Thursday, January 20

ദേശീയത വളർത്താൻ റയിൽവെ സ്റ്റേഷനുകൾ; 75 റെയിൽവേ സ്റ്റേഷനുകളിൽ നൂറടി ഉയരമുള്ള ദേശീയപതാകാ സ്തംഭം സ്ഥാപിക്കും

മൂവായിരം കോടി രൂപയിലധികം മുടക്കി പട്ടേലിന്റെ പേരിൽ പ്രതിമ നിർമ്മിച്ചതിന് ശേഷം സർക്കാർ പ്രതിമാ നിർമ്മാണത്തിലും സ്തംഭങ്ങൾ നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാമന്റെ പേരിൽ പട്ടേലിനേക്കാൾ ഉയരത്തിലുള്ള പ്രതിമ നിർമ്മാണത്തിന് ഉത്തർപ്രദേശ് സർക്കാർ മുതിരുമ്പോഴാണ് ഇന്ത്യൻ റയിൽവെ രാജ്യത്തെ തിരക്കേറിയ 75 റെയിൽവേ സ്റ്റേഷനുകളിൽ നൂറടി ഉയരമുള്ള ദേശീയപതാകാ സ്തംഭം സ്ഥാപിക്കാനൊരുങ്ങുന്നത്. വൃത്തിയുള്ള ശൗചാലയങ്ങൾ പോലും നൽകാനാവാത്ത റയിൽവേ ആണ് ഇപ്പോൾ പതാക സ്തംഭം സ്ഥാപിച്ച് ദേശീയതയെ വളർത്തുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത്.

വർഷം അമ്പതു കോടി രൂപയെങ്കിലും വരുമാനമുള്ള എ-വൺ സ്റ്റേഷനുകളിലാണ് പതാകാസ്തംഭം വരുന്നത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ പതാകാസ്തംഭം സ്ഥാപിക്കും. റെയിൽവേ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (സ്റ്റേഷനുകളുടെ വികസനം) വിവേക് സക്സേന ഒക്ടോബർ 22-ന് പുറപ്പെടുവിച്ച നിർദേശമനുസരിച്ച് ഇതിനുള്ള പ്രാഥമിക നടപടിക്രമങ്ങൾ തുടങ്ങി.

സ്റ്റേഷനുകളിലെ കണ്ണായ സ്ഥലത്ത് ആളുകളുടെ ശ്രദ്ധയാകർഷിക്കും വിധം പതാകാസ്തംഭം സ്ഥാപിക്കണമെന്നാണ് നിർദേശം. രാത്രിയും ആകർഷകമായി കാണത്തക്കവിധം ദീപ സംവിധാനവും വേണം. റെയിൽവേ സുരക്ഷാ സേനയ്ക്കാണ് സംരക്ഷണ ചുമതല. സ്റ്റേഷൻ നവീകരണത്തിനുള്ള തുകയിൽനിന്ന് ഇതിനു പണം കണ്ടെത്തണമെന്നാണ് നിർദ്ദേശം ഉള്ളത്.

Spread the love
Read Also  ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; അഞ്ച് മരണം

Leave a Reply