Wednesday, January 19

ഗബ്ബാര്‍ സിങ് ടാക്സ് (ജി എസ് റ്റി) ഒഴിവാക്കും, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളും – രാഹുല്‍ ഗാന്ധി

നവംബറില്‍ നടക്കാന്‍ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ രാഹുല്‍ ഗാന്ധി പെരുമ്പറ മുഴക്കിത്തുടങ്ങി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭോപ്പാലില്‍ ദസ്സറ ബി എച്ച് ഇ എല്‍ മൈതാനത്ത് കൂടിച്ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

യോഗത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ രാഹുല്‍ ആഞ്ഞടിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറോട് ഉപമിച്ചാണ് രാഹുല്‍ ഗാന്ധി ചൗഹാനെ കളിയാക്കിയത്. സച്ചിന്‍ റണ്‍ കൂട്ടല്‍യന്ത്രമായിരുന്നെങ്കില്‍ ചൗഹാന്‍ പ്രഖ്യാപന കൂട്ടല്‍യന്ത്രമാണെന്നാണ് രാഹുലിന്‍റെ പരിഹാസം.

സച്ചിനെ റണ്‍ കൂട്ടല്‍ യന്ത്രമായാണ് അറിയപ്പെടുന്നത്. സച്ചിന്‍ കളിക്കളത്തില്‍ ഇറങ്ങിയാല്‍ 50, 60, 100 എന്നിങ്ങനെ റണ്ണുകള്‍ നേടുമെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ ശിവരാജ് സിങ് ചൗഹാന്‍ ഒരു പ്രഖ്യാപന യന്ത്രമാണ്. ഭരണത്തില്‍ പ്രഖ്യാപനങ്ങളുടെ എണ്ണം കൂട്ടുകയാണ് അദ്ദേഹം. 21,000 പ്രഖ്യാപനങ്ങള്‍ നടത്തിയ ചൗഹാന്‍ മധ്യപ്രദേശിനെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പിന്നിലാക്കി. സംസ്ഥാനം അഴിമതി, സ്ത്രീ വിരുദ്ധത, ബലാത്സംഗം, പോഷകാഹാരക്കുറവ് മുതലായവയില്‍ ഏറ്റവും മുന്നിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്തെ മാത്രമല്ല, കേന്ദ്രഭരണത്തിലും കോണ്‍ഗ്രസ് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ രാഹുല്‍ പ്രഖ്യാപിക്കുകയുണ്ടായി. 2019ല്‍ കോണ്‍ഗ്രസ് കേന്ദ്രാധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ചരക്കു സേവന നികുതി എടുത്തുകളഞ്ഞ് പുതിയ ചരക്കു സേവന നികുതി പ്രാബല്യത്തിലാക്കുമെന്നാണ് രാഹുലിന്‍റെ പ്രസ്താവന. അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശില്‍ മാത്രമല്ല, കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷികകടങ്ങളും എഴുതിത്തള്ളുമെന്നാണ് രാഹുലിന്‍റെ വാഗ്ദാനം.

നോട്ടു നിരോധനത്തിലും രാഹുല്‍ നരേന്ദ്ര മോദിയെ കടന്നാക്രമിക്കുന്നു. കള്ളന്മാര്‍ കള്ളപ്പണം വെളുപ്പിച്ച ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം എന്നാണ് രാഹുലിന്‍റെ അഭിപ്രായം. പിന്നാലെ വന്ന ഗബ്ബാര്‍ സിങ് ടാക്സി (ജി എസ് റ്റി)ലൂടെയും മോദി പാവപ്പെട്ടവരുടെ പോക്കറ്റിലെ പണം വന്‍വ്യവസായികളുടെ  പോക്കറ്റിലെത്തിക്കുകയായിരുന്നു. 2019ല്‍ അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ഈ ഗബ്ബാര്‍ സിങ് ടാക്സ് ഒഴിവാക്കി പുതിയ ജി എസ് റ്റി കൊണ്ടു വരുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്യുന്നു.

 

Spread the love

Leave a Reply