കേരളത്തിൽ നിന്നും മഴ മേഘങ്ങൾ അകലുന്നതായി കാലാവസ്ഥാനിരീക്ഷണവകുപ്പിൻ്റെ പ്രവചനം. സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘാവരണം കേരള തീരത്തുനിന്ന് അകലുന്നു. പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറഞ്ഞു. ന്യൂനമര്‍ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണ് പ്രവചനം.

വടക്കൻ ജില്ലകളെയാകമാനം ദുരിതം വിതച്ച മഴ അകലുകയാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാപഠന വകുപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേരളത്തിന്റെ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്ക് മാറിയിട്ടുണ്ട്. ഉത്തരേന്ത്യയ്ക്ക് മുകളില്‍ രൂപമെടുത്ത ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഇതാണ് കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമാകുന്നത്.

പ്രവചനം പുറത്തുവന്നതോടെ അതിതീവ്രമായ മഴ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു. ഒറ്റപ്പെട്ട കനത്ത മഴയോ, വ്യാപകമായ ചെറിയ മഴയോ പെയ്യാനേ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇത്തരത്തില്‍ മഴ തുടരും. നാളെ വൈകുന്നേരത്തോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്നും വകുപ്പ് വിലയിരുത്തുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് രാത്രിയോടെയും വടക്കന്‍ ജില്ലകളില്‍ നാളെയോടെയും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ കേരള വെതറും പ്രവചിക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന മഴ ഇന്ന് രാത്രി മുതല്‍ തെക്കന്‍, മധ്യ കേരളത്തിലും നാളെ വൈകിട്ടോടെ വടക്കന്‍ ജില്ലകളിലും കുറയും. ന്യൂനമര്‍ദ്ദം ദുര്‍ബലാവസ്ഥയില്‍ തുടരുകയാണ്. കാറ്റിന്റെ ഗതിയില്‍ മാറ്റവും വേഗതയില്‍ കുറവും സംഭവിക്കുന്നുണ്ട്. മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴികെ അതിശക്തമായ മഴ അടുത്ത 24 മണിക്കൂറില്‍ കാണുന്നില്ല. പ്രളയഭീഷണി ഇനിയില്ല. മാലദ്വീപിന് സമീപം ഒരു ന്യൂനമര്‍ദ്ദ സാധ്യത അടുത്ത ദിവസം കാണുന്നുണ്ടെങ്കിലും അത് രൂപപ്പെടാനുള്ള സാധ്യത കാണുന്നില്ലെന്ന് പറയുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കേന്ദ്ര സർക്കാർ വാദങ്ങൾ തെറ്റ്; യുപിഎ സർക്കാർ വിദേശ ധനസഹായം സ്വീകരിച്ചിരുന്നു; വിദ്വേഷം പ്രചരിപ്പിക്കാൻ ജനം ടിവിയും

LEAVE A REPLY

Please enter your comment!
Please enter your name here