Saturday, January 29

മൺസൂൺ കേരളത്തിൽ ശക്തി പ്രാപിച്ചു, അഞ്ചു ദിവസം കൂടി മഴ തുടരും; ഇടുക്കിയിൽ ജാഗ്രത

 

സംസ്ഥാനത്ത് മൺസൂൺ കാലവർഷം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുകയാണ്. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് വിവിധജില്ലകളിലെ മലയോരപ്രദേശങ്ങളിൽനിന്നും മണ്ണിടിച്ചിൽ, കൃഷിനാശം തുടങ്ങിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്. കേരളത്തിൽ എല്ലാ ജലസംഭരണികളിലും ക്രമാതീതമായി  ജലനിരപ്പുയരുകയാണ്.

ഇടുക്കി ഡാമിൽ അധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടിലും പരിസരപ്രദേശങ്ങളിലും പെരിയാർ നദീതീരത്തും ജാഗ്രത തുടരുകയാണ്. പെരിയാർ തീരനിവാസികളായ ഏതാനും കുടുംബങ്ങളെ മുന്കരുതലെന്ന നിലയിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നത്തെ മഴയിൽ ഉയരുന്ന ജലനിരപ്പ് കൂടി കണക്കിലെടുത്ത് മാത്രമേ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയുള്ളൂ. അണക്കെട്ടിലെ ജലനിരപ്പ് 2395.38 അടി ആയി ഉയർന്നു കഴിഞ്ഞു. ഇടുക്കി ഡാമിൽ 2399 അടിയാകുമ്പോൾ മാത്രമേ റെഡ് അലർട്ട് പ്രഖ്യാപിക്കുകയുള്ളൂ

ഇനി അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. അടുത്ത മൂന്നു ദിവസം ശക്തമായ മഴ തുടരും. തീരപ്രദേശങ്ങളിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. മത്സ്യത്തോഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡീഷ തീരത്തെ അന്തരീക്ഷച്ചുഴിയാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

Spread the love
Read Also  മനുഷ്യനിർമ്മിത ദുരന്തമായ മുംബൈ പ്രളയം എന്ന തുടർക്കഥ