പുത്തൻ കഥകൾ ഭൂമിയുടെ രാഷ്ട്രീയം കൂടെ ചർച്ചചെയ്യുന്നുണ്ട് എന്നത് ശുഭകരമായ മുന്നേറ്റമാണ്. നഗരങ്ങളിലെ പോസ്റ്റ് മോഡേണിസത്തെ ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്കും, പ്രകൃതിയിലേക്കും കഥാപശ്ചാത്തലങ്ങൾ മടങ്ങിത്തുടങ്ങിയിരിക്കുന്നത് വീണ്ടും അരികുവൽക്കരിക്കപ്പെട്ട ഭൂമിനൻമകളിലേക്കുള്ള കുടിയേറ്റംകൂടെയാണെന്ന് പ്രത്യാശിക്കാം. അത്തരത്തിലെ മൂന്ന് കഥകൾ ഇന്ന് ചിന്തയ്ക്കെടുക്കുന്നു.

മായൻതുരുത്ത് (കഥ മാസിക)
……………………………….
ശ്രീ. കെ.വി.മോഹൻകുമാറിന്റെ ‘മായൻതുരുത്ത് ‘ വായനയുടെ ഒരു അനുഭവത്തുരുത്തിലൂടെ ദൃശ്യങ്ങൾ നുകർന്നുകൊണ്ട്, നിരന്തര സംഭാഷണങ്ങളുടെ മുത്തുകളാൽ മാല കോർത്തുകൊണ്ട് ചുറ്റിത്തിരിയുന്നതിനായി ഒരു തുരുത്തനുഭവം അനുവാചകനായി പകർന്നുവയ്ക്കുന്ന കഥയാണ്. തുടക്കത്തിലേ തിരിച്ചറിയാനാവുന്ന ഒരു സസ്പെൻസ് വായനക്കാരൻ മണത്തറിയുമെങ്കിലും ആ ലക്ഷ്യത്തിലെങ്ങനെയെത്തിയെന്നറിയാൻ അതിവേഗകൃഷ്ണമണിസഞ്ചാരം വരികളിലൂടെ നടത്താതെ വയ്യ എന്ന അവസ്ഥ ജനിപ്പിക്കാൻ കഥാകൃത്തിനായി.
അത്യാകർഷകമായ അവതരണശൈലിയിലൂടെ കഥാകാരൻ, വിനയനും മായണ്ണനും സലോമിക്കുമൊപ്പം വായനക്കാരെ അനുധാവനം ചെയ്യിക്കുന്നു. മായന്റെ ലോകം ദുർഗ്രഹതയുടേയും ഒറ്റപ്പെട്ട കഥകളുടേയും തുരുത്താണെന്ന് വിനയനൊപ്പമാണ് വായനക്കാരും തിരിച്ചറിയുന്നത്.

മായനെന്ന വാടകക്കൊലയാളിയുടെ പ്രകൃതം വിനയനും മായനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെത്തന്നെ നമുക്ക് അനാവൃതമായിക്കിട്ടുന്നു. എന്നല്ലാ, ഏറെക്കുറെ കഥാംശങ്ങളെല്ലാം സംഭാഷണങ്ങളിലൂടെയാ വെളിച്ചം കാണുന്നത്. ഒരു തുരുത്തിന്റെ ദൃശ്യഭംഗികളിലൂടെ കടന്നുപോകുന്ന വായനക്കാരൻ സംഭാഷങ്ങളുടെ ഇടമുറിയാതുള്ള മുന്നേറ്റത്തിൽ കഥ രൂപപ്പെടുത്തുകയാണ്. വായനക്കാരനറിയാം, വിനയൻ എന്തിലേക്കാണ് നടന്നു കയറുന്നതെന്ന്. മായൻ പ്രതിലോമ നായകനായിത്തീരുന്ന കഥയിൽ മായണ്ണൻ നല്ലവനാണെന്ന് സലോമി പറയുന്നത് ഗൗനിക്കാതെ മുന്നേറുന്ന വായനക്കാരൻ വിനയന്റെ മരണം സുനിശ്ചിതപ്പെടുത്തുന്നു.എന്നാൽ ഒരു ചെറിയ ട്വിസ്റ്റെന്നോണം വായനക്കാരനെ അമ്പരപ്പിച്ചു കൊണ്ട് വിനയന്റെ എഴുത്തിന്റെ കൈ നഷ്ടപ്പെടുമ്പോൾ കഥാകാരൻ കാലിക വ്യവസ്ഥിതിയിൽ ചോദ്യച്ചിഹ്നം അടയാളപ്പെടുത്തുന്നു.

