Saturday, January 29

മോദിയുടെ നിർബന്ധം മൂലം വിമാനവില കൂട്ടിയെന്ന് റഫാൽ വെളിപ്പെടുത്തൽ

വിമാന ഇടപാടിലെ അഴിമതിയുടെ പുതിയ വെളിപ്പെടുത്തലുമായി റഫാൽ രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ ഓഫീസോ പ്രതിരോധ മന്ത്രാലയമോ ഇതുവരെ വിമാനത്തിൻ്റെ വില വെളിപ്പെടുത്താത്തതിൻ്റെ പിന്നിലെ ഒളിച്ചുകളിയാണു ഇന്ന് വിമാന ഇടപാടിൻ്റെ കണക്കുകൾ സഹിതം ഒരു ദേശീയമാധ്യമം പുറത്തുവിട്ടത്.

നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നതിൻ്റെ അത്രയും എണ്ണം വിമാനങ്ങൾ വാങ്ങാത്തതിനാലാണു റഫാൽ യുദ്ധവിമാനങ്ങൾക്കു വില കൂടിയതെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.  യുപിഎ സർക്കാർ 126 വിമാനങ്ങൾ വാങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ നേരിട്ടുപോയി നടത്തിയ ഇടപാടിൽ വിമാനങ്ങൾ 36 ആയി കുറച്ചു. ഇതാണ് വിമാനവിലയിൽ 41.42 ശതമാനം വർധനയുണ്ടാക്കിയതെന്ന് വാർത്തയിൽ വെളിപ്പെടുത്തുന്നു.

പ്രധാനമന്ത്രി മോദിയുടെ കരാറിൽ യു പി എ തീരുമാനത്തിൽനിന്നു വ്യത്യസ്തമായി 36 വിമാനങ്ങൾ വാങ്ങാനായിരുന്നു തീരുമാനിച്ചത്. ഇതോടെ രൂപകൽപനയ്ക്കും നിർമാണത്തിനുമായി കണക്കാക്കിയ ചെലവുതുക 2007ൽ ഒരു വിമാനത്തിന് 11.11 ദശലക്ഷം യൂറോ ആയിരുന്നത് 2016 ൽ 36.11 ദശലക്ഷം യൂറോയിലേക്ക് ഉയർന്നു. 126 വിമാനങ്ങളുടെ അതേ ചെലവുതുകയാണ് 36 എണ്ണത്തിനും ഈടാക്കിയതെന്നാണു സൂചന. ഇത്രയും വലിയ തുക നൽകുന്നതിനെ ഏഴംഗ ഉന്നത സമിതിയിലെ മൂന്ന് ഉന്നത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ വിസമ്മതം പ്രകടിപ്പിച്ചു. പക്ഷെ ഭൂരിപക്ഷം പിന്തുണച്ചതോടെ ഈ തീരുമാനത്തിന് അനുമതിയായി.

നമ്മുടെ രാജ്യത്തിനു അനുയോജ്യമായ വ്യത്യാസത്തോടെ (ഇന്ത്യ സ്പെസിഫിക് എൻഹാൻസ്മെന്റ്–ഐഎസ്ഇ) വരുത്തി 13 വിമാനങ്ങൾ നൽകാമെന്നും മോദിയുടെ കരാറിലുണ്ടായിരുന്നു. ഇതാണ് വില കൂടാനുള്ള മറ്റൊരു കാരണം. പാർലമെൻ്റിൻ്റെ ഇരുസഭകളിലും വലിയ വിവാദങ്ങളുണ്ടായിട്ടും റഫാൽ വിമാനങ്ങളുടെ വില എൻഡിഎ സർക്കാർ പരസ്യമാക്കാൻ തയ്യാറായില്ല. ഫ്രാൻസുമായുള്ള കരാറിലെ വ്യവസ്ഥകളനുസരിച്ചാണു വില ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവിടാത്തതെന്നാണു സർക്കാരിന്റെ വാദം. എന്നാൽ വിമാനവില പുറത്തുവിടുന്നതിൽ നിയന്ത്രണമില്ലെന്നു ഫ്രാൻസ് ചൂണ്ടിക്കാട്ടുന്നു. 126 വിമാനങ്ങളിൽ 18 എണ്ണം പൂർണസജ്ജമായ നിലയിലും ബാക്കി 108 എണ്ണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിർമിക്കാനുമായിരുന്നു മുൻ ധാരണ.

മൻമോഹൻ സിങിൻ്റെ ഭരണകാലത്ത് ഒരു വിമാനത്തിന്റെ വില 79.3 ദശലക്ഷം യൂറോ ആയിരുന്നു. 2011ൽ വില 100.85 ദശലക്ഷം യൂറോയിലേക്ക് ഉയർന്നു. 2016ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പഴയ വിലയിൽ ഒൻപതു ശതമാനം ഇളവ് നൽകാമെന്നു ഫ്രാൻസ് അറിയിച്ചു. ഇതനുസരിച്ച് വിമാനമൊന്നിന്റെ വില 91.75 ദശലക്ഷം യൂറോ. അതേസമയം, 13 ‘ഇന്ത്യൻ വിമാന’ങ്ങളുടേതടക്കം രൂപകൽപനയ്ക്കും നിർമാണത്തിനുമായി 1.4 ബില്യൻ യൂറോ നൽകണമെന്നു വിമാന നിർമാണ കമ്പനിയായ ഡാസോ അറിയിച്ചു. പിന്നീടുണ്ടായ  ചർച്ചയിൽ  ഈ തുക 1.3 ബില്യൻ യൂറോയായി കുറഞ്ഞു.

.

 

 

Spread the love
Read Also  ലോക് ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വാർത്ത

1 Comment

Leave a Reply