Wednesday, July 8

കുട്ടികളെ ഉപയോഗിച്ചുള്ള രഹ്‌നയുടെ ശരീരരാഷ്ട്രീയവ്യവഹാരം കലാപ്രവർത്തനമോ ; രഘുനന്ദനൻ എഴുതുന്നു

രഘുനന്ദനൻ

 

What  spirit is so empty and blind, that it cannot recognize the fact that the foot is more noble than the shoe, and skin more beautiful than the garment with which it is clothed?

നഗ്നതയെക്കുറിച്ചുള്ള കലാപരമായ ചിന്തയിൽ തെളിയുന്നത് ഈ വാക്കുകളാണ്. മൈക്കലാഞ്ചലോയുടെ നിരീക്ഷണം. മനുഷ്യൻ്റെ സാമൂഹിക ജീവിതമാണ് പ്രാഥമികമായി വസ്ത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നത്. സ്വകാര്യതയുടെ ഇടങ്ങളിൽ വസ്ത്രമെന്ന ഭൗതിക വസ്തുവിന് അത്ര മാത്രം പ്രാധാന്യമുണ്ടെന്ന് കരുതാൻ കഴിയില്ല.

അതു കൊണ്ട് തന്നെ ഒരാൾ പൊതു സമൂഹത്തിൽ ഇടപെടേണ്ട തെങ്ങനെയെന്നതിനെപ്പറ്റിയുള്ള വിലയിരുത്തലിൽ വസ്ത്രത്തിന് പ്രാധാന്യമുണ്ട്. ഒരാൾ വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന ചിന്ത അവിടെ നിൽക്കട്ടെ.

ന്യൂഡിറ്റി പൊതു സമൂഹവുമായി ബന്ധപ്പെട്ടു നിൽക്കുന്നത് പ്രധാനമായും മൂന്ന് തരത്തിലാണ് കലയുടെ രൂപത്തിൽ അശ്ലീലതയുടെ ലൈംഗികപ്രദർശനമായി പിന്നെ പഠനാവശ്യങ്ങൾക്ക്. ഈ മൂന്ന് പ്രദർശനങ്ങൾക്കും അതിൻ്റേതായ വ്യത്യസ്തത കാഴ്ചക്കാരിൽ നിർമ്മിക്കാൻ കഴിയും.
നമ്മുടെ ഖജുരാഹോ യിലും പാശ്ചാത്യ കലാ പരമ്പര്യത്തിലും തുടർന്ന് വന്ന ചിത്രരചനകളിലും ഒടുവിൽ പുതിയ കാലത്തിലെത്തി നിൽക്കുന്ന ന്യൂഡിറ്റിയുടെ ഫോട്ടോ ഗ്രാഫിക്ക് പരിപ്രേക്ഷ്യത്തിലും ആസ്വാദനത്തിൻ്റെ തലം വ്യത്യസ്തമാണ്. ആൺ പെൺ നഗ്നത ഒരു പോലെ ആസ്വദിക്കപ്പെടുന്ന ഒരു സൗന്ദര്യത്മക അവസ്ഥ അവിടെയുണ്ട്. അത് ഒരു തരത്തിലും പ്രകടനപരതയുടെ വായനയിൽ പെടില്ല. കലയിലെ നഗ്നതയെ ലൈംഗികതയുമായി താരതമ്യപ്പെടുത്തരുത്. പൊതുവേ നമ്മൾ അനുവർത്തിക്കുന്ന ശീലമാണിത്. അത് കുട്ടികളിൽ നിന്നും അകറ്റി നിർത്തേണ്ടതെന്ന കാഴ്ചപ്പാടും ഇതിൻ്റെ അനുബന്ധമായി ചേർക്കാവുന്നതാണ്.’

എന്നാൽ പോണോഗ്രാഫിയും നഗ്നതയുടെ സൗന്ദര്യവും വ്യത്യസ്തമാണ്. സംവേദന തലത്തിലും അവതരണത്തിലും. ഈ വ്യത്യസ്തത തന്നെയാണ് പോണോഗ്രാഫിയെ ഒരു കലാ പ്രവർത്തനം അല്ലാതാക്കി തീർക്കുന്നതും.

പെണ്ണുടലിൻ്റെ ആസ്വാദനമാണ് ശരീരസൗന്ദര്യ ആസ്വാദനത്തിൽ മുന്നിട്ട് നിൽക്കുന്നത്.


രണ്ട് ദിവസങ്ങളായി നവ മാധ്യമങ്ങൾ ചർച്ചയ്ക്ക് വയ്ക്കുന്നത് ഇത്തരം ഒരു ചിന്തയാണ്. ഒരു സ്ത്രീ തൻ്റെ നഗ്നമായ ഉരോ ഭാഗത്ത് സ്വന്തം മകനെ ക്കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുന്ന ഒരു വീഡിയോ പങ്കു വയ്കുന്നു. അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പൊടുന്നനവേ ഉണ്ടാകുന്ന അവസ്ഥ. തികച്ചും പൊള്ളയായ വാദഗതി മുതൽ കൃത്യമായ സൗന്ദര്യാത്മക വിലയിരുത്തൽ വരെ അതിലുണ്ടാകുന്നു.

