ഇന്ത്യന്‍ ചിത്രകലയിലെ വഴിത്തിരിവായ റാഡിക്കല്‍ പ്രസ്ഥാനത്തിലെ മുൻനിരയിലെ പ്രശസ്ത ചിത്രകാരനായ കെ. പ്രഭാകരന്‍ (70) അന്തരിച്ചു. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം.

1987- ല്‍ രൂപവത്ക്കരിച്ച റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്ച്ചേഴ്സ് അസോസിയേഷന്റെ മുഖ്യസംഘാടകരിൽ ഒരാൾ കൂടിയായ പ്രഭാകരന്‍ ഇന്ത്യയിലും വിദേശത്തെ പ്രമുഖ ഗ്യാലറികളിലും ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലും ബറോഡ എം എസ് യൂണിവേഴ്സിറ്റിയിലും ശാന്തിനികേതനിലും ചിത്രകല അഭ്യസിച്ച പ്രഭാകരന്‍ മൂന്നര പതിറ്റാണ്ടോളം വിവിധമാഗസിനുകളിൽ ചിത്രങ്ങൾ വരച്ചിരുന്നു. റാഡിക്കൽ പ്രസ്ഥാനത്തിലെ ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രശസ്ത ചിത്രകാരനായ വിവാൻ സുന്ദരം ക്യൂറേറ്ററായി ഉത്തരേന്ത്യയിൽ പ്രദർശിപ്പിച്ചപ്പോൾ പ്രഭാകരന്റെ ചിത്രങ്ങൾ ഏറെ അന്താരാഷ്ട്രപ്രശംസ നേടിയിരുന്നു. ജനീവയില്‍ ഏഴ് പ്രഗത്ഭ ഇന്ത്യന്‍ ചിത്രകാരന്മാരോടൊപ്പം നടത്തിയ ”ആലേഖ്യ ദര്‍ശന്‍ ‘ ചിത്രപ്രദര്‍ശനം ആഗോളതലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

റാഡിക്കൽ പെയിന്റേഴ്സ് പ്രസ്ഥാനത്തിലെ കെ പി കൃഷ്ണകുമാർ, അലക്സ് മാത്യു, സുരേന്ദ്രൻ നായർ, അനിതാ ദുബൈ തുടങ്ങിയവർ പ്രഭാകരന്റെ സമകാലികരാണ്. ചിത്രകലാരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട റാഡിക്കൽ അസോസിയേഷൻ പിൽക്കാലത്ത് വഴിപിരിഞ്ഞെങ്കിലും ഈ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ചിത്രകാരന്മാരുടെ വർക്കുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആർട്ട് ഗ്യാലറികളിൽ പ്രദർശിപ്പിക്കുകയും പല പ്രശസ്തരായ ചിത്രകലാനിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തിരുന്നു.

 ദില്ലി രബീന്ദ്ര ഭവൻ,  കേരള ലളിതകലാ അക്കാദമി, എന്നിവയുടെ നേതൃത്വത്തില്‍ നിരവധി തവണ ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. 1995 – ല്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് നേടി. 2000-ാമാണ്ടില്‍ മികച്ച ചിത്രകാരനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.

ചിത്രകലാരംഗത്ത് മൗലികതയുള്ള രചനകൾ സംഭാവന ചെയ്ത ചിത്രകാരനായിരുന്നു പ്രഭാകരൻ. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ബി.എ. ഇക്കണോമിക്‌സ് ആന്റ് ഹിസ്റ്ററി പാസ്സായി. തുടര്‍ന്ന് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ഉന്നതപഠനത്തിനെത്തിയെങ്കിലും ചരിത്രപ്രസിദ്ധമായ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് കോളേജിൽനിന്നും പുറത്തായി. തുടർന്ന് ബറോഡയില്‍ എം.എസ്. സര്‍വകലാശാലയില്‍ നിന്ന് പിന്നീട് ചിത്രകലയില്‍ ബിരുദാനന്തര ഡിപ്ലോമയും ബി.എ.യും എം.എ.യും കരസ്ഥമാക്കി.

പ്രശസ്ത ചിത്രകാരിയും ബംഗാള്‍ സ്വദേശിനിയുമായ കബിത മുഖോപാദ്ധ്യായയാണ് ഭാര്യ. കോഴിക്കോട് കണ്ണാടിക്കല്‍ കുന്നുമ്മേല്‍ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ ചിന്ത രവി സഹോദരനാണ്. മക്കള്‍: കന്നയ്യ , കബീര്‍ ,കൃഷ്ണ , നിരഞ്ജന.

പ്രഭാകരന്റെ ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് കോഴിക്കോട് കണ്ണാടിക്കല്‍ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം രാവിലെ 9.30ന് മാവൂര്‍ റോഡ് വൈദ്യുത ശ്മശാനത്തില്‍

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബാര്‍ത്തലോമെ എസ്തബാന്‍ മുറില്ലോയുടെ നാനൂറാം ജന്മവര്‍ഷം ഗൂഗിള്‍ ഡൂഡില്‍ ആദരം

LEAVE A REPLY

Please enter your comment!
Please enter your name here