പൂര്‍ണമായും ഹൈന്ദവമതാചാരപ്രകാരമുള്ള ചടങ്ങുകൾ മതേതരത്വ രാജ്യമായ ഇന്ത്യയിൽ ബിജെപി സർക്കാർ നടത്തും. എന്നാൽ ക്രിസ്ത്യൻ മുസ്ലിം മതാചാര ചടങ്ങുകൾക്ക് ബിജെപി സർക്കാർ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. മതപരമായ ചടങ്ങുകള്‍ വേണ്ടെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവനില്‍ ഇഫ്താര്‍ വിരുന്നും ക്രിസ്മസ് ആഘോഷവും ഒഴിവാക്കിയ മോദി സര്‍ക്കാര്‍ പക്ഷേ ഇന്നലെ ഫ്രാന്‍സില്‍ പോയി റാഫേല്‍ യുദ്ധവിമാനം സ്വന്തമാക്കിയത് തേങ്ങയുടച്ചും ശാസ്ത്ര പൂജ നടത്തിയും. ഹൈന്ദവമതാചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ റാഫേല്‍ യുദ്ധവിമാനം ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പെര്‍ളിയില്‍ നിന്ന് സ്വീകരിച്ചത്. വിമാനത്തില്‍ ‘ഓം’ എന്നെഴുതിയ രാജ്‌നാഥ് സിങ് തേങ്ങയും ചെറുനാരങ്ങയും മറ്റും വിമാനത്തിനു മുകളില്‍ വച്ച് പൂജ നടത്തുകയായിരുന്നു.

ഇന്ത്യന്‍ വായുസേനാ ദിനവും വിജയദശമി ദിനവും ഒത്തുവന്ന ചൊവ്വാഴ്ചയാണ് ഫ്രാന്‍സിലെ ദസോള്‍ട്ട് എവിയേഷന്‍ നിര്‍മ്മിച്ച റഫാല്‍ വിമാനം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ദിവസമെന്നതും ചര്‍ച്ചയായിട്ടുണ്ട്. 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് കരാര്‍പ്രകാരം ഫ്രാന്‍സ് ഇന്ത്യയ്ക്ക് നിര്‍മ്മിച്ചു നല്‍കേണ്ടത്. അതില്‍ ആദ്യ വിമാനത്തിന്റെ കൈമാറ്റമാണ് ഇന്നലെ നടന്നത്.

2014ല്‍ നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം തന്റെ ഔദ്യോഗികവസതിയില്‍ അദ്ദേഹം ഇതുവരെ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിട്ടില്ല. പിന്നാലെ രണ്ടുവര്‍ഷം മുന്‍പ് രാഷ്ട്രപതിഭവനിലെത്തിയ രാംനാഥ് കോവിന്ദും ഇഫ്താര്‍, ക്രിസ്മസ് ചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മതേതരരാജ്യമായ ഇന്ത്യയുടെ മുഖമാണ് രാഷ്ട്രപതി ഭവനെന്നും അവിടെ ഏതെങ്കിലുമൊരു മതത്തിന്റെ ആഘോഷങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതിയുടെ മാധ്യമ വിഭാഗം സെക്രട്ടറി അശോക് മല്ലിക് പ്രതികരിച്ചത്.

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷം ക്രിസ്തുമസ് ആഘോഷവവും അദ്ദേഹം വേണ്ടെന്നുവച്ചിരുന്നു. മതപരമായ ചടങ്ങുകള്‍ രാഷ്ട്രപതിഭവനില്‍ വേണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്രിസ്തുമസ് ആഘോഷവും അദ്ദേഹത്തിന്റെ ഓഫിസ് ഒഴിവാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴോ പിന്നീട് പ്രധാനമന്ത്രിയായിരിക്കുമ്പോഴോ നരേന്ദ്രമോദി ഇതുവരെ ഒരൊറ്റ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുയോ പങ്കെടുക്കുകയോ ചെയ്തട്ടില്ല.