നീതിരഹിതലോകത്തിൽ സത്യസന്ധമായ വിളിച്ചുപറയലുകളുടെ ജിഹ്വകളുടെ കടയ്ക്കൽ കത്തിവീഴുന്നതെങ്ങനെയെന്ന് ഒരു ഇലയടർന്നുവീഴുന്ന അനായാസതയോടെ അവതരിപ്പിക്കാനുള്ള കഥാകാരന്റെ പാടവം വെളിച്ചപ്പെടുന്ന കഥ കൂടെയാണ് മായൻതുരുത്ത് .തീക്ഷ്ണവർണ്ണങ്ങളൊന്നും ചാലിച്ചില്ലെങ്കിലും സൗമ്യഹരിതാഭയിൽ ക്രമാനുഗതം മുന്നേറുന്ന മായൻതുരുത്ത് പ്രമേയത്തിന് തെരഞ്ഞെടുത്ത പശ്ചാത്തലത്തിന്റെ സൗകുമാര്യംകൊണ്ടാണ് വേറിട്ട ചിത്രം ചമയ്ക്കുന്നത്.

വൈദ്യര്പറമ്പ് (ചന്ദ്രിക )
……………………….
ശ്രീ.സുനുവിന്റെ ‘വൈദ്യര്പറമ്പ് ‘ സോദ്ദേശ്യ പരിസ്ഥിതി കഥ എന്നു വിശേഷിപ്പിക്കാവുന്ന കഥയാണ്. എല്ലാവരുടേയും സ്വന്തമായ ഭൂമി ചിലരുടെമാത്രം കൈപ്പിടിയിലാകുകയും സ്വാർത്ഥതയുടെ വാളാൽ പരുക്കേൽക്കപ്പെടുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലങ്ങൾ അനാവരണം ചെയ്യുന്ന വൈദ്യര് പറമ്പ് ശാന്തിവനത്തിന്റെ കാലിക പ്രതിസന്ധികൾ ഓർമ്മിപ്പിക്കുന്നുണ്ട്.

തലമുറകളായി പൊതുമുതലെന്ന നിലയ്ക്ക് ഭൂമിയുടെ അവകാശികളായ സർവ്വജീവജാലങ്ങളുടേയും ആവാസ ഭൂമിയായ വൈദ്യര് പറമ്പിൽ സ്വാർത്ഥതയുടെ മഴു പതിക്കുമ്പോൾ പരിസ്ഥിതിപക്ഷത്തുനിൽക്കാൻ അതിന്റെ ഗുണഭോക്താക്കളിൽ നാൽവർ സംഘം മാത്രമാണുണ്ടാകുന്നത്. ബാക്കി മുഴുവൻ പേരും വൈറ്റ് ആന്റ് വൈറ്റ് പുറമേയക്കുമാത്രം ധരിച്ച ഒറ്റുകാരന്റെ പക്ഷത്തുനിന്ന് വലിയ വണ്ടി അടയാളംപോലും ബാക്കിയാക്കാതെ, നിസ്സാരമായി മരങ്ങളെ കൊന്നൊടുന്നത് കണ്ടു രസിക്കുന്നു.

