Thursday, January 20

രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ; ഇത്തവണയും നിരാഹാരം കൊണ്ട് രക്ഷപ്പെടുമോ?

പ്രമുഖ ഹിന്ദുത്വ നേതാവ് രാഹുൽ ഈശ്വറിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന വിവാദ പരാമർശവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനത്തെ റദ്ദ് ചെയ്ത സുപ്രീം കോടതി വിധിയെ എതിർക്കുന്നതിനായി 20 പേരോളം എന്തിനും തയ്യാറായി സന്നിധാനത്ത് ഉണ്ടായിരുന്നതായും ഏതെങ്കിലും സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ പ്ലാൻ ബി പ്രകാരം സന്നിധാനത്ത് രക്തം വീഴ്ത്തി സന്നിധാനത്തെ അശുദ്ധമാക്കാൻ പദ്ധതി ഇട്ടിരുന്നതായുള്ള വെളിപ്പെടുത്തൽ ആണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്യാൻ കാരണം ആയിരിക്കുന്നത്.

സന്നിധാനത്ത് മലമോ മൂത്രമോ രക്തമോ വീണാൽ സന്നിധാനം അശുദ്ധമാകുമെന്നും അപ്രകാരം അശുദ്ധമായാൽ നടയടച്ചിടാൻ തന്ത്രിയ്ക്ക് ആരുടേയും അനുവാദം വേണ്ടെന്നും മൂന്ന് ദിവസം കഴിഞ്ഞു പരിഹാര ക്രീയകൾക്ക് ശേഷം മാത്രമെ നട തുറന്നാൽ മതിയെന്നും രാഹുൽ വെളിപ്പെടുത്തിയിരുന്നു. കേസ് എടുക്കുമെന്ന ഘട്ടമായപ്പോൾ തന്റെ പ്രസ്താവനയെ തെറ്റായി വ്യഖ്യാനിച്ചതാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞെങ്കിലും തിരുവനന്തപുരം സ്വദേശി പ്രമോദ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ വിദഗ്ദോപദേശം ലഭിച്ച പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്​ രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്​.

രാഹുലിന്റെ പരാമർശത്തിനെതിരെ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് തടസ്സം നിന്നതിന്റെ പേരിൽ മുൻപ് രാഹുലിനെ അറസ്റ്റ് ചെയ്‌തെങ്കിലും ജയിലിൽ ഉൾപ്പടെ നിരാഹാര സമരം നടത്തുകയായിരുന്നു രാഹുൽ. ഇത്തവണ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന രാഹുൽ ഈശ്വർ നിരാഹാരം കിടന്ന് ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് പുറത്തിറങ്ങുമോ എന്നാണ് ഇനി കാണേണ്ടത്.

Spread the love
Read Also  ശബരിമലയില്‍ സ്ത്രീകളെ ഹെലികോപ്റ്ററിലെത്തിക്കാന്‍ നീക്കം

Leave a Reply