Sunday, January 16

ദുരിതബാധിതർക്ക് സഹായമെത്തിക്കുക.

കെ. രാജേഷ് കുമാർ

മുൻപെങ്ങും ഇല്ലാത്ത വിധം മഴയും പ്രളയവും കേരളത്തെ വിഴുങ്ങുന്ന ഈ സാഹചര്യത്തിൽ സാഹിത്യത്തെക്കുറിച്ചെഴുതുന്നത് അർത്ഥശൂന്യമാണ്. സ്വസ്ഥമായ ഒരു സാമൂഹിക ജീവിത സന്ദർഭത്തിൽ ആസ്വദിക്കുവാനും വിചാരിക്കുവാനും വി വാദിക്കാനുമുള്ളതാണ് കലയും സാഹിത്യവുമൊക്കെ.
ഇതെഴുതുമ്പോൾ പമ്പയും പെരിയാറും ഉൾപ്പടെ വലുതും ചെറുതുമായ കേരളത്തിലെ നദികൾ കലി തുള്ളി ഒഴുകുകയാണ്. ദീർഘകാലം പമ്പാതീരത്ത് ആറ്റുതിട്ടയിൽ ജീവിച്ച ആളാണ് ഇതെഴുതുന്നത്. അതിനാൽ ആറിനെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കുറിച്ചും അനുഭവജ്ഞാനമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ പെരുത്ത മഴ കണ്ടപ്പഴേ വലിയ വെള്ളപ്പൊക്കത്തിന്റെ ലക്ഷണം ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തെ എങ്ങനെ നേരിടണമെന്ന് പല തരം മുന്നറിയിപ്പുകൾ സോഷ്യൽ മീഡിയ ഉൾപ്പടെ പല മാർഗ്ഗങ്ങളിലൂടെ ഞങ്ങളെ പോലുള്ളവർ പറഞ്ഞു കൊണ്ടിരുന്നു. സർക്കാർ സംവിധാനങ്ങളും അതു തന്നെ ചെയ്തിരുന്നു.
പക്ഷേ വെള്ളം കയറാൻ സാധ്യതയുണ്ടായിരുന്ന പലയിടങ്ങളിലെയും ആളുകൾ ഇതൊക്കെ അവഗണിച്ചു. ഇരു നില വീടുകൾ ഉള്ളവർ ഫസ്റ്റ് ഫ്ലോറിൽ വെള്ളം കയറില്ല എന്ന ധാരണയിൽ വീട്ടിൽ തന്നെ ഇരുന്നു. തങ്ങളുടെ ജീവിത സമ്പാദ്യം മുഴുക്കെ വീടിനു ചെലവഴിച്ചവർക്ക് വീടു വിടാൻ മടി തോന്നുക സ്വാഭാവികം.


പക്ഷേ, അതിനു കനത്ത വിലയാണ് നൽകേണ്ടി വരുന്നത്. വീടുകളിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുവാൻ രക്ഷാ പ്രവർത്തകർക്ക് സാഹസിക യജ്ഞമാണ് ചെയ്യേണ്ടി വരുന്നത്. പമ്പയിൽ റാന്നി വരെയുള്ള ഭാഗങ്ങളിൽ രാത്രിയിലാണ് വെള്ളം പെരുകിയത്. അവർക്കു മാറാൻ സമയം കിട്ടിയിരുന്നില്ല. എന്നാൽ കോഴഞ്ചേരി , ആറൻമുള ,ചെങ്ങന്നൂർ ഭാഗങ്ങളിലെ ആളുകൾക്ക് മാറാൻ പകൽ സമയം ഉണ്ടായിരുന്നു. എന്നിട്ടും പലരും വെള്ളം വലുതായി പൊങ്ങില്ല എന്ന അമിത സ്വയം വിശ്വാസത്തിൽ വീട്ടിലിരുന്നു. പിന്നീട് വേവലാതി പെടുകയും ചെയ്തു.
ഇതെഴുതുമ്പോഴും രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്. അതാതു പ്രദേശത്തുള്ള ചെറുപ്പക്കാർ ആദ്യഘട്ടം മുതലേ രക്ഷാ സഹായം ചെയ്തു കൊണ്ടിരിക്കുന്നു. വെള്ളപ്പൊക്കത്തിന്റെ ഏറ്റവും വലിയ പ്രശ്നം നീന്തറിയാത്തവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ്. ഇപ്പോൾ കേന്ദ്രസേന ഉൾപ്പടെ വിവിധ സർക്കാർ വിഭാഗങ്ങൾ ഹെലികോപ്ടറുകളും ബോട്ടുകളും ഒക്കെ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ വൻതോതിൽ നടത്തുകയാണ്. കുടുങ്ങിക്കിടക്കുന്ന എല്ലാവരും രക്ഷപെടുമെന്ന് കരുതാം.


ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരങ്ങളാണ് കഴിയുന്നത്. ഇവിടെയും റവന്യൂ വകുപ്പ് ജീവനക്കാർ ഉൾപ്പടെ നിരവധി പേർ ഇരുപത്തിനാലു മണിക്കൂറും ജോലി എടുക്കുകയാണ്. അവധിയൊക്കെ കിട്ടുന്ന വിദ്യാഭ്യാസ വകുപ്പിലെ ഇതര ജീവനക്കാരും സർക്കാർ ആവശ്യപ്പെടാതെ തന്നെ ഈ ഉദ്യോഗസ്ഥരെ സഹായിക്കേണ്ടതാണ്.
സേഫ് സോണിലിരിക്കുന്നവരെല്ലാം അവരവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്യേണ്ടതുണ്ട്. ദുരിതബാധിതരോട് ഐക്യപ്പെടണം. ദുരിതത്തെ അതിജീവിക്കാൻ ഏവരും ഒന്നാകണം. അതാണ് മനുഷ്യത്വം .മനുഷ്യത്വം ആണ് സാഹിത്യത്തിന്റെ കൊടിപ്പടം. ആ കൊടിപ്പടം കീറി, ഒടിഞ്ഞു പതിക്കാതെ സംരക്ഷിക്കാം. നമുക്കേവർക്കും ഒന്നു ചേർന്ന് .

 

Spread the love
Read Also  നോവൽ: സിദ്ധിയും സാധനയും