വരുംതലമുറയുടെ പ്രതീകമായ നടക്കാൻ പഠിച്ചുതുടങ്ങിയ കുട്ടി ഭയന്ന് അമ്മയുടെ സുരക്ഷിതത്വത്തിലേക്ക് മടങ്ങുന്നു. പഠിപ്പും വിവരവുമില്ലാത്ത നാൽവർ സംഘത്തിന് ഭൂമി അന്യാധീനപ്പെടുകയും നശിക്കുകയും ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉള്ള ബോദ്ധ്യം മറ്റാരേക്കാളുമുണ്ടെന്നുള്ള നേരറിവ് പ്രതിബദ്ധത കൂടുന്തോറും പ്രതികരണശേഷി നഷ്ടപ്പെടുന്ന ആധുനിക സമൂഹത്തിന് നേരേ എറിയുന്ന ചോദ്യക്കാളുത്താകുന്നു.

Read Also  ഹെൻസ് യൂ കാൻ കോൾ മി ; ഗോവിന്ദ് ആർ കുറുപ്പിൻ്റെ കഥ

പരിസ്ഥിതി സ്നേഹികൾക്കൊപ്പം പലായനം ചെയ്യാൻ വെമ്പുന്ന സർവ്വജീവജാലങ്ങളുടേയും ഭാരം താങ്ങാനാവാതെ മുന്നിലേക്കു വലിഞ്ഞിഴഞ്ഞു നീങ്ങുന്നതും ഒടുവിൽ സാദ്ധ്യമാവാതെ സ്വയം കാടായി രൂപപ്പെടുന്നതും സ്വപ്നം കാണുന്ന പരിസ്ഥിതി സ്നേഹിയായ ഗോപാലൻഉണർച്ചയിൽ നിസ്സഹായമായ ഒറ്റപ്പെടൽ തിരിച്ചറിഞ്ഞ് സ്വയം ജീവിതത്തിൽ നിന്ന് പലായനം ചെയ്യാൻ ഒരുമ്പെടുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു.

മനുഷ്യൻ ഭൂമിയിൽ ചെയ്തുവയ്ക്കുന്ന അസമത്വ വഴികളെയെല്ലാം ഗൂഢമായി ചോദ്യം ചെയ്യുന്ന വൈദ്യര്പറമ്പ് ഒരു പരിസ്ഥിതികഥയെന്നതിലുപരി ഭൂമിപക്ഷരചനയാണ്. ആർഭാടങ്ങളൊന്നുമില്ലാത്ത ഭാഷയിൽ കഥയിലേക്കു നടന്നു കയറിയ കഥാകൃത്ത് ഒരു പ്രതീക്ഷയാകുന്നുണ്ട്.

തക്കക്കേട് (കേരളകൗമുദി ആഴ്ചപ്പതിപ്പ്)
…………………………………….
ശ്രീ.റോയി കോശി റോയിയുടെ ‘തക്കക്കേട് ‘ എന്ന കഥ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ കഥയാണ്. പൗർണ്ണമിശേഷമുള്ള നാളുകളിൽ പുഴകളിലെ ജലം കടൽ സ്വീകരിക്കാതിരിക്കുന്ന അവസ്ഥയാണ് മത്സ്യത്തൊഴിലാളികളുടെ ഭാഷയിൽ തക്കക്കേട്. വെള്ളപ്പൊക്കത്തിനകത്തും പുറത്തുമായി സംഭവിച്ച കഥയായതിനാലാവാം ഇത്തരം ഒരു പേര് തെരഞ്ഞെടുത്ത തെങ്കിലും കഥയുടെ ഉള്ളറകൾക്ക് വളർച്ച മുറ്റുന്നത് പ്രളയകാലത്തിനപ്പുറത്താണ്.

പ്രളയകാലത്തെ പമ്പ ജോസേട്ടന്റെ വീട്ടിനെ ഒറ്റപ്പെടുത്തുന്നതും മകനും വധുവും മരണപ്പെട്ടശേഷം ഏകാന്തജീവിതം തള്ളിനീക്കുന്ന ആ കോളേജ് അദ്ധ്യാപകർ കിട്ടുണ്ണി എന്ന പട്ടിയേയും കുഞ്ചിത്തത്തയേയും സ്നേഹിച്ച് ഇഷ്ട വിഷയങ്ങളിൽ ചർച്ചയും വായനയുമായി സമയം പോക്കുന്നതും പ്രളയ സമയത്ത് ഹൃദയാഘാതത്താൽ റാണിട്ടീച്ചർ മരണപ്പെടുന്നതും, മൃതദേഹത്തോടൊപ്പം കഴിഞ്ഞ് ഒടുവിൽ രക്ഷാസൈന്യം ജോസേട്ടനേയും പട്ടിയേയും രക്ഷപ്പെടുത്തുന്നതോടെ ഒന്നാം ഘട്ടം കഴിയുന്നു.

ഒറ്റപ്പെട്ട ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ, പിരിയാതെ കൂട്ടുനിന്ന പട്ടിയെയും വീടിനെയും ഉപേക്ഷിച്ച് കഴുകൻമലയിൽ പ്പോയി കഴുകൻമാർക്ക് ഭക്ഷണമായി അവസാനിക്കാൻ തീരുമാനിക്കുന്ന ജോസേട്ടൻ മരണപ്പെട്ടവരുടെ ഓർമ്മപ്പെടുത്തലിൽ കിട്ടുണ്ണിയുടെ സ്നേഹം എന്ന ചെറുനാളത്തെ മനസ്സിൽ തെളിച്ച് ജീവിതത്തിലേക്ക് മടങ്ങിപ്പോവുന്നു.

സാധാരണ പ്രമേയം അരോചകമാകാതെ പറഞ്ഞു പോകുന്ന കഥാകാരന് കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങൾ ഒരു പരിധിവരെയേ വായനക്കാരിലേക്ക് സംക്രമിപ്പിക്കാൻ സാധിച്ചുള്ളു എന്നു പറയാം. ‘വെള്ളപ്പൊക്കത്തിൽ ‘ എന്ന പ്രശസ്ത ചെറുകഥയെ ഓർമ്മിപ്പിക്കുന്നുണ്ട്, പ്രമേയം. ആലങ്കാരിക ഭാഷാ പ്രൗഢിയൊന്നുമില്ലെങ്കിലും സാധാരണ വായനക്കാരനെ തൃപ്തിപ്പെടുത്താനുള്ള മൂലകങ്ങൾ കഥയിലുണ്ട്. അനുഭവകഥയുടെ ആവിഷ്കാരത്തിൽ നിന്ന് കഥയുടെ തട്ടകത്തിലേക്കെത്താൻ കഥാകൃത്ത് ചില പടമുകൾകൂടെ കയറേണ്ടതുണ്ട്. എങ്കിലും പ്രളയവുമായി ബന്ധപ്പെട്ട് ചിതറിപ്പോയ സ്നേഹക്കടലുകൾ വലിച്ചെടുക്കാതെ പോയ ദുരന്തപ്പുഴകളിലെ വെള്ളപ്പൊക്കത്തെ ആവിഷ്കരിക്കാൻ ‘തക്കക്കേട്’ പരിശ്രമിച്ചിട്ടുണ്ട്. പരന്നുപോയ കഥാപശ്ചാത്തലത്തെ ഒന്നുകൂടി ഒതുക്കിയെടുത്ത്, വിവരണാത്മകശൈലി ഒഴിവാക്കി അവതരിപ്പിച്ചാൽ ഈ കഥ വായനക്കാരിൽ കൂടുതൽ വൈകാരികസമ്മർദ്ദം സൃഷ്ടിച്ചേനേ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here