Saturday, January 29

പോടില്‍ കുടുങ്ങിയ കുരങ്ങുകള്‍ അല്ലെങ്കില്‍ കാള പെറ്റെന്ന് കേട്ട് കയറെടുത്തു; ഇങ്ക്വിലാബില്‍ കുടുങ്ങി നരേന്ദ്രമോഡിയും നിര്‍മ്മല സീതാരാമനും

മരം അറപ്പുകാര്‍ അറത്തുകൊണ്ടിരുന്ന തടിയില്‍ അറക്കവാള്‍ ഉറച്ചു പോകാതിരിക്കാന്‍ തടിയുടെ വിടവില്‍ ആപ്പു വെച്ചിട്ട് ഊണു കഴിക്കാന്‍ പോയ അവസരത്തില്‍ തടിയില്‍ കയറി ആപ്പ് വലിച്ചൂരി വാല്‍ തടിയ്ക്കിടയില്‍ കുടുങ്ങിപ്പോയ കുരങ്ങന്‍റെ രസകരമായ ഒരു പഴയ നാടോടികഥയുണ്ട്. ആ അവസ്ഥയിലാണ് ആല്ലെങ്കില്‍ കാള പെറ്റെന്ന് കേട്ട് കയറെടുത്ത പഴഞ്ചൊല്ലിന്‍റെ അവസ്ഥയിലാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും.

ഇങ്ക്വിലാബ് റിപ്പോര്‍ട്ട്

ജൂലൈ പതിനൊന്നിന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി മുസ്ലീം ബുദ്ധിജീവികളുമായി തന്‍റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയെ ന്യൂനപക്ഷപ്രീണനത്തിന്‍റെ ഭാഗമായാണ് ബി.ജെ.പി. പരിഗണിച്ചത്. പക്ഷെ, കാര്യങ്ങള്‍ അവിടെ അവസാനിച്ചില്ല. ആ മീറ്റിംഗില്‍ കോണ്‍ഗ്രസ് ഒരു മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതായി ഉര്‍ദു ദിനപ്പത്രം ഇങ്ക്വിലാബ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇങ്ക്വിലാബ് മാത്രമാണ് രാഹുല്‍ അങ്ങനെ പറഞ്ഞതായി കേട്ടത്. ആ മീറ്റിംഗില്‍ ഇങ്ക്വിലാബിന്‍റെ ഒരു റിപ്പോര്‍ട്ടറും പങ്കെടുത്തിരുന്നില്ല. ബി.ജെ.പി. പ്രീണനത്തിനായി ഇങ്കിലാബ് കൊടുത്ത വാര്‍ത്തയില്‍ സ്വാഭാവികമായും നേതാക്കള്‍ കെണിയുകയായിരുന്നു.

അതൊരു അനൗപചാരിക കൂടിക്കാഴ്ച ആയിരുന്നുവെന്നും പ്രത്യേക അജണ്ട പ്രകാരമുള്ളത് ആയിരുന്നില്ലെന്നും മീറ്റിംഗില്‍ പങ്കെടുത്തവര്‍ വെളിവാക്കിയതാണ് ഇപ്പോള്‍ മന്ത്രിമാരെ കുടുക്കിയിരിക്കുന്നത്.

അഡ്വക്കേറ്റ് ഇസഡ്.കെ.ഫൈസാന്‍

മീറ്റിംഗില്‍ പങ്കെടുത്ത അഡ്വക്കേറ്റ് ഇസഡ്.കെ.ഫൈസാന്‍ ദി വയറിന് നല്കിയ ടെലഫോണ്‍ സംഭാഷണത്തില്‍ മീറ്റിംഗിനെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്. മീറ്റിംഗിന് ഒരു ദിവസം മുമ്പ് ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാന്‍ നദീം ജാവേദില്‍ നിന്ന് ക്ഷണം ലഭിക്കുകയായിരുന്നു. അതൊരു അനൗപചാരിക മീറ്റിംഗായിരുന്നു. രണ്ടു മണിക്കൂര്‍ മാത്രമുണ്ടായിരുന്ന ആ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയില്‍ പങ്കെടുത്ത പലരുമായും ബന്ധപ്പെട്ട ദ വയറിന് കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇങ്ക്വിലാബ് പ്രസ്താവന എല്ലാവരും നിരസിച്ചു. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഒരാള്‍ തന്ന ചര്‍ച്ചയുടെ യഥാര്‍ത്ഥ രൂപം ഇങ്ങനെയാണ്.

പങ്കെടുത്തയാള്‍: കാലങ്ങളായി കോണ്‍ഗ്രസ് മുസ്ലീം സമുദായത്തിന് സ്വീകരിക്കാവുന്ന ദേശീയ മതേതര രാഷ്ട്രീയമായിരുന്നു. പക്ഷെ, ഇപ്പോള്‍ അവസ്ഥകള്‍ മാറി മറിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് വോട്ടു ചെയ്യാവുന്ന നിരവധി പ്രാദേശിക പാര്‍ട്ടികള്‍ വന്നു.