മോദി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷക്കാലത്ത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നുവെങ്കിലും ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും ബഹിഷ്‌കരിക്കുകയായിരുന്നു. 2014ലും 15ലും നാമമാത്ര സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും 2016ലാണ് പ്രണബിന്റെ ഇഫ്താര്‍ വിരുന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും പൂര്‍ണമായി ബഹിഷ്‌കരിച്ചത്. നേരത്തെ ബി.ജെ.പി പിന്തുണയോടെ വിജയിച്ച എ.പി.ജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായപ്പോഴും രാഷ്ട്രപതിഭവനില്‍ ഇഫ്താര്‍ വിരുന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ അതിനു ശേഷം പ്രതിഭാപാട്ടീലും പ്രണബ് മുഖര്‍ജിയും ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുകയുണ്ടായി.

റാഫേല്‍ യുദ്ധവിമാനം ഏറ്റുവാങ്ങിയശേഷം ഫ്രാന്‍സില്‍ ആയുധപൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ വിമർശിച്ചു കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുമ്പോഴും ഇത്തരം ഇടപാടുകൾ നടന്നിരുന്നു. ബോഫേഴ്‌സ് തോക്കുകൾ സ്വീകരിക്കാൻ ആരും പോയിരുന്നില്ല. ഇത്തരം നാടകങ്ങൾ വേണ്ടിയിരുന്നില്ലെന്നും വിമാനത്തിന്റെ മേന്മ വ്യോമസേനയാണ് വിലയിരുത്തേണ്ടതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.

Read Also  റാഫേൽ വിമാന അഴിമതി; റിലയൻസിനെ പങ്കാളിയാക്കാൻ നിർദ്ദേശിച്ചത് ഇന്ത്യ

കോൺഗ്രസിന്റെ വിമർശനത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. കോൺഗ്രസ് ഇന്ത്യൻ പാരമ്പര്യത്തിന് എതിരാണെന്ന് അമിത് ഷാ പറഞ്ഞു. പാരമ്പര്യം അനുസരിച്ചാണ് പ്രതിരോധ മന്ത്രി പൂജ നടത്തിയത്. ഇത് കോൺഗ്രസിന് ഇഷ്ടപ്പെട്ടിട്ടില്ല. വിജയദശമി ദിനത്തിൽ ആയുധപൂജ തെറ്റാണോയെന്നും ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ ചോദിച്ചു. ആദ്യ റാഫേല്‍ യുദ്ധവിമാനം ഫ്രാന്‍സില്‍നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷാ അഭിനന്ദിച്ചു. റാഫേല്‍ വിമാനം ഏറ്റുവാങ്ങുന്ന ചടങ്ങിനിടെ പ്രതിരോധമന്ത്രി ഫ്രാന്‍സില്‍ ആയുധപൂജ നടത്തി. അതിനെയാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. വിജയദശമി ദിനത്തില്‍ ആയുധപൂജ നടത്താറില്ലേ?, വിമര്‍ശിക്കേണ്ടതും വിമര്‍ശിക്കാന്‍ പാടില്ലാത്തതും എന്തിനെയൊക്കെയാണെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാൻസിലെ മെറിഗ്‌നാക്കിലുള്ള ദസോൾട്ട് ഏവിയേഷനിലെത്തിയാണ് റാഫേല്‍ വിമാനം ഏറ്റുവാങ്ങിയത്. റാഫേല്‍ വിമാനം ഇന്ത്യയുടെ വ്യോമാധിപത്യം വർധിപ്പിക്കുമെന്ന് ചടങ്ങിൽ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് ഈ സന്ദർശനം കാരണമാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ സന്ദർശിച്ചശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.

2016 സെപ്റ്റംബറിലാണ് 36 റഫാൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ടത്. 59,000 കോടി രൂപയുടേതാണ് പദ്ധതി. റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് 2020 മെയോട് കൂടെ ഇന്ത്യയിലെത്തും. 2022 സെപ്റ്റംബറോടെ 36 യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന പോർവിമാനമാണ് റാഫേല്‍. 2016ൽ ഫ്രാൻസും ഇന്ത്യയും തമ്മിലൊപ്പിട്ട കരാറിൽ വ്യാപക ക്രമക്കേടുകളുണ്ടെന്ന ആരോപണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഭരണ – പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള പോരിനു വഴിവച്ചിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here