കേരള സമൂഹത്തിൽ എന്ത് പൊതുചർച്ചയുണ്ടായാലും ഒരു വിഭാഗം അത് വ്യക്തിപരമായ അവസ്ഥകളിലേക്ക് ആരോപിക്കാറുണ്ട്. യുവതികളുടെ ശബരിമല പ്രവേശനമുണ്ടായപ്പോഴും ചുംബന സമരമുണ്ടായപ്പേഴും ഇപ്പോൾ വാര്യം കുന്നത്ത് ഹാജിയായി അഭിനയിക്കാൻ ഒരു നടൻ തയ്യാറായപ്പോഴും ഈ വാദഗതിക്കാർ ഉണർന്നു പ്രവർത്തിച്ചു. ഈ അവസ്ഥ നിങ്ങളുടെ വീട്ടിലുള്ളവർ ചെയ്താൽ എന്നൊക്കെയുള്ള നിർഗുണ ആരോപണങ്ങൾ.

Read Also  വർഗ്ഗീയത ഉണ്ടാക്കാനാണു സി പി എം രഹ്ന ഫാത്തിമയെ പടച്ചുവിട്ടതെന്ന് കെ പി എ മജീദ്

രഹ്ന ഫാത്തിമയിലേക്ക് തന്നെ എത്താം. കേരള സമൂഹത്തിൽ രഹ്നയുടെ ദൃശ്യങ്ങൾ നിലനിൽക്കുന്നത് സദാചാര ബോധത്തെ വെല്ലുവിളിച്ചു കൊണ്ട് തന്നെയാണ് എന്നാണ് അവർ കരുതുന്നത്.

 


എന്നാൽ മറ്റ് ചില കാര്യങ്ങളാണ് അതിൽ ശ്രദ്ധേയമാകുന്നത്. ഒന്ന് ഒരു ചിത്രകാരൻ എന്ന നിലയ്ക്ക് രഹ്നയുടെ മകൻ ഒരിക്കലും അമ്മയുടെ നഗ്നതയും അതിലുള്ള ചിത്രപ്പണികളെയും പറ്റി ചിന്തിക്കാൻ സാധ്യതയില്ല. ആ നിലയ്ക് രഹ്നയോ അവരുടെ പാർട്ട്ണറോ കുട്ടിയെ അതിലേക്ക് നയിക്കുന്നു. ബോഡി റ്റാറ്റു ഇന്ന് വളരെ വിപുലമായ ഒരു കലാപരിപാടി തന്നെയാണ്. പക്ഷേ അതിൽ ഒരു തൊഴിലിൻ്റെ വ്യാഖ്യാനമുണ്ട്. അത്തരത്തിലുള്ള അവസ്ഥയിലും കുട്ടി എത്തുന്നില്ല. മാതൃത്വത്തിൻ്റെ സുശീല ഭാവങ്ങൾ ഒഴിവാക്കി നിർത്തി ഒന്ന് ചർച്ച ചെയ്താൽ പോലും ഇത്തരം ഒരു തുടർ പ്രവർത്തനം കുട്ടി മറ്റ് പെൺ ശരീരങ്ങളിൽ ആഗ്രഹിച്ചാൽ , ആ ചോദന ലൈംഗികതയുമായി ബന്ധപ്പെട്ടതല്ലെങ്കിൽ കൂടിയും അതിനു സാധ്യത കൂടുതലാണ്. വളരെ കരുതൽ ആ കുട്ടിയുടെ കാര്യത്തിൽ ആവശ്യമായി വരുന്നു.

ഇതിലും ഗുരുതരമായ മറ്റൊന്ന് ഈ വ്യക്തിപരമായ വിഷ്വൽ പൊതുസമൂഹത്തിൽ പങ്കുവച്ചതാണ്. അത് വേറിട്ടുള്ള ചിന്തയല്ല. ഷോവനിസം തന്നെയാണ്. ഇനി മറ്റൊന്ന് എന്തുകൊണ്ട് വരയ്ക്കാൻ പെണ്ണുടൽ തന്നെ തിരഞ്ഞെടുക്കുന്നു. ഇതൊക്കെ തന്നെയാണ് ഇതൊരു കലാപരതയ്ക്കപ്പുറം അശ്ലീലമായി മാറുന്നത്.

ന്യൂഡിറ്റി സൗന്ദര്യമായി മാറുന്നത് അതിൻ്റെ ദൃശ്യവൽക്കരണത്തിലെ ഭംഗിയോ പുതുമയോ കൊണ്ടാണ്. രതി ശില്പങ്ങളും റോമൻ പ്രതിമകളും ഇങ്ങത്തലയ്ക്കൽ നടി കസ്തൂരിയുടെ ഫോട്ടോ ഷൂട്ടിലും കലാകാരൻ്റെ കയ്യൊപ്പോ പ്രൊഫഷണലിസമോ ഉണ്ട്. അതൊന്നും തന്നെ രഹ്ന പങ്കുവച്ച ദൃശ്യത്തിൽ എത്ര സൂക്ഷ്മമായി നിരീക്ഷിച്ചാൽ പോലും കണ്ടെത്താൻ പ്രയാസമാണ്. വെല്ലുവിളിക്കാൻ ഈ ദൃശ്യങ്ങൾ വഴിത്തിരിവല്ല. ചില വഴിതെറ്റിക്കൽ മാത്രമാണ്.

 

* ഉള്ളടക്കം പ്രതിപക്ഷത്തിന്റെ നിലപാടല്ല, ലേഖകന്റേതു മാത്രമാണ്

Spread the love

Leave a Reply