രാഹുലിന്‍റെ മറുപടി: കോണ്‍ഗ്രസ് ഇപ്പോഴും അധസ്ഥിതവര്‍ഗ്ഗത്തിനൊപ്പമാണ്. ഞങ്ങള്‍ ജനതയെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്നില്ല. കോണ്‍ഗ്രസ് എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ള പാര്‍ട്ടിയാണ്. മതപരമായി പരിഗണിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ദളിതുകളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പാര്‍ട്ടി എന്നപോലെ മുസ്ലീങ്ങളുടെയും കൂടി പാര്‍ട്ടിയാണ്.

കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരില്‍ നിന്നും ലഭ്യമായ അറിവു വെച്ച് അവിടെ സാധാരണ ചര്‍ച്ച ചെയ്യാറുള്ള കാര്യങ്ങളാണ് സംസാരിച്ചത്. അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയെയും ഉര്‍ദു ഭാഷയെയും സംബന്ധിച്ച വിഷയങ്ങള്‍, ആള്‍ ഇന്ത്യാ മുസ്ലീം വ്യക്തിഗതനിയമസമിതിയുടെ നിലപാടുകള്‍ മുതലായവയായിരുന്നു സംസാരവിഷയം എന്നാണ് കൂടിക്കാഴ്ചയുടെ പിറ്റേന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാന്‍ കഴിയുമെന്നറിഞ്ഞാല്‍ കൊള്ളാം എന്നായിരുന്നു രാഹുലിന്‍റെ മറുപടി എന്നാണ് അറിയാന്‍ കഴിയുന്നത്.

പ്രൊഫസര്‍ സെയ്ദ് ഇര്‍ഫാന്‍ ഹബീബ്

താന്‍ മനസ്സിലാക്കിയിടത്തോളം കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പ്രശ്നം മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ പ്രശ്നങ്ങളാണ് ഉയര്‍ത്തേണ്ടത്. നയങ്ങള്‍, തൊഴില്‍മേഖല, ഇന്ത്യയിലെ ജനങ്ങളെ ബാധിച്ചിരിക്കുന്ന ഭീതികള്‍ (ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല, ദളിതുകളുടേതുമാണ്) ഇവയെക്കുറിച്ചെല്ലാം കോണ്‍ഗ്രസ് പറയണം എന്നാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ചരിത്രകാരന്‍ സെയ്ദ് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞത്.

ഇത്തരം ചര്‍ച്ചകളെയായിരുന്നു രാഹുലിന്‍റെ മുസ്ലീം ബുദ്ധിജീവി കൂടിക്കാഴ്ചയുടെ ഏഴയലത്തു പോലും പോയിട്ടില്ലാത്ത ദൈനിക ജാഗരണ്‍ ഗ്രൂപ്പ് നടത്തുന്ന ഇങ്കിലാബ് പത്രത്തിന്, കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞെന്ന വാര്‍ത്ത കിട്ടിയത്.

കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന പ്രസ്താവനയ്ക്ക് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നായിരുന്നു ഇതേപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതികരണം. എന്നാല്‍ ഇങ്ക്വിലാബ് പത്രവാര്‍ത്ത കണ്ട് തിമിരം ബാധിച്ച പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഹാലിളകുകയായിരുന്നു. അതിന്‍റെ പേരില്‍ അവര്‍ പത്രസമ്മേളനം നടത്തുകയുമുണ്ടായി. രാഹുലിന്‍റെ പ്രസ്താവന വര്‍ഗ്ഗീയത ഉണര്‍ത്തുന്നതാണെന്നും 2019 തെരഞ്ഞടുപ്പിന് മുമ്പ് എന്തങ്കിലും വര്‍ഗ്ഗീയലഹള ഉണ്ടായാല്‍ പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധി ആയിരിക്കും

ഫറാഹ് നക്വി

ഉത്തരവാദി എന്നുമാണ് പ്രതിരോധമന്ത്രി ഉത്തരവാദിത്വം ഒഴിഞ്ഞ് കൈ കഴുകി പ്രസ്താവിച്ചത്.

ഇല്യാസ് മാലിക്

വിദ്യാഭ്യാസവിചക്ഷണന്‍ ഇല്യാസ് മാലിക്, സാമൂഹ്യപ്രവര്‍ത്തക ഫറാഹ് നക്വി, പ്രശസ്ത ചരിത്രകാരന്‍ സെയ്ദ് ഇര്‍ഫാന്‍ ഹബീബ്, അഡ്വക്കേറ്റ് ഇസഡ്.കെ.ഫൈസാന്‍ എന്നിവരുമായായിരുന്നു രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. മുസ്ലീം എന്ന് കേട്ടാലോ ഒരു മുസ്ലീം പേരു കേട്ടാലോ ഹാലിളകുന്ന, വ്യാജപത്രവാര്‍ത്തയില്‍ കുടുങ്ങിയ പ്രധാന, പ്രതിരോധമന്ത്രിമാര്‍ ഇനി വാലൂരാന്‍ എന്തൊക്കെ പരാക്രമം കാട്ടുമെന്ന് കണ്ടറിയാം.

Spread the love