുന്ന ഏജൻസിയായ യു.ജി.സി. ഇല്ലാതാകുന്നതോടെ എല്ലാം കേന്ദ്രമന്ത്രിയുടെ നേരിട്ടുള്ള അധികാരത്തിൻ കീഴിലാവും. തങ്ങൾക്കിഷ്ടമുള്ള ആൾക്കാരെ ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ഉൾപ്പെടുത്തി കാവിവൽക്കരണ പ്രക്രിയ സജീവമാക്കാനാണ് നീക്കമെന്ന് സംശയിക്കാം. അടുത്ത ലോക്സഭാ ഇലക്ഷനിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന വസ്തുത തെളിഞ്ഞു വരുന്നതിനാൽ ഇനിയുള്ള മാസങ്ങൾക്കുള്ളിൽ പരമാവധി അജണ്ടകൾ നടപ്പിലാക്കലാണ് ലക്ഷ്യമെന്ന് കരുതാം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശമ്പളഘടനക്ക് ലഭിച്ചിരുന്ന പേര് തന്നെ യു.ജി.സി. ഇല്ലാതാകുന്നതോടെ എന്താവുമെന്നും ഭാവിയിൽ ആ രംഗത്തെ തൊഴിൽ സുരക്ഷിതത്വവും സേവന വേതന വ്യവസ്ഥകളും എങ്ങനെയാവുമെന്നും അധ്യാപകർക്കും ആശങ്ക നൽകുന്നുണ്ട്.

Spread the love
Read Also  മലയാളിയെന്ന ഇന്ത്യൻപൗരൻ ; ആർ സുരേഷ് കുമാർ എഴുതുന